ജോഷി നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസി'ന്റെ ട്രെയിലര്‍ ലോഞ്ചും വ്യത്യസ്ത നിലനിര്‍ത്തുന്നതായിരുന്നു.കൊച്ചി ലുലു മാളില്‍ ഇതുവരെ നടന്ന എല്ലാത്തരം സിനിമാ പ്രൊമോഷന്‍ പരിപാടികളെയും ജനപങ്കാളിത്തം കൊണ്ട് മറികടക്കുന്നതായിരുന്നു ജോഷി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച്. മോഹന്‍ലാല്‍ നേരിട്ടെത്തി പുറത്തിറക്കിയ ട്രെയിലറിന് പുറമേ 35 ഓളം താരങ്ങള്‍ ഒരേ സമയം ഫേസ്ബുക്കിലൂടെയും ട്രെയിലര്‍ പുറത്തിറക്കി.
ജോഷിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ തുടങ്ങിയവരൊക്കെ സാന്നിധ്യത്തിലാണ് ഇന്നലെ പരിപാടി നടന്നത്. ജോഷിക്കൊപ്പം വേദി പങ്കിട്ട മോഹന്‍ലാല്‍ സിനിമ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്.
ലുലു മാളിലെ ഒഫിഷ്യല്‍ ലോഞ്ചിന്റെ സമയത്തുതന്നെ മലയാളത്തിലെ 34 താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയും ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി മക്കള്‍സെല്‍വന്‍ വിജയ് സേതുപതി, ദിലീപ്, ജയറാം,പ്രിത്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍,വിനായകന്‍,സൗബിന്‍, ജയസൂര്യ,വിനീത് ശ്രീനിവാസന്‍ ,അനൂപ് മേനോന്‍, അജു വര്‍ഗീസ്,ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത് സുകുമാരന്‍,ആന്റണി വര്‍ഗീസ്,വിനയ് ഫോര്‍ട്ട്,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യര്‍, മിയ, ഹണി റോസ്, നിമിഷസജയന്‍, രജിഷ വിജയന്‍, അപര്‍ണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്താണ് ട്രെയ്ലര്‍ പുറത്തു വിട്ടത്.
ചിത്രത്തിന്റെ എന്റര്‍ടെയ്‌നര്‍ സ്വഭാവം വിളിച്ചുപറയുന്നതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് എത്തുന്നത്. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ ആണ് നിര്‍മ്മാണം. ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിങ് ശ്യാം ശശിധരന്‍. ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിലെത്തുന്നത്.