ഒരുകാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മഞ്ജുവാര്യരും ദിലീപും. എന്നാല്‍ 14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ദമ്പതികള്‍ വേര്‍പിരിഞ്ഞു. ഇതിന് ശേഷം മഞ്ജു ഇപ്പോള്‍ സിനിമയില്‍ തിളങ്ങുകയാണ്. എന്നാല്‍ ദിലീപിനാകട്ടെ ഡിവോഴ്‌സിന് ശേഷം കരിയറിലും ജീവിതത്തിലും തകര്‍ച്ച മാത്രമാണ് ഉണ്ടായത്. 2019ല്‍ ഇവരുടെ ജീവിതത്തിലും കരിയറിലും സംഭവിച്ച പ്രധാനകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മിമിക്രികളിലൂടെ സിനിമയിലേക്കെത്തിയ ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ ജീവിതം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു .ഗോപാലകൃഷ്ണന്‍ എന്ന മിമിക്രിക്കാരന്‍ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമ ലോകത്തേയ്ക്ക് എത്തി. പിന്നീട് മാനത്തെക്കൊട്ടാരം, സൈന്യം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനേതാവായി എത്തിയ ദിലീപ് ഏഴരക്കൂട്ടം എന്ന ചിത്രത്തില്‍ നായകന്മാരില്‍ ഒരാളായിമാറി . സല്ലാപം എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ നായകനായി എത്തിയ ദിലീപ് മലയാള സിനിമയില്‍ മെല്ലെ ഇടം പിടിക്കുകയായിരുന്നു. മഞ്ജു മലയാളത്തിലെ കരുത്തുറ്റ നായികയായി അംഗീകാരങ്ങളും പ്രശംസകളും നേടി മുന്നേറി. അതിനൊപ്പം തന്നെ ദിലീപിന്റെ നായികയായി ചിത്രങ്ങളില്‍ അഭിനയിച്ചു. സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്കു ശേഷം മഞ്ജു വാര്യരും ദിലീപും വിവാഹിതരായത് മലയാള സിനിമയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സിനിമ രംഗത്ത് നിന്ന് മഞ്ജു പിന്‍മാറി. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മഞ്ജു കുടുംബത്തിന് വേണ്ടി കരിയര്‍ ഉപേക്ഷിച്ചത്.
പക്ഷേ മഞ്ജുവിനെ വിവാഹം ചെയ്തതോടെ ദിലീപ് മലയാള സിനിമയിലെ ജനപ്രിയനടന്‍ എന്ന നിലയിലേക്ക് ഉയരുകയായിരുന്നു. ദിലിപിന്റെ എല്ലാ ചിത്രങ്ങളും വന്‍ ഹിറ്റുകളായി മാറി . കുട്ടികളും കുടുംബപ്രേക്ഷകരും ദിലീപ് ചിത്രത്തിനായി തിയേറ്ററുകളിലേയ്ക്ക് ഓടിയെത്തി. മഞ്ജു വാര്യര്‍ വിവാഹം കഴിച്ചു പോയതിനു പിന്നാലെ ആ താര പദവി കാവ്യ മാധവനിലായി. ചന്ദ്രനുദിക്കുന്നദിക്കുന്ന ദിക്ക് മുതല്‍ നിരവധി ചിത്രങ്ങളില്‍ ദിലീപും കാവ്യയും ഒന്നിച്ചെത്തുകയും അത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്നു ഗോസിപ്പുകള്‍ പരന്നു. കാവ്യയ്ക്കും ദിലീപിനും പിന്നാലെയായി പിന്നീട് മാധ്യമങ്ങള്‍ മുഴുവന്‍. എല്ലാ ഗോസിപ്പുകള്‍ക്കും വിരമമിട്ടു കൊണ്ട് 2009 ല്‍ കാവ്യ വിവാഹിതായായി. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആ ദാമ്പത്യം അവസാനിച്ചു. കാവ്യയുടെ ദാമ്പത്യ ജീവിതം തകര്‍ന്നത് ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്ന തരത്തില്‍ വീണ്ടും ഗോസിപ്പുകള്‍ പ്രചരിച്ചു. വിവാഹബന്ധം വേര്‍പിരിഞ്ഞ കാവ്യ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത് ദിലീപ് നായകനായ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു. 2003ല്‍ സി ഐ ഡി മൂസ ഹിറ്റ് ആയതോടെ സിനിമ നിര്‍മ്മാണ രംഗത്തും ദിലീപ് കരുത്തനായി മാറിയിരുന്നു. താരസംഘടനയായ അമ്മയ്ക്കു പണം കണ്ടെത്തുന്നതിന് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റിയും വന്‍ വിജയം കണ്ടു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ജനപ്രിയ നടന്‍ അജയ്യനായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ബിസിനസിനും താരം ശ്രദ്ധ കേന്ദ്രീകരിച്ചു. ദേ പുട്ട് എന്ന ദിലീപിന്റെ ഹോട്ടലിന് സ്വദേശത്തും വിദേശത്തും ബ്രാഞ്ചുകളുണ്ടായി. 2014 ചാലക്കുടിയില്‍ ഡി സിനിമസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ആരംഭിച്ചു. ഇതോടെ നടന്‍, നിര്‍മ്മാതാവ് എന്നതില്‍ ഉപരി ദിലീപ് ഒരു വലിയ ബിസിനസ് സാമ്രജ്യത്തിന്റെ ഉടമയായി മാറി.
