ഇന്ത്യന്‍ സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പണ്ഡിറ്റ് രവിശങ്കര്‍. ലോകപ്രശസ്തനായ സംഗീതജ്ഞനായിരുന്ന പണ്ഡിറ്റ് രവിശങ്കര്‍ ചരമവാര്‍ഷികം ആണ് ഇന്ന്. ബനാറസിലെ ഒരു ബംഗാളി കുടുംബത്തില്‍ 1920 ഏപ്രില്‍ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താര്‍ വാദനത്തിലൂടെ ഇണക്കിച്ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
1999-ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.സംഗീതത്തിലെ അതുല്യ പ്രതിഭകള്‍ക്ക് ലഭിക്കുന്ന ഗ്രാമി പുരസ്‌കാരത്തിന് മൂന്ന് തവണ അര്‍ഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രാമി പുരസ്‌കാരം മരണാനന്തരം ലഭിച്ചു.
ഗാന്ധി സിനിമയുടെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചതിന് അദ്ദേഹത്തിന് ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 1986 മുതല്‍ 1992 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. മൈ ലൈഫ് മൈ മ്യൂസിക് എന്നായിരുന്നു രവിശങ്കര്‍ രചിച്ച ആത്മകഥയുടെ പേര്. 2012 ഡിസംബര്‍ 11-ന് അദ്ദേഹം അന്തരിച്ചു.