ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷെയിന്‍ വാട്സന് കാഴ്ച വെച്ചത്. ധോണി പട നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്സിലെ മിന്നുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഷെയിന്‍ വാട്സന്. ഫൈനല്‍ മത്സരത്തില്‍ ടീമിന്റെ വിജയത്തിന് തുറുപ്പ് ചീട്ടായാത് വാട്സന്റെ പ്രകടനമായിരുന്നു. നാല് കോടി ചിലവിട്ടാണ് വാട്സനെ ഇത്തവണ ലേലത്തിലൂടെ ടീമിലേക്ക് കൊണ്ട് വന്നത്.
15 മത്സങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറികളടക്കം 555 റണ്‍സുമായി വാട്സന് നന്നായി തന്നെ കളിച്ചിരുന്നു. ഐപിഎല്‍ മത്സരം കഴിഞ്ഞതിന് പിന്നാലെ വാട്സന് പുതിയ ടീമിലേക്ക് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. യുഎഇ യില്‍ നടക്കുന്ന ടി10 ലീഗില്‍ കറാച്ചിയന് ടീമിന്റെ ഭാഗമായി ഷെയിന്‍ ഉണ്ടാവും. ഡിസംബറില്‍ ആരംഭിക്കുന്ന ലീഗില്‍ ഐക്കണ്‍ പ്ലേയറായിട്ടാണ് വാട്സന് എത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റിനേക്കാളും തനിക്ക് നല്ലതെന്ന് തോന്നുന്നത് ഇതാണെന്നാണ് വാട്സന് പറയുന്നത്. കറാച്ചിയന്‍സ് പോലുള്ള ടീമിന് വേണ്ടി കളിക്കുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു.
ആധുനിക ക്രിക്കറ്റിലെ മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളായിട്ടായിരുന്നു ഷെയിന്‍ വാട്സന് ദേശീയ ടീമില്‍ നിന്നും വിരമിച്ചത്. ഇപ്പോള്‍ വാട്സനെ ദേശീയ ടീമിലേക്ക് മടക്കി കൊണ്ട് വരണമെന്ന ഓസിസ് ആരാധകരുടെ ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയന്‍ ദേശീയതാരം മാര്‍ക്കസ് സ്റ്റേയിന്സ് അടക്കമുള്ളവര്‍ വാട്സനെ തിരികെ കൊണ്ട് വരണമെന്ന ആവശ്യം ഉന്നയിച്ച് പരസ്യമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ വാര്‍ണറും സ്റ്റീവ് സ്മിത്തും വിലക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹാചര്യത്തില്‍ വാട്സന്റെ സാന്നിധ്യം ആശ്വാസം പകരുമെന്ന വിശ്വാസത്തിലാണ് ആരാധകരിപ്പോള്‍.
വയസ് 37 ആയെങ്കിലും പ്രതിഭ കൈവിടാതെ നില്ക്കുന്ന വാട്സന് ഓസ്ട്രേലിയന്‍ ടീമിന് വേണ്ടി കളിക്കാനുള്ള യോഗ്യതയുണ്ടെന്ന് പലരും ചൂണ്ടി കാണിക്കുന്നു. സച്ചിനടക്കമുള്ള താരങ്ങള്‍ 40 വയസ് വരെ കളിച്ചിരുന്നതും വാട്സന്റെ കാര്യത്തില്‍ എടുത്ത് പറയാവുന്നതാണ്. ഇതിനെ സംബന്ധിച്ച് ഇതുവരെ വാട്സന് ഒന്നും പ്രതികരിച്ചിട്ടില്ല എങ്കിലും ദേശീയ ടീമിലേക്ക് വാട്സന് തിരിച്ച് വരുമെന്നുള്ള പ്രതീക്ഷ ആരാധകര്‍ കൈവിട്ടിട്ടില്ല.