Latest News

സുരേഷ് ഗോപി ആശംസയറിയിക്കാനെത്തിയത് ഭാര്യ രാധികയ്ക്കും അമ്മയ്ക്കുമൊപ്പം; കേന്ദ്രമന്ത്രിയായതിന്റെ സന്തോഷത്തില്‍ നടന് സ്വര്‍ണമോതിരം സമ്മാനിച്ച് നടന്‍ മധുവും; 91ന്റെ നിറവിലെത്തിയ മലയാളത്തിന്റെ പ്രിയ നടന് ആശംസകളുമായി സിനിമാ ലോകം;  വൈകിരിക ഓര്‍മ്മകള്‍ കുറിച്ച് ചിന്താ ജെറോം

Malayalilife
സുരേഷ് ഗോപി ആശംസയറിയിക്കാനെത്തിയത് ഭാര്യ രാധികയ്ക്കും അമ്മയ്ക്കുമൊപ്പം; കേന്ദ്രമന്ത്രിയായതിന്റെ സന്തോഷത്തില്‍ നടന് സ്വര്‍ണമോതിരം സമ്മാനിച്ച് നടന്‍ മധുവും; 91ന്റെ നിറവിലെത്തിയ മലയാളത്തിന്റെ പ്രിയ നടന് ആശംസകളുമായി സിനിമാ ലോകം;  വൈകിരിക ഓര്‍മ്മകള്‍ കുറിച്ച് ചിന്താ ജെറോം

കരം വെക്കാനില്ലാത്ത ചില സാന്നിദ്ധ്യങ്ങളുണ്ട് മലയാള സിനിമയില്‍. ആരൊക്കെ വരികയും പോവുകയും ചെയ്താലും തന്റെതായ സ്ഥാനം നിലനിര്‍ത്തുകയും തന്റെ അഭാവത്തില്‍ ആ വിടവ് കൃത്യമായി അനുഭവപ്പെടുത്തുകയും ചെയ്യുന്നവര്‍.മലയാള സിനിമയില്‍ നടന്‍ മധു അത്തരമൊരു സാന്നിദ്ധ്യമാണ്.മലയാള സിനിമലോകത്ത് പകരം വെക്കാനില്ലാത്ത സാന്നിദ്ധ്യമായ ഇതിഹാസ നടന്‍ മധുവിന്റെ 91 ാം പിറന്നാള്‍ ഇന്നലെയാണ് ആഘോഷിച്ചത്. മലയാള സിനിമയുടെ കാരണവര്‍ക്ക് പിറന്നാളാശംസകളുമായി  സിനിമാ പ്രവര്‍ത്തകരും ഉറ്റവരും  എത്തി.

നസീറും സത്യനും കത്തി നിന്ന കാലത്താണ് വേറിട്ട അഭിനയശൈലിയുമായി മധുവിന്റെ സിനിമാലോകത്തേക്ക് എത്തുന്നത്.ജോണ്‍ എബ്രഹാമും അടൂരും പി എന്‍ മേനോനും അടക്കമുള്ള നവസിനിമാക്കാരുടെയും പരീക്ഷണ നായകനായി മധു.ചെമ്മീന്‍, ഭാര്‍ഗ്ഗിവീനിലയം, ഓളവും തീരവും, സ്വയംവരം, പടയോട്ടം ഇങ്ങനെ മലയാള സിനിമയില്‍ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങളില്‍ മധു പ്രൗഢ സാന്നിധ്യമായി.ചെമ്മീനിലെ പരീക്കുട്ടി ഇന്നത്തെ ന്യൂജന്‍കാലത്ത് പോലും കാമുക സങ്കല്‍പ്പത്തിന്റെ ഒരു ഉദാഹരമണായി മാറുന്നത് നടന വൈഭവത്തിനുള്ള അംഗീകാരം കൂടിയാണ്.

