ഒരിടവേളക്ക് ശേഷം ബോളിവുഡ് സിനിമകള്‍ക്ക് എതിരെ മതസംഘടനകളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധങ്ങള്‍. ഏറ്റവുമൊടുവില്‍ സുശാന്ത് സിംഗ് രാജ്പുത് നായകനായ കേദാര്‍നാഥിന് എതിരെയാണ് പ്രതിഷേധക്കാര്‍ എത്തിയിരിക്കുന്നത്.
ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു- മുസ്ലിം പ്രണയം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാരോപിച്ചാണ് പ്രതിഷേധവുമായി ഒരു കൂട്ടം സന്യാസിമാരും ബി.ജെ.പി നേതാവും എത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ സന്യാസിമാരാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി എത്തിയ ഒരു കൂട്ടര്‍. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്നും ചിത്രം നിരോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം ചിത്രത്തിന് എതിരെ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും ഇവര്‍ പറയുന്നു.
നേരത്തെ ചിത്രത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതാവ് അജേന്ദ്ര അജയും രംഗത്തെത്തിയിരുന്നു. ഹിന്ദുവായ നായികയെ മുസ്ലിം നായകന്‍ ചുമന്ന് തീര്‍ത്ഥാടനത്തിന് പോകുന്നെന്ന് പറഞ്ഞായിരുന്നു ചിത്രത്തെ ഇയാള്‍ പരിഹസിച്ചത്.
2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയമാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം സെറ അലി ഖാനും സുശാന്തും അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് കപൂറാണ്. നേരത്തെ ഷാരൂഖ് ഖാന്റെ സീറോയ്ക്ക് എതിരെ സിഖ് മതസംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.