1980കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കാതോട് കാതോരം എന്ന സിനിമ. ഈ ചിത്രത്തിലെ 'ദേവദൂതര്‍ പാടി' എന്ന ഗാനം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത ഗാനങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ ഗാനം യൂട്യൂബിലും ഫേസ്ബുക്കിലും എല്ലാം സൂപ്പര്‍ വൈറല്‍ ആയി ഓടുകയായിരുന്നു. അതിനു കാരണമായത് കുഞ്ചാക്കോ ബോബന്റെ റോക്ക് ഡാന്‍സ് നൃത്തച്ചുവടുകളും. 'ന്നാ താന്‍ കേസ് കൊട്' എന്ന പുത്തന്‍ ചിത്രത്തില്‍ ഈ ഗാനം പുതിയ ഭാവത്തില്‍ അവതരിപ്പിക്കുകയും അതിന് അകമ്പടിയായി ഉത്സവപ്പറമ്പില്‍ നിന്നുള്ള ചാക്കോച്ചന്റെ ഡാന്‍സും കൂടി എത്തിയപ്പോള്‍ സാധാരണക്കാരുടെ മനസുകളിലേക്ക് വേഗം അതിവേഗം പറന്നു കയറുകയായിരുന്നു 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം.
ഈ ഗാനം പുറത്തു വന്നപ്പോള്‍ മുതല്‍ ചിത്രം കാണാനുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. അങ്ങനെ ഇന്നലെ ഓഗസ്റ്റ് 11നായിരുന്നു ചിത്രം റിലീസ് ചെയ്തത്. പതിവു പോലെ തന്നെ ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ പത്രങ്ങളിലും ചാനലുകളിലും എല്ലാം പരസ്യം കൊടുക്കുന്ന പതിവ് അനുസരിച്ച് 'ന്നാ താന്‍ കേസ് കൊട്' എന്ന ഈ ചിത്രത്തിനും പരസ്യം ഉണ്ടായിരുന്നു. 'തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ' എന്ന വാചകമാണ് പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ നല്‍കിയത്. എന്നാലിത് വലിയ വിവാദത്തിനാണ് വഴിവച്ചത്.
അങ്കമാലിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതിന് പിന്നാലെ റോഡിലെ പാതയിലെ കുഴികള്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാകവെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ റോഡിലെ കുഴിയെ പറ്റിയുള്ള പരാമര്‍ശമുണ്ടായത്. അങ്ങനെ റോഡിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യങ്ങള്‍ക്കിടെ വന്ന പത്രപ്പരസ്യത്തെ ഇടത് സൈബര്‍ വിങ്ങുകള്‍ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.
അതിനു പിന്നാലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളിക്കൊണ്ടുള്ള മീമുകളും വഴിയിലെ കുഴികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു. മൂന്നുദിവസം മുന്‍പിറങ്ങിയ ട്രെയ്ലറിലെ പരാമര്‍ശവും പരസ്യ വാചകവും എല്ലാം ചേര്‍ത്തുവായിച്ചവര്‍ക്ക് എല്ലാം കുരുപൊട്ടി. അത് സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധമായി നിറഞ്ഞു. ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമായി. കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പേജിലുള്‍പ്പെടെ പ്രതിഷേധമായി.
രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും എല്ലാം വിഷയത്തില്‍ പ്രതികരിച്ചു. പരസ്യത്തെപ്പോലും ഭയക്കുന്നവര്‍ക്ക് സാരമായെന്തോ സംഭവിച്ചുവെന്ന് ബെന്യാമിന്‍ കുറിച്ചു. കുഴിനിറഞ്ഞ റോഡിന്റെ ഓരത്തുള്ള സിനിമയുടെ ഹോര്‍ഡിങ്ങിന്റെ ചിത്രം ഹൈബി ഈഡന്‍ പങ്കുവച്ചു. അതേസമയം സിനിമയും പരസ്യവും സര്‍ക്കാരിനെതിരല്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞതൊന്നും ആരും കേട്ടില്ല. സോഷ്യല്‍ മീഡിയയിലെ കളി കൈവിട്ടു പോകാതിരിക്കാന്‍ മുഹമ്മദ് റിയാസ് നേരിട്ട് ഇടപെടുകയായിരുന്നു. ക്രിയാത്മക വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്നുവെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് വ്വക്തമാക്കിത്.
സിനിമ എന്തെന്ന് അറിയാതെയുള്ള ആക്രമണമാണ് നടന്നതെന്നാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്. വിവാദത്തിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പരസ്യം കണ്ടപ്പോള്‍ താന്‍ ചിരിച്ചു. നൂറു നല്ലകാര്യങ്ങള്‍ കണ്ടാലും ഒരു മോശം കാര്യം ഏറ്റെടുക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും കുഞ്ചാക്കോ ചൂണ്ടിക്കാട്ടി. വിഷയത്തെ മന്ത്രി അതിന്റെ സ്പിരിറ്റില്‍ മാത്രമാണ് എടുത്തതെന്നും കുഴി എന്ന പരസ്യവാചകത്തിലൂടെ മുതലെടുപ്പിന് ശ്രമിച്ചതല്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് പൊതുവാള്‍ പറഞ്ഞു. മന്ത്രിയും ഈ വാചകങ്ങള്‍ ഏറ്റെടുത്തു.
എന്നാല്‍ സൈബര്‍ സഖാക്കള്‍ പൊതുവാളിലെ പൊതുവാളിനെ പോലും ചര്‍ച്ചയാക്കി എന്തോ മഹാപരാധമാണ് ചെയ്തതെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കുഴികളില്ലാത്ത റോഡാണ് കേരളത്തിലുള്ളതെന്ന തരത്തില്‍ ചര്‍ച്ച നടത്തി. സിനിമ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് മന്ത്രി നേരിട്ടെത്തി പ്രചരണം പൊളിച്ചത്. സാധാരണ സൈബര്‍ സഖാക്കള്‍ വിഷയത്തില്‍ നിലപാട് എടുത്താല്‍ അതിനൊത്ത് നീങ്ങുന്നവരാണ് വര്‍ത്തമാനകാല സിപിഎമ്മുകാര്‍. എന്നാല്‍ റിയാസ് ആ വഴിക്ക് തന്നെ കിട്ടില്ലെന്ന് തെളിയിച്ചു.
അങ്ങനെ സിനിമ വിവാദമാക്കാന്‍ ഇറങ്ങിത്തിരിച്ചവരെ റിയാസും തള്ളിപ്പറഞ്ഞതോടെ അവര്‍ ശരിക്കും പുലിവാല് പിടിച്ചു. സൈബറിടത്തില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കാന്‍ ഇറങ്ങി തിരിച്ചവരാണ് സൈബറിടത്തില്‍ റോസ്റ്റിംഗിന് വിധേയരായത്. അതേസമയം, വിവാദങ്ങള്‍ക്കിടയിലും സൂപ്പര്‍ഹിറ്റായി മാറുകയാണ് ഈ ചിത്രം. സൈബര്‍ സഖാക്കളുടെ ബഹിഷ്‌ക്കരണ ആഹ്വാനം തള്ളി തീയ്യറ്ററിലേക്ക് പ്രേക്ഷകര്‍ ഇരച്ചു കയറിയതോടെ സിനിമ വന്‍ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച കളക്ഷന്‍ ആണ് നേടുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ ആണ് ന്നാ താന്‍ കേസ് കൊട് നേടിയിരിക്കുന്നത്.