വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മുഖം അവ്യക്തമായി നല്‍കിയിട്ടുള്ളത് അദ്ദേഹം അതിഥി വേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നു. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ചലച്ചിത്രലോകത്ത് വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
'2018' എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും 'തുടക്ക'ത്തിന് വലിയ പ്രാധാന്യമുണ്ട്. വിസ്മയ മോഹന്‍ലാലിനൊപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
'വിസ്മയ 'തുടക്കം'...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. ഒരു ബസിന്റെ വിന്‍ഡോ സീറ്റില്‍ അനന്തതയിലേക്ക് നോക്കി ഇരിക്കുന്ന വിസ്മയയെ പോസ്റ്ററില്‍ കാണാം. പിന്‍ സീറ്റില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആഷിഷിനെയും പോസ്റ്ററില്‍ കാണാം.ചിത്രത്തില്‍ മോഹന്‍ലാല്‍ ഗസ്റ്റ് റോളില്‍ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിതുറന്നു. പോസ്റ്റര്‍ വന്നതോടെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കി കാണുന്നത്.
ഓണം റിലീസ് 2026, തുടക്കം, ജൂഡ് ആന്റണി ജോസഫ്, ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസ്, ആശിഷ് ജോ ആന്റണി എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
ഓം ശാന്തി ഓശാന, 2018 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അച്ഛനു പിന്നാലെ പ്രണവ് മോഹന്‍ലാലും മികച്ച സിനിമകളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയിരുന്നു. അതുകൊണ്ടു തന്നെ സഹോദരി വിസ്മയയുടെ ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 37-ാമത് ചിത്രമാണിത്. എഴുത്തുകാരിയും ചിത്രകാരിയുമായ വിസ്മയയുടെ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കവിതാ സമാഹാരം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.