ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് മോഹിത് അബ്രോള്‍. സീരിയല്‍ നടി തന്നെയായ മാനസി ശ്രീവാസ്തവയുമായുള്ള താരത്തിന്റെ വിവാഹ വാര്‍ത്തകളും നിശ്ചയ ചടങ്ങുകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിരുന്നു. എന്നാല്‍ മാനസിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അത് അറിഞ്ഞ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും തരത്തില്‍ മോഹിത് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ഇട്ടു. എന്നാല്‍ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുള്ളവര്‍ ഏറ്റെടുക്കുകയും ചര്‍ച്ചയാക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നും ആ കുറിപ്പ് താന്‍ എഴുതിയതല്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹിത്.
മാനസിയെ മോശക്കാരിയാക്കാന്‍ വേണ്ടി ആരോ മെനഞ്ഞെടുത്ത കഥയാണ് ഇതെന്ന് മോഹിത് പറയുന്നു. ആ പോസ്റ്റിലുണ്ടായിരുന്ന കാര്യങ്ങള്‍ ഒന്നും സത്യമല്ല. ആ രീതിയില്‍ പോസ്റ്റ് ഇട്ട ആളോട് തനിക്ക് ദേഷ്യവും വെറുപ്പുമുണ്ടെന്നും മോഹിത് വ്യക്തമാക്കി. വാര്‍ത്ത ഞങ്ങളുടെ കുടുംബത്തേയും ഞങ്ങളേയും ബാധിച്ചെന്നും ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ മോഹിതിന്റെ അക്കൗണ്ടുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.
മാനസിക്ക് മറ്റൊരാളുമായി ഉള്ള ബന്ധം താന്‍ അറിഞ്ഞെന്നും അതു കൊണ്ട് താന്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും മൂന്ന് ദിവസത്തിന് ശേഷമാണ് എഴുന്നേറ്റതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. തന്നെ ചതിച്ചതിന് മാനസി അനുഭവിക്കുമെന്നും താരം പോസ്റ്റില്‍ കുറിച്ചിരുന്നു.