ആരെയും അസൂയപെടുത്തുന്ന ദാമ്പത്യമായിരുന്നു മഞ്ജു ദിലീപ് ദമ്പതികളുടേത്. മകള്‍ മീനാക്ഷിക്കൊപ്പം സന്തുഷ്ട ജീവിതം നയിച്ച ഇവരുടെ ജീവിതത്തില്‍ പെട്ടെന്നാണ് വിള്ളലുകളുണ്ടായത്. കാവ്യയുമായി ദിലീപിനുള്ള അടുപ്പത്തിന്റെ പേരില്‍ ഇവര്‍ പിരിയുന്നു എന്ന ഗോസിപ്പുകളാണ് ആദ്യമെത്തിയത്. പിന്നീട് ഗോസിപ്പുകള്‍ യാഥാര്‍ഥ്യമാക്കി ഇവര്‍ പിരിഞ്ഞു. മകള്‍ മീനക്ഷി ദിലീപിനൊപ്പം പോവുകയും ചെയ്തു. വിവാഹമോചനം നേടിയ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിച്ചു . മഞ്ജു ആകട്ടെ ജീവനാംശം പോലും വാങ്ങാതെയാണ് ദിലീപില്‍ നിന്നും വിവാഹമോചനം നേടി അമ്മയ്‌ക്കൊപ്പം തൃശൂരിലെ വീട്ടില്‍ താമസം തുടങ്ങിയത്. ഇതിന് ശേഷം സിനിമകളിലും മഞ്ജു സജീവമായി. ഇപ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ മഞ്ജു അഭിനയരംഗത്തേക്കു തിരിച്ചുവന്നു.റവന്യു ഡിപ്പാര്‍ട്ട്‌മെന്റിലെ യു.ഡി ക്ലാര്‍ക്കായ നിരുപമ രാജീവ് എന്ന കഥാപാത്രം ഒട്ടേരെ പ്രേക്ഷക പ്രശംസ നേടി .എന്നും എപ്പോഴും,വേട്ട,കെയര്‍ ഓഫ് സൈറ ബാനു ,ജോ ആന്‍ഡ് ദി ബോയ്, പാവാട , കരിങ്കുന്നം സിക്‌സസ് കയറ്റം ലൂസിഫര്‍ ഒടിയന്‍ ഉദാഹരണം സുജാത പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളില്‍ മഞ്ജു തിളങ്ങി നിന്നു .എന്നാല്‍ ദിലീപിന്റെ ജീവിതത്തിലാകട്ടെ മഞ്ജു പോയതോടെ വലിയ ദുരന്തങ്ങളാണ് എത്തിയത്.
