മലയാളികളുടെ പ്രിയപ്പെട്ട താരം റിമി കൈവയ്ക്കാത്ത മേഖലകള്‍ ഇല്ല എന്നു തന്നെ പറയാം. ഗായിക അവതാരക നടി ഒക്കെ പുറമേ ഒരു യൂട്യൂബറും കൂടിയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെ പാചക വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. സിനാമാതാരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ താരത്തിന്റെ റസിപ്പികളെക്കുറിച്ച് വാചാലരാകാറുണ്ട്. ഇപ്പോള്‍ ചില്ലിചിക്കന്‍ വീഡിയോയുമായി എത്തിയിരിക്കയാണ് താരം. എല്ലാ ദിവസവും കഴിക്കാന്‍ പറ്റുന്നത് അല്ലെങ്കിലും വല്ലപ്പോഴും പരീക്ഷിക്കാവുന്ന രുചിക്കൂട്ടാണിതെന്നും റിമി പറയുന്നു. മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരിം അതിഥിയായി വീഡിയോയില്‍ എത്തിയിരുന്നു. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒപ്പം റിമിയുടെ റെസിപ്പിയും. റെസിപ്പി ഇങ്ങനെയാണ്.
റസ്റ്ററന്റ് സ്റ്റൈല്‍ ചില്ലി ചിക്കന്‍ വിത്ത് ഫ്രൈഡ് റൈസ്
ചെറുതായി മുറിച്ചെടുത്ത ചിക്കനില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക്പൊടി, ഉപ്പ്, വിനാഗിരി, ഒരു മുട്ട പൊട്ടിച്ചത്, കോണ്‍ഫ്ലോര്‍, മൈദ, ഒലിവ് ഓയില്‍ എന്നിവ തിരുമ്മി ഒരു മണിക്കൂര്‍ വയ്ക്കുക.ശേഷം വെളിച്ചെണ്ണയില്‍ ചിക്കന്‍ വറുത്ത് കോരി എടുക്കാം
സോസ് മിക്സ് ചെയ്യാന്‍
ഒരു ബൗളില്‍ ഒരു കപ്പ് വെള്ളം എടുത്ത് അതില്‍ ഒരു സ്പൂണ്‍ വിനാഗിരി, സോയാസോസ്, റെഡ് ചില്ലി സോസ്, ടുമാറ്റോ കെച്ചപ്പ്, ഒരു സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് എന്നിവ യോജിപ്പിച്ച് എടുക്കണം.
പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞ സ്പ്രിങ് ഒനിയന്‍ ലീവ്സ് തണ്ട്, പച്ചമുളക്, കുരുമുളക് പൊടി,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, സവാള,കാപ്സിക്കം എന്നിവ ചേര്‍ത്ത് വഴറ്റി എടുക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന സോസ് ചേര്‍ക്കാം. ഇതിലേക്ക് അല്‍പം പഞ്ചസാരയും ആവശ്യമെങ്കില്‍ പകുതി ചിക്കന്‍ സ്റ്റോക്കും ചേര്‍ക്കാം. വറുത്ത് വച്ച ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങാം.
ബിരിയാണി റൈസ്
എണ്ണയൊഴിച്ച് ചൂടാക്കിയ പാനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള, കാപ്സിക്കം, കാബേജ്, കാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്ത് വഴറ്റി എടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബസ്മതി റൈസ് ചേര്‍ക്കാം. മുകളില് അല്‍പം വിനാഗിരി, സോയസോസ്, ആവശ്യത്തിന് നെയ്യ്, കശുണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ക്കാം. ആവശ്യമെങ്കില്‍ കുറച്ച് വെള്ളം തളിച്ച് നന്നായി യോജിപ്പിച്ച് വിളമ്പാം.