ഇരിങ്ങാലക്കുട: കെ ഡി ചന്ദ്രന്‍ എന്ന പേര് മലയാളികള്‍ക്ക് പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക് അത്ര പരിചയം കാണില്ല. പക്ഷെ, നര്‍ത്തകി സുധാ ചന്ദ്രനെ അറിയാത്തവര്‍ ഉണ്ടാകില്ലെന്ന് ഉറപ്പ്. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിക്കുകയും സ്റ്റേജുകള്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്ന സുധാ ചന്ദ്രന് 16-ാം വയസിലാണ് ഒരു കാല്‍ നഷ്ടമായത്. 1982-ല്‍ സംഭവിച്ച ഒരു കാര്‍ അപകടത്തിലാണ് സുധാ ചന്ദ്രന് തന്റെ ഒരു കാല്‍ നഷ്ടപ്പെട്ടത്. എന്നിട്ടും അഭിനയ നൃത്ത രംഗത്തേക്കും അതുവഴി സിനിമകളിലേക്കും ശക്തമായി തന്നെ തിരിച്ചു വന്ന ഒരു നടിയാണ് സുധ ചന്ദ്രന്‍.
ആ സുധയുടെ പ്രയത്‌നത്തില്‍ താങ്ങും തണലുമായി തിന്ന കെ ഡി ചന്ദ്രന്റെ നിശ്ചദാര്‍ഢ്യമാണ് അവരെ വീണ്ടും വേദികളിലേക്ക് എത്തിച്ചത്. അതു മാത്രമല്ല, അഭിനേതാവായും നാടകനടനായുമെല്ലാം തിളങ്ങിയ വ്യക്തി കൂടിയാണ് ചന്ദ്രന്‍. മുംബൈ നാടകവേദിയില്‍ സ്ത്രീവേഷം അഭിനയിക്കാന്‍ നടിമാര്‍ ഇല്ലാത്ത കാലത്താണ് കെ.ഡി. ചന്ദ്രനും ചാക്യാര്‍ രാജനും സ്ത്രീവേഷങ്ങളിലൂടെ മുംബൈ മലയാള നാടകവേദിയെ അതിശയിപ്പിക്കുന്നത്. മുംബൈ നാടകവേദിയില്‍നിന്ന് മലയാള സിനിമയിലേക്കും ബോളിവുഡിലേക്കും എത്തിയ അദ്ദേഹം അദ്ദേഹം വ്യത്യസ്ത വേഷങ്ങളിലൂടെ തന്നിലെ അഭിനയപ്രതിഭയെ എല്ലാവര്‍ക്കും പകര്‍ന്നു നല്‍കി
മറൈന്‍ ലൈന്‍സിലെ അമേരിക്കന്‍ സെന്ററില്‍ ജോലി ചെയ്യുമ്പോഴും, മുംബൈ സാംസ്‌കാരിക രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന കേരളത്തില്‍ നിന്നുള്ള നാടകങ്ങള്‍ മുംബൈയില്‍ എത്തിക്കുകയും മലയാളിയെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തിക്കുറിശ്ശി, കൊട്ടാക്കര ശ്രീധരന്‍ നായര്‍ എന്ന പ്രതിഭകളെ മുംബൈയിലെത്തിക്കുകയും അവരെ ആദരിക്കുകയും ചെയ്തിട്ടുണ്ട് കെ.ഡി. ചന്ദ്രന്‍. ഏക മകള്‍ സുധയ്ക്ക് ഉണ്ടായ അപകടത്തിന് ശേഷം അവരെ വീണ്ടെടുക്കാനാണ് കെ.ഡി. ചന്ദ്രന്‍ തന്റെ ജീവിതം മാറ്റി വെച്ചത്.
നര്‍ത്തകിയും അഭിനേത്രിയുമായ സുധ ചന്ദ്രനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനാണ് പിന്നീട് ശ്രമിച്ചത്. അതിന് സാധ്യമാകുകയും ചെയ്തു. മകള്‍ സുധ ചന്ദ്രന്റെ ഓരോ വിജയവും ആവേശത്തോടെ സ്നേഹത്തോടെ കണ്ട സ്നേഹമയിയായ അച്ഛന്‍ കൂടിയായിരുന്നു കെ.ഡി. ചന്ദ്രന്‍. മുംബൈയിലെ പ്രസിദ്ധമായ യു.എസ്.ഐ.എസ്. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായിരുന്നു. ഒരു കാലത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച മിക്ക നാടകങ്ങളും ബോംബെയിലെ വിവിധ മലയാളി സമാജങ്ങള്‍ വഴി രംഗത്ത് അവതരിപ്പിക്കുന്നതിന് കെ ഡി ചന്ദ്രന്‍ മുന്‍കൈ എടുത്തിരുന്നു. 90-കളില്‍ പാര്‍ലെ-ജി ബിസ്‌കറ്റ് പരസ്യത്തിലെ ശ്രദ്ധേയമായ അപ്പൂപ്പന്‍ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് ചന്ദ്രനാണ്.
മുംബൈ നാടക വേദികളിലൂടെ അഭിനയ രംഗത്ത് സജീവമായ ചന്ദ്രന്‍ പിന്നീട് ഒട്ടേറെ ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചു. 1992 മുതല്‍ 2003 വരെ പുറത്തിറങ്ങിയ ജൂനൂന്‍, ഹംഹെ രാഹി പ്യാര്‍ കെ , തീസര കോന്‍, തേരെ മേരെ സപ്‌നേ, വെന്‍ വണ്‍ ഫാള്‍സ് ഇന്‍ ലവ്, ചൈനാ ഗേറ്റ്, ഹര്‍ ദില്‍ ജോ പ്യാര്‍ കരേഖാ, പുകാര്‍, സഹാറത്ത്, മേം മാധുരി ദീക്ഷിത് ബന്‍ന ചാഹ്തി ഹൂം, കോയി മില്‍ ഗയ എന്നിവയാണ് വേഷമിട്ട പ്രധാന സിനിമകള്‍. സ്റ്റാര്‍ ടി.വി. സീരിയല്‍ ഗുല്‍മോഹറിലും അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രജാലം, അവന്‍ അനന്തപത്മനാഭന്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ തങ്കത്തിന്റെ വിയോഗത്തിന് ശേഷം അനുഭവിച്ച ഏകാന്തതയെ മറി കടക്കാന്‍ തന്റെ സൂഹൃത്തുക്കളെ വിളിച്ച് കൂടെക്കൂടെ സംസാരിക്കുമായിരുന്നു. മരുമകന്‍: രവി ദാങ്. സഹോദരങ്ങള്‍: ശാന്ത രാജാറാം, സ്‌കന്ദന്‍, ഗണേശന്‍, കുമാര്‍.
84 വയസ് പ്രായമുണ്ടായിരുന്ന അദ്ദേഹം ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ്. മുംബൈയിലെ അമേരിക്കന്‍ സെന്റര്‍ മുന്‍ ഉദ്യോഗസ്ഥനുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുംബൈയിലെ അറിയപ്പെടുന്ന നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ ഡി ചന്ദ്രന്‍ വാര്‍ധക്യ സഹജമായ അസുഖം മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. മെയ് പന്ത്രണ്ടിനാണ് ഇദ്ദേഹത്തെ ജൂഹുവിലെ കൃതി കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം സംസ്‌കരിച്ചു.