2000ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു. മാത്യു പോള്‍ സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയാണ് ഇത്. മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളാണ് പ്രമേയം. ഇതിലെ പാട്ടുകളും കുട്ടികള്‍ ഏറ്റുപാടിയവയായിരുന്നു. മോനപ്പന്‍, റോഹന്‍, മീര എന്ന കുട്ടികളുടെ കഥയാണ് ചിത്രം പറഞ്ഞത്. പിരിഞ്ഞ് ജീവിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പമാണ് റോഹന്റെയും മീരയുടെയും ജീവിതം. അച്ഛനൊപ്പം കഴിയുന്ന മീരയെയും അമ്മയ്ക്കൊപ്പം കഴിയുന്ന റോഹനെയും മോനപ്പന്‍ എന്ന അനാഥനായ ബാലന്‍ കണ്ടുമുട്ടുന്നതും അവരുടെ മാതാപിതാക്കളെ ഒന്നിപ്പിക്കാന്‍ മോനപ്പനും കൂട്ടുകാരും തന്ത്രങ്ങള്‍ ഒരുക്കുന്നതും ഒടുവില്‍ അവര്‍ ഒന്നാകുന്നതുമാണ് സിനിമ പറഞ്ഞത്.
ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനായ മാത്യു പോളിന്റെ മകന്‍ പോള്‍ മാത്യുമായിരുന്നു ചിത്രത്തില്‍ മോനപ്പമായി എത്തിയത്. മഹാരാഷ്ട്ര ബാന്ദ്ര സ്വദേശിയായ റോഹന്‍ പെയ്ന്റര്‍, ആന്‍സി കെ തമ്പി എന്നിവര്‍ റോഹനെയും മീരയെയും അവതരിപ്പിച്ചു. പെണ്‍വേഷം കെട്ടിയെത്തുന്ന രോഹനും മോനപ്പനും കുസൃതികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ബാലതാരങ്ങളായിരുന്നു. റോഹന്‍ നിരവധി പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു. ഇപ്പോള്‍ പോളിന്റെയും റോഹന്റെയും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആലപ്പുഴ മുഹമ്മ സ്വദേശിയായ പോള്‍ സിനിമാ സംബന്ധമായ ജോലികളുമായി ചെന്നൈയിലാണ് ഇപ്പോള്‍. സിനിമാ അഭിനയത്തെക്കാളേറെ ഇപ്പോള്‍ സിനിമാ പിന്നണിയിലാണ് റോഹന്റെ ശ്രദ്ധ. ടൊറൊന്റോയില്‍ മോഷന്‍ പിക്ചര്‍ ക്യാമറ അസിസ്റ്റന്റ് ആകാന്‍ പഠിക്കുകയാണ് റോഹനിപ്പോള്‍.