തുടര്‍ച്ചയായി പരാജയങ്ങള്‍ക്കു ശേഷമാണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലൂടെ ദിലീപ് കര കയറുന്നത്. പിന്നീട് വിരലിലെണ്ണാവുന്നവ മാത്രമാണ് വിജയമായി തീര്‍ന്നത്. ദിലീപ് ചിത്രങ്ങള്‍ക്ക് പരാജയം മാത്രമായപ്പോള്‍ പലരും പറഞ്ഞു, മഞ്ജു പോയതോടെ ദിലീപിന്റെ ഭാഗ്യവും പോയി എന്ന്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ പോയത് ഏവരെയും ഞെട്ടിച്ചു. ദിലീപിന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളായിരുന്നു അതെന്നു തന്നെ പറയാം .ദിലീപിന്റെ അറസ്റ്റോട് കൂടി രാമലീല എന്ന ചിത്രവും ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. ദിലീപിന്റെ ഓണച്ചിത്രമായി തീയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു രാമലീല. രാമലീല മാത്രമാണ് ദിലീപിന് അല്‍പമെങ്കിലും ആശ്വാസവിജയം നല്‍കിയ ചിത്രം. അതിനു ശേഷം പിറന്ന ദിലീപ് ചിത്രങ്ങള്‍ ഒന്നും വിജയം കണ്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷം മഞ്ജുവിന്റെ കരിയറിലും ജീവിതത്തിലും ഉയര്‍ച്ചകള്‍ മാത്രമാണ് ഉണ്ടായത്. ലൂസിഫര്‍, പ്രതി പൂവന്‍ കോഴി എന്നീ മലയാള ചിത്രങ്ങളാണ് ഈ വര്‍ഷം മഞ്ജുവിന്റെതായി തീയറ്ററുകളിലെത്തിയത്. ഇതില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാളചിത്രത്തില്‍ നായികയാകാനുള്ള ഭാഗ്യം മഞ്ജുവിന് ലഭിച്ചു. ഇതിന് പുറമേ അസുരന്‍ എന്ന തമിഴ് ചിത്രത്തിലും നായികയായാനുള്ള ഭാഗ്യം നടിയെ തേടിയെത്തി. കോടതി സമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി, ജാക് ഡാനിയേല്‍, മൈ സാന്റ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം ദിലീപിന് കിട്ടിയ ചിത്രങ്ങള്‍ ഇതില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ മാത്രമാണ് ഭേദപ്പെട്ട വിജയം നേടിയ ചിത്രം. മൈ സാന്റയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് എത്തിയിട്ടില്ല. ജീവിതത്തിലും മഞ്ജുവിന് ഉയര്‍ച്ചയുള്ള വര്‍ഷമായിരുന്നു 2019. മലയാളത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരു നായിക ഇല്ലെന്ന് ഉറപ്പിച്ചാണ് മഞ്ജുവിന്റെ ജൈത്രയാത്ര. ഇതോടെ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടവും മഞ്ചുവിന് ആരാധകര്‍ ചാര്‍ത്തി നല്‍കി. ഈ വര്‍ഷമാണ് ആഡംബരവാഹനമായ റേഞ്ച് റോവര്‍ നടി വാങ്ങിയത്. ശ്രീകുമാര്‍ മേനോന്‍ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന നടിയുടെ പരാതിയും 2019ലെ ശ്രദ്ധേയവാര്‍ത്തയായി മാറിയിരുന്നു. കാവ്യയുമായുള്ള വിവാഹശേഷം അറസ്റ്റ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചതിനാല്‍ പൊതുയിടങ്ങളില്‍ കാവ്യയുമായി ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മുതല്‍ കാവ്യയുമായി പൊതുപരിപാടികളില്‍ ദിലീപ് പങ്കെടുത്തുതുടങ്ങി. ഇതിന്റെ ചിത്രങ്ങളൊക്കെയും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇവരുടെ പുത്രി മഹാലക്ഷ്മിയുടെ ചിത്രങ്ങളും ഈ വര്‍ഷമാണ് ആദ്യമായി പ്രേക്ഷകര്‍ കണ്ടത്. നല്ലൊരു അച്ഛനായി ജീവിതം ആസ്വദിക്കുകയാണ് താനെന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിസ്താരവും പ്രതിസന്ധിക്കളുമാണ് ഈ വര്‍ഷവും ദിലീപിന് ഏറെ തലവേദന സൃഷ്ടിച്ചത്. ഇതിനിടയില്‍ മഞ്ജുവിനോട് ഇപ്പോഴും കരുതല്‍ സൂക്ഷിക്കുന്നുണ്ട് ദിലീപ് എന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയില്‍ ഹിമാചലിലെ മഞ്ഞില്‍ കുടുംങ്ങിയ മഞ്ജുവിന് വേണ്ടി ദിലീപ് രംഗത്തിറങ്ങിയതും ഏറെ കൈയടി നേടിയിരുന്നു.