മധുവിന്റെ സിനിമാജീവിതം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്.നാടകാഭിനയം തലയ്ക്ക് പിടിച്ച് കോളെജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മാധവന്‍ നായര്‍ എന്ന മധുവിന്റെ കലാജീവിതത്തിന്റെ തുടക്കം.ഇക്കാര്യങ്ങള്‍ ഒക്കെ വിശദമായി പ്രതിപാദിച്ച് നടന് പിറന്നാള്‍ സമ്മാനമായി ഒരു വെബ്‌സൈറ്റും തയ്യാറായി.ആ കലാജീവിതത്തെക്കുറിച്ച് അറിയാനുള്ള കാര്യങ്ങളെല്ലാം ഉള്‍പ്പെട്ട വെബ് സൈറ്റ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്.മകള്‍ ഉമയും മരുമകന്‍ കൃഷ്ണകുമാറുമാണ് വെബ്‌സൈറ്റ് എന്ന ആശയത്തിന് പിന്നില്‍.

മധുവിന്റെ ജീവചരിത്രവും മലയാള സിനിമയിലെ സംഭാവനകളും വിവരിക്കുന്ന  വെബ്സൈറ്റില്‍ നടന് ലഭിച്ച അവാര്‍ഡുകള്‍, നടത്തിയ അഭിമുഖങ്ങള്‍, അഭിനയിച്ച സിനിമയിലെ പോസ്റ്ററുകള്‍, ഹിറ്റ് ഗാനങ്ങള്‍ തുടങ്ങിയയെല്ലാം വെബ് സൈറ്റിലുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശ്രീകുമാരന്‍ തമ്പി, എം ടി വാസുദേവന്‍ നായര്‍, ഷീല, ശാരദ, സീമ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ മധുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ പ്രായത്തിലും തന്റെ ആരോഗ്യത്തെക്കുറിച്ച് മധുതന്നെ വിശദമായി സംസാരിച്ചിരുന്നു.അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് സത്യത്തില്‍ ആരോഗ്യത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല.ആശങ്കകളുമില്ല.വെല്‍നസ് എന്നാല്‍ മനസിന്റെ സൗഖ്യം എന്ന് പറയാനാണ് എനിക്കിഷ്ടം.കാരണം ഉറക്കം, ആഹാരമൊക്കെ നൈമിഷികങ്ങളാണ്.മനസിന്റെ ആരോഗ്യമാണ് ഊര്‍ജ്ജവും ഉന്മേഷവും ഒക്കെ തരുന്നത്. പിന്നെ ഞാന്‍ ടെന്‍ഷനടിക്കാറില്ല.അത് ജന്മനാലുള്ള സ്വഭാവമാണ്.അനാവശ്യമായി ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടാറുമില്ല.എന്തു വന്നാലും അഭിമുഖീകരിക്കുക എന്നതാണ് എന്റെ രീതി.അല്ലാതെ ടെന്‍ഷനടിച്ചിട്ട് ഒരുകാര്യവുമില്ല.

ഏത് പ്രവൃത്തിയാണോ ഇഷ്ടം അത് നിറഞ്ഞ മനസോടെയും ആനന്ദത്തോടെയും ചെയ്യുന്നതിലൂടെയാണ് ആത്യന്തികമായി സന്തോഷം ലഭിക്കുന്നത്.കോടികള്‍ പ്രതിഫലമായി കിട്ടിയാലും ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യരുത്.കാശുകൊണ്ട് കിട്ടുന്നതല്ല യഥാര്‍ത്ഥ സന്തോഷമെന്നും മധു പറഞ്ഞുവെക്കുന്നു. മധുവിനെക്കുറിച്ച് ഒരിക്കല്‍ സംവിധായകന്‍ ജോഷി പറഞ്ഞത് ഇങ്ങനെയാണ് ''മലയാള സിനിമയിലെ ഏറ്റവും മാന്യതയുളള വ്യക്തിയാണ് മധു.അദ്ദേഹം എന്നും സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തിച്ചു.ആരെയും പ്രീണിപ്പിക്കാറില്ല.തനിക്ക് പറയാനുളള കാര്യങ്ങള്‍ ആരുടെ മുഖത്തും നോക്കി സൗമ്യമായി പറയും.ആരോടും അവസരങ്ങള്‍ ചോദിക്കാറില്ല.ക്ഷണിക്കുന്ന സിനിമകളില്‍ വന്ന് അന്തസായി അഭിനയിച്ച് മടങ്ങി പോകും. ആര്‍ക്കും തലവേദന സൃഷ്ടിക്കാറില്ല. ആരെയും പിണക്കാറില്ല. വേദനിപ്പിക്കാറുമില്ല.''എന്ന്. ഷഷ്ഠിപൂര്‍ത്തിയും സപ്തതിയും നവതിയുമൊക്കെ കൊണ്ടാടപ്പെടുന്നവരുടെ കൂട്ടത്തില്‍ മധുവില്ല.പക്ഷേ, ഒരു ജീവിതം സാര്‍ത്ഥകമായി ജീവിച്ചു കാണിക്കുകയാണ് മധു. തലമുറകളും തരംഗങ്ങളും മാറിമറിഞ്ഞപ്പോഴും അതിലൊന്നും നിരാശനാകാതെ തനിക്കു ലഭിക്കുന്ന വേഷങ്ങള്‍ അതിരുമെതിരുമില്ലാതെ ആടിത്തീര്‍ക്കുകയാണ് മധു.

