ദാനവും കാരുണ്യവും എല്ലാം രഹസ്യമായിരിക്കണം. അതുകൊണ്ടു തന്നെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ആയിരക്കണക്കിനു പേര്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ പേരിനും പ്രശസ്തിയ്ക്കും വേണ്ടി നാടൊട്ടാകെ പരസ്യം ചെയ്യുന്നവരും ഉണ്ട്. അക്കൂട്ടര്‍ക്കിടയില്‍ വ്യത്യസ്തരാവുന്നവരാണ് നടന്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ള സിനിമാ താരങ്ങള്‍. ഓരോ വര്‍ഷവും തങ്ങള്‍ സമ്പാദിക്കുന്നതില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ദുരിതവും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്കായി ഇവര്‍ മാറ്റിവയ്ക്കുന്നത്.
ഏതെങ്കിലും ഒരു സിനിമാക്കാരന്റെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഇവിടുത്തെ മുന്‍നിര താരങ്ങള്‍ ഒന്നും ചെയ്തില്ലേ.. സഹായിച്ചില്ലേ തുടങ്ങിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ടെങ്കിലും അതിനോടെല്ലാം മൗനം പാലിക്കുന്ന താരങ്ങള്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും വലിയൊരു ഭാഗം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നുണ്ട് എന്നതാണ് സത്യം. അതാരോടും വിളിച്ചു പറയാനും അതിന്റെ പേരില്‍ കിട്ടുന്ന പ്രശസ്തി സ്വന്തമാക്കാനും അവര്‍ ആഗ്രഹിക്കുന്നില്ലെന്നു മാത്രം. എങ്കിലും പലപ്പോഴും അവരുടെ സഹായങ്ങള്‍ ലഭിക്കുന്ന പാവങ്ങള്‍ നിറകണ്ണുകളോടെ പറയുന്നത് വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ, മലപ്പുറം കുറ്റിപ്പുറത്തെ ഒരു കുടുംബമാണ് നടന്‍ മമ്മൂട്ടി അവരുടെ ദുരിതകാലത്ത് ദൈവത്തെ പോലെ മുന്നില്‍ പ്രത്യക്ഷപ്പെട്ട കഥ പറയുന്നത്. 15 വര്ഷം മുമ്പാണ് പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയ്്ക്ക് മമ്മൂട്ടിയുടെ സഹായം ലഭിച്ചത്. അന്ന് ഹൃദ്രോഗം ബാധിച്ച് ചികിത്സയ്ക്കു പണമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് കിടക്കുകയായിരുന്നു അപ്പുണ്ണി. മക്കളെല്ലാം വളര്‍ന്നു വരുന്നതേയുള്ളൂ. അവരുടെ ഭാവിയും ജീവിതവും എല്ലാം നോക്കേണ്ട കാലത്താണ് അപ്പുണ്ണി ഹൃദ്രോഗം ബാധിച്ച് അവശനിലയിലായത്. ഇക്കാര്യം എങ്ങനെയോ മലപ്പുറത്തുള്ള ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിഞ്ഞു. തുടര്‍ന്ന് അവരാണ് മമ്മൂട്ടിയെ വിവരം ധരിപ്പിച്ചത്. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. മമ്മൂട്ടിയുടെ ഇടപെടലില്‍ അപ്പുണ്ണിക്ക് ഹൃദയ ശസ്ത്രക്രിയക്ക് വഴിയൊരുങ്ങി.
തികച്ചും സൗജന്യമായാണ് അന്ന് അപ്പുണ്ണിയുടെ മുഴുവന്‍ ചികിത്സയും ലഭിച്ചത്. 15 വര്‍ഷം മുമ്പ് സ്വകാര്യാശുപത്രിയിലും മറ്റും ലക്ഷങ്ങള്‍ ചെലവു വരുന്ന, ഒരു നിര്‍ധന കുടുംബത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത ചികിത്സയായിരുന്നു അന്ന് അപ്പുണ്ണിയ്ക്ക് മമ്മൂട്ടിയുടെ സഹായത്തില്‍ ചെയ്തു നല്‍കിയത്. അതില്‍ നിന്നെല്ലാം ഒരു സുഖം പ്രാപിച്ചു വരവേയാണ് വീണ്ടും ദൈവത്തിന്റെ പരീക്ഷണം പോലെ അപ്പുണ്ണിയ്ക്ക് തിമിരം ബാധിച്ചത്. അപ്പോഴും സഹായ ഹസ്തമായി മമ്മൂട്ടിയുടെ ചികിത്സാ സഹായം ലഭിച്ചു. അദ്ദേഹം നേരിട്ടെത്തിയില്ലെങ്കിലും പ്രാര്‍ത്ഥനയില്‍ അന്ന് അപ്പുണ്ണിയേയും മമ്മൂട്ടി കൂടെ കൂട്ടിയിരുന്നു. അതിനു ശേഷം മക്കളുടെ വിവാഹം കഴിയുകയും പേരക്കുട്ടികളുമൊക്കെയായി സന്തോഷത്തോടെ കഴിയുകയും ആയിരുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ച അപ്പുണ്ണിയുടെ മകന്‍ ബബീഷിന്റെ ഭാര്യ സുനിതക്കും മകന്‍ ആരവിനും അടുക്കളയില്‍ നിന്ന് തിളച്ച വെള്ളം വീണ് ശരീരത്തില്‍ പൊള്ളലേറ്റു. ഇരുവര്‍ക്കും കാലിനായിരുന്നു പരുക്ക്. ചികിത്സ തേടി ഇവരെത്തിയത് കുറ്റിപ്പുറത്തെ പതഞ്ജലിയിലാണ്. പൊള്ളലേറ്റവര്‍ക്കുള്ള ചികിത്സാ കേന്ദ്രമായ പതഞ്ജലിയുടെ ഡയറക്ടറാണ് മമ്മൂട്ടി. എന്നാല്‍ പൊള്ളല്‍ ചികിത്സയ്ക്ക് പണം നല്‍കാനുള്ള സാമ്പത്തികാവസ്ഥ ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അവിടുത്തെ ചികിത്സകന്‍ ജ്യോതിഷ്‌കുമാര്‍ മമ്മൂട്ടിയെ വിവരം അറിയിച്ചത്. അതനുസരിച്ച് ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ മമ്മൂട്ടി നിര്‍ദേശിക്കുകയായിരുന്നു. ഇരുവരുടെയും പൊള്ളല്‍ ഭേദമാകുന്നതുവരെ സൗജന്യ ചികിത്സ നല്‍കാനാണ് മമ്മൂട്ടി നിര്‍ദേശം.
ഇത്തരത്തില്‍ അറിഞ്ഞോ അറിയാതെയോ ഒക്കെ ഇതു മൂന്നാം തവണയാണ് നടന്‍ മമ്മൂട്ടി അപ്പുണ്ണിയുടെ കുടുംബത്തിന് സാന്ത്വനമേകുന്നത്. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ അപ്പുണ്ണിയ്ക്ക് പറയാന്‍ ഒന്നു മാത്രമേ ഉള്ളൂ. തങ്ങളുടെ കുടുംബത്തില്‍ ഒരു ദൈവത്തിന്റെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ഈശ്വരന്‍ ഐശ്വര്യവും ദീര്‍ഘായുസും അദ്ദേഹത്തിന് നല്‍കട്ടേ എന്നു മാത്രമാണ് നിറകണ്ണുകളോടെ അപ്പുണ്ണിയ്ക്ക് പറയാനുള്ളത്.