മിനി സ്ക്രീനിലെ മമ്മൂട്ടി! ദൂരദര്ശന് സീരിയലുകളുടെ പ്രതാപകാലത്ത് രവി വള്ളത്തോളിനെ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു ലേഖനത്തില്‍ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. ശ്രീഗുരുവായൂരപ്പന്, വസുന്ധര മെഡിക്കല്‍സ്, ജ്വാലയായ്, മണല്‍സാഗരം, പാരിജാതം, അമേരിക്കന്‍ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും രവി ശ്രദ്ധേയനായി. വയലാര്‍ മാധവന് കുട്ടിയും മധുമോഹനും അടങ്ങുന്ന അന്നത്തെ മെഗസ്സീരിയില് സംവിധായകരുടെ സ്്ഥിരം നടന് ആയിരുന്നു രവി. നൂറോളം സീരിയലുകളിലാണ് അദ്ദേഹം വേഷം മിട്ടത്. അതില്‍ നാലപ്പതിലേറെ മെഗാ പരമ്പരകള്‍ ആയിരുന്നെന്ന് ഓര്‍ക്കണം. അതുകൊണ്ടുതന്നെ ്കേരളത്തിലെ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചതമായ മുഖമാണ് ഇന്ന് വിടപറഞ്ഞത്.
സീരിയിലില്‍ കിട്ടിയ നല്ല വേഷങ്ങളും ഒന്നും അദ്ദേഹത്തിന് ചലച്ചിത്രത്തില്‍ കിട്ടിയില്ല. അമ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടുവെങ്കിലും എല്ലാം കൊച്ചുകൊച്ചു റോളുകള്‍ ആയിരുന്നു. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനിലെ കാമുകന്, കമ്മീഷണറില്‍ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് ചോദിച്ച് സുരേഷ് ഗോപി അലറുന്ന അച്ചാമ്മ വര്‍ഗീസിന്റെ ഭര്‍ത്താവായ കേന്ദ്രമന്ത്രി തുടങ്ങിയ ഏതാനും വേഷങ്ങള്‍ മാത്രമാണ് ഓര്‍മ്മയില്‍ നില്‍ക്കുന്നത്. സര്‍ഗം, ഗാഡ്ഫാദര്‍, വിഷ്ണുലോകം, മതിലുകള്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഓര്‍മ്മിക്കത്തക്കതാണ്.
മിക്ക ചിത്രങ്ങളിലും സ്വാതികനായ ഒരു വേഷമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. വ്യക്തി ജീവിതത്തിലും രവി അതുപോലെ തന്നെയായിരുന്നു. അടുര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലെയും സാന്നിധ്യമായിരുന്നു രവി വള്ളത്തോള്‍. അടൂരിന്റെ ഏഴുസിനിമകളിലാണ് ഇദ്ദേഹം വേഷമിട്ടത്. ടി.വി. ചന്ദ്രന്, എംപി. സുകുമാരന്‍ നായര്‍ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. 1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി 'താഴ്വരയില് മഞ്ഞുപെയ്തു' എന്ന ഗാനം എഴുതി രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങിയത്. 1986-ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റേതായിരുന്നു.
1986-ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത 'വൈതരണി' എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. മാര്‍ ഇവായിനിയോസ് കോളജില്‍നിന്ന് ഡിഗ്രിയും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് പിജിയും നേടിയ ഇദ്ദേഹം വിദേശത്തും ദൂരദര്‍ശന്റെ വാര്‍ത്താ വിഭാഗത്തിലും ജോലി നോക്കവെയാണു 'വൈതരണി' എന്ന തന്റെ സീരിയലില്‍ അഭിനയിക്കാന്‍ പി. ഭാസ്കരന് ക്ഷണിക്കുന്നത്.
രവിയുടെ അച്ഛന് ടി.എന്‍. ഗോപിനാഥന് നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ.ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത് 1987-ല്‍ ഇറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ.എഴുത്തുകാരന് കൂടിയായ രവിവള്ളത്തോള്‍ ഇരുപത്തിഅഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നാടകാചാര്യന് ടി. എന്‍.ഗോപിനാഥന് നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി 'തണല്‍' എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്. അങ്ങനെ സമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഒരു നിറസാന്നിധ്യം കൂടിയാണ് ഇന്ന് അസ്തമിക്കുന്നത്.