ലളിതമായാണ് നടന്‍ പിറന്നാള്‍ ആഘോഷിച്ചതെങ്കിലും അപ്രതീക്ഷിത അതിഥികളുടെ കടന്നുവരവ് പിറന്നാള്‍ ദിനം അവിസ്മരണീയമാക്കി. പിറന്നാള്‍ അറിഞ്ഞെത്തിയവരില്‍ പ്രധാനി കേന്ദ്രമന്ത്രിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു. അവര്‍ക്കൊപ്പം പിറന്നാള്‍ മധുരം പങ്കിട്ട് മധു പറഞ്ഞു: 'വളരെ സന്തോഷം. എല്ലാവരും കൂടിയെത്തുമെന്ന് പ്രതീക്ഷിച്ചതല്ല.'സുരേഷ് ഗോപി മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പകരമായി മലയാള സിനിമയുടെ കാരണവര്‍ നല്‍കിയത് ഒരു സ്വര്‍ണമോതിരം ! കേന്ദ്രമന്ത്രിയായതിലുള്ള അഭിനന്ദന സൂചകമായിട്ടായിരുന്നു സമ്മാനം. ഏറെ നേരം മധുവിനും കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

വീട്ടിലുണ്ടാക്കിയ ജന്മദിന പായസത്തിന് രുചിയേറെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാര്യ രാധികയും അമ്മ ഇന്ദിരാമ്മയും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു. 'ചോതി' നക്ഷത്രക്കാരനായ മധുവിന്റെ നാള്‍ അനുസരിച്ചുള്ള പിറന്നാള്‍ വരുന്ന 5ന് ആണ്. ആ ദിവസം വലിയൊരു ആഘോഷമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മധു അനുമതി നല്‍കിയെന്നും സുരേഷ് ഗോപി അറിയിച്ചു.  'ലാലിനെയും മമ്മൂട്ടിയെയും വിളിച്ച് സംസാരിച്ചശേഷം ഇക്കാര്യം ഉറപ്പിക്കും. ചെറിയ രീതിയില്‍ ഈ വീട്ടില്‍ തന്നെ ആഘോഷം നടത്താനാണ് മധുസാറിനു താല്‍പര്യം''- സുരേഷ് ഗോപി പറഞ്ഞു.

ഉച്ചയ്ക്കു ചെറിയൊരു സദ്യ. പിറന്നാള്‍ വാര്‍ത്തയറിഞ്ഞ് കണ്ണമ്മൂലയിലെ 'ശിവഭവനത്തി'ലേക്ക് എത്തിയവര്‍ക്കെല്ലാം പായസം നല്‍കി. ഭാര്യയുടെ മരണശേഷം മധു പിറന്നാളുകള്‍ കാര്യമായി ആഘോഷിക്കാറില്ല. മകള്‍ ഉമയുടെ നേതൃത്വത്തിലാണ് സദ്യയും ഒരുക്കിയത്. പതിവുപോലെ ക്ഷേത്രങ്ങളില്‍ അര്‍ച്ചനയും നിവേദ്യവും നല്‍കി. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ഒട്ടേറെ ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ ' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
            
വൈകാരികമായ ഓര്‍മകള്‍ കുറിച്ചാണ് ചിന്ത ജെറോം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുമ്പോള്‍ വ്യക്തിപരമായി എനിക്ക് ആരാണ് മധു സാര്‍ എന്ന് കുറിക്കണമെന്ന് തോന്നുന്നു എന്നെഴുതിയാണ് പോസ്റ്റ് തുടങ്ങുന്നത്. 
        
       
യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന കാലത്ത് മധുവിനെ ഒരു പരിപാടിക്ക് ക്ഷണിക്കാനായി എത്തിയതും പിന്നീട് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം ഒപ്പം നിന്നതും സഹായിച്ചതുമൊക്കെയാണ് പോസ്റ്റില്‍ പറയുന്നത്. തന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ അടക്കുന്നതു വരെയുള്ള എല്ലാ കര്‍മ്മങ്ങളിലും അദ്ദേഹം ഒപ്പം നിന്നെന്നും ഒരു കുടുംബാംഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് എല്ലാ ചുമതലയും നിര്‍വഹിച്ചതും അദ്ദേഹമായിരുന്നെന്നും തിരിച്ചു മടങ്ങുമ്പോള്‍ പപ്പ പോയത് മോള്‍ക്ക് വലിയ നഷ്ടമാണെന്ന് തന്നോട് പറഞ്ഞെന്നും ചിന്ത കുറിക്കുന്നുണ്ട്.

പിജി പഠനത്തിനുശേഷം തുടര്‍ വിദ്യാഭ്യാസം ചെയ്യണം എല്ലാ ഉത്തരവാദിത്വങ്ങളും പപ്പയുടെ സ്ഥാനത്ത് നിന്ന് ചെയ്യാന്‍ താന്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി. തനിക്ക് ആദ്യമായി ഉപയോഗിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തന്നത് മുതല്‍ ഇടാനുള്ള നല്ല നല്ല വസ്ത്രങ്ങള്‍ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നെന്നും ചിന്ത പറയുന്നുണ്ട്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്        
        
എനിക്ക് ആരാണ് മധുസാര്‍
        
ഞാന്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുമ്പോള്‍ ( ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി ) യൂണിവേഴ്‌സിറ്റി യൂണിയന്റെ യൂത്ത് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനത്തിന് ഞാനും ജനറല്‍ സെക്രട്ടറി അരുണ്‍ വികെയും കണ്ണമ്മൂലയിലുള്ള മധു സാറിന്റെ വീട്ടിലെത്തി പരിപാടിക്ക് ക്ഷണിച്ചു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള മഹാനടനെ നേരിട്ട് കണ്ട വിസ്മയത്തിലായിരുന്നു ഞങ്ങള്‍ രണ്ടു പേരും . വീട്ടില്‍ എത്തിയപ്പോള്‍ വീടിന് പുറകിലുള്ള പറമ്പില്‍ തൊഴിലാളികള്‍ക്കൊപ്പം ജോലിയില്‍ വ്യാപൃതനായി നില്‍ക്കുന്ന സിനിമാതാരം മധുവിനെയാണ് ഞങ്ങള്‍ കണ്ടത്. ഊഷ്മളമായി ഞങ്ങളെ സ്വീകരിച്ചു സ്വീകരണ മുറിയില്‍ ഇരുത്തി.

തങ്കം,കുട്ടികള്‍ക്ക് ചായ എടുക്കൂ  എന്ന് ഭാര്യയോട് പറഞ്ഞു. മധുസാറിന്റെ പ്രിയപത്‌നി ഞങ്ങള്‍ക്കരികില്‍ വന്നു മധുരവും ചായയും എല്ലാം നല്‍കി. ഒരു സിനിമാനടന്റെ വീട്ടില്‍ ഇത്ര വലിയ സ്വീകരണം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഞങ്ങള്‍ തിരികെ സ്റ്റുഡന്‍സ് സെന്ററില്‍ എത്തും വരെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പരിപാടിക്ക് വരാമെന്ന് സമ്മതിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തില്‍ മനോഹരമായി ആ പരിപാടി നടന്നു.

പിന്നീടൊരു ദിവസം ഞാനെന്റെ വീട്ടില്‍ കൊല്ലത്ത് നില്‍ക്കുമ്പോള്‍ എന്റെ ഫോണില്‍ മധു സാറിന്റെ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു.മോളുടെ നാട്ടില്‍ ഞാനുണ്ട്. ഞാന്‍ പെട്ടെന്ന് ഫോണുമെടുത്ത് പപ്പയുടെ അടുത്ത് ചെന്നു. പപ്പാ,എനിക്ക് സിനിമാതാരം മധുസാര്‍ മെസ്സേജ് അയച്ചിരിക്കുന്നു. കൊല്ലത്തുണ്ടെന്ന്.
        
പപ്പ ലേശം അത്ഭുതത്തോടു കൂടി ചോദിച്ചു ചെമ്മീനിലെ മധു സാറോ ..? ഞാന്‍ പറഞ്ഞു അതെ '

പപ്പ പറഞ്ഞു വീട്ടിലേക്ക് ക്ഷണിക്കൂ അദ്ദേഹം വരുമോ നമ്മുടെ വീട്ടില്‍ ...
        
    ഞാന്‍ പറഞ്ഞു വീട്ടില്‍ വരാം എന്ന സമ്മതത്തോടു കൂടിയുള്ള മെസ്സേജ് ആണ്. ഉടന്‍ തന്നെ ഞാന്‍ മധു സാറിനെ വിളിച്ചു. പരിപാടി കഴിഞ്ഞ് ഇവിടെ എത്തുമെന്ന് പറഞ്ഞു.കൊല്ലത്തെ പരിപാടി കഴിഞ്ഞു സംഘാടകര്‍ക്കൊപ്പം അദ്ദേഹം വീട്ടില്‍ എത്തി. പപ്പയും മമ്മിയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി നില്‍ക്കുകയാണ്. അവരുടെ യൗവ്വന കാലത്തെ നായകന്‍ അവരുടെ വീട്ടിലേക്ക് എത്തുകയാണ്. സ്‌നേഹപൂര്‍വ്വം ഇവിടെ വന്നു. രണ്ടു മൂന്ന് മണിക്കൂര്‍ പപ്പയുമായി ചിലവഴിച്ചു. അവര്‍ രണ്ടു പേരും വലിയ സൗഹൃദത്തിലായി.

ഇടയ്ക്കിടയ്ക്ക് പപ്പ മധു സാറിനെ വിളിക്കും മധുസാര്‍ കൊല്ലം വഴി പോകുന്ന സമയത്ത് സമയം ക്രമീകരിച്ചു വീട്ടില്‍ വരും. ഞാന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ പോലും മധുസാര്‍ പപ്പയുമായുള്ള സൗഹൃദം തുടര്‍ന്നു.
        
പപ്പയുടെ മരണം അറിഞ്ഞപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് മധുസാര്‍ ഓടിയെത്തിയത്. ഏതോ സിനിമാ ചിത്രീകരണത്തില്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത് അദ്ദേഹം തിരക്കുകള്‍ ഒഴിഞ്ഞ ഒരു ദിവസം വീട്ടിലേക്ക് വരും എന്നാണ്. എന്നാല്‍ വിവരമറിഞ്ഞ് അദ്ദേഹം നില്‍ക്കുന്നിടത്തു നിന്നും യാത്ര ചെയ്തു എത്താന്‍ കഴിയുന്ന സമയം മാത്രം എടുത്ത് കൊണ്ട് വീട്ടിലെത്തി കൊല്ലത്തെ ഭാരതരാഞ്ജി പള്ളിയില്‍ സെമിത്തേരിയില്‍ പപ്പായെ അടക്കുന്നതു വരെയുള്ള എല്ലാ കര്‍മ്മങ്ങളിലും അദ്ദേഹം ഒപ്പം നിന്നു.ഒപ്പം നില്‍ക്കുക മാത്രമല്ല ഒരു കുടുംബാംഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് എല്ലാ ചുമതലയും നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. തിരിച്ചു മടങ്ങുമ്പോള്‍ കരഞ്ഞു തളര്‍ന്നിരിക്കുന്ന എന്നോട് പറഞ്ഞത് പപ്പ പോയത് മോള്‍ക്ക് വലിയ നഷ്ടമാണ് അത്രയും പറഞ്ഞ് അദ്ദേഹം പോയി.

മരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം വിളിച്ചു പഠനം നിന്നു പോകരുത് പിജി പഠനത്തിനുശേഷം തുടര്‍ വിദ്യാഭ്യാസം ചെയ്യണം എല്ലാ ഉത്തരവാദിത്വങ്ങളും പപ്പയുടെ സ്ഥാനത്ത