മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പോണി ടെയില്‍ ലുക്കില്‍ സ്‌റ്റൈലിഷായുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകളിലെ സൂചന. ബസൂക്കയുടെ റണ്ണിംഗ് ടൈം നേരത്തെ, സിനിമ അനലിസ്റ്റുകളായ സൗത്ത്‌വുഡ് എക്‌സിലൂടെ പുറത്തുവിട്ടിരുന്നു. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായാക്കുമെന്നും സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള, ഷൈന്‍ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.
മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന തന്റെ സ്വപ്‌നത്തിന്റെ സാഫല്യമാണ് 'ബസൂക്ക' എന്നാണ് സംവിധായകന്‍ ഡിനോ ഡെന്നിസ് പ്രതികരിച്ചത്. തനിക്ക് അതിനുള്ള അവസരം നല്‍കിയത് തിരക്കഥ ആണ്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാല്‍ താന്‍ ത്രില്ലിലാണ്. നൂതനമായ ഒരു പ്രമേയമാണ് എന്നതിനാല്‍ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
ഇതിനിടെ മമ്മൂക്ക കുടുംബ സമേതം ചെന്നൈയിലെത്തിയ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ദുല്‍ഖറിനും മകള്‍ സുറുമിക്കുമൊപ്പം നടന്ന് നീങ്ങുന്ന മമ്മൂക്കയും ഭാര്യ സുല്‍ഫത്തുമാണ് വീഡിയോയിലുള്ളത്. വീഡിയോ എടുക്കുന്ന ആളെ നോക്കി മനോഹരമായ ചിരി ചിരിച്ച് പോകുന്ന നടന്റെ ദൃശ്യങ്ങള്‍ ഫാന്‍ പേജുകളില്‍ നിറഞ്ഞ് കഴിഞ്ഞു.