സിനിമയെന്ന വലിയ ലോകത്ത് തനിക്കു ലഭിച്ച ചെറിയ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ചിരിനിറച്ച മലയാളത്തിന്റെ പ്രിയ മച്ചാന്‍ വര്‍ഗ്ഗീസിന്റെ ഓര്‍മ്മകള്‍ നാലാണ്ട് പിന്നിട്ടു. ഹാസ്യത്തിലെ സ്വാഭാവികതയായിരുന്നു മച്ചാന്റെ മുഖമുദ്ര.എം.എല്‍.വര്‍ഗീസ് എന്ന മച്ചാന്‍ വര്‍ഗീസ് മലയാളികളെ ചിരിപ്പിച്ചതിന് കയ്യുംകണക്കുമില്ല.
മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിനുവേണ്ടി തന്റെ വളര്‍ത്തുനായയെ എത്തിച്ചതാണ് ചലച്ചിത്രരംഗത്തേക്ക് വര്‍ഗീസിന് വഴി തുറന്നത്. കൊച്ചിന്‍ ഹനീഫയടക്കമുളളവര്‍ തകര്‍ത്തഭിനയിച്ച ആ ഹാസ്യരംഗം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന രംഗങ്ങളിലൊന്നായി. പിന്നീട് പടിപടിയായി വര്‍ഗീസ് സിനിമാരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. കാബൂളിവാലയിലും ഹിറ്റ്ലറിലും പഞ്ചാബി ഹൗസിലും മീശമാധവനിലും പട്ടാളത്തിലും തിളക്കത്തിലും സി.ഐ.ഡി.മൂസയിലുമെല്ലാം ചിരിയുടെ തരംഗം സൃഷ്ടിക്കുന്നതില്‍ മച്ചാന്‍ മുന്നില്‍ തന്നെയായിരുന്നു. മീശമാധവനിലെ ലൈന്‍മാനും തെങ്കാശിപ്പട്ടണത്തിലെ കറവക്കാരനും പഞ്ചാബി ഹൗസിലെ പന്തലുകാരനും കഥാരംഗങ്ങള്‍ക്കിടയില്‍ മിന്നിമറയുന്നവരെങ്കിലും വര്‍ഗീസിലെ അഭിനയപ്രതിഭയെ പുറത്തുകൊണ്ടുവരുന്ന കഥാപാത്രങ്ങള്‍ തന്നെയായിരുന്നു.
സിദ്ദിഖ്ലാല്‍ റാഫി മെക്കാര്‍ട്ടിന്‍ ചിത്രങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന മച്ചാന്‍ വര്‍ഗ്ഗീസിന് മിമിക്രിരംഗമാണ് മച്ചാനെന്ന വിളിപ്പേര് സമ്മാനിച്ചത്.ഹാസ്യത്തിലെ സ്വാഭാവികതയാണ് മച്ചാന്‍ വര്‍ഗീസിനെ വേറിട്ടുനിര്‍ത്തിയത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ആത്മാര്‍ഥപ്രകടനങ്ങള്‍ ആ വേഷങ്ങളിലെല്ലാം കാണാം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമായ ചിത്രങ്ങളിലാണ് മച്ചാന്‍ വര്‍ഗീസ് ഏറെ തിളങ്ങിയത്. ഹാസ്യത്തിലെ സ്വാഭാവികതകൊണ്ട് മലയാളിയെ ചിരിപ്പിച്ച ഈ നടന് അര്‍ഹിച്ചതൊന്നും മലയാള സിനിമ നല്‍കിയിട്ടില്ലെന്നതാണ് സത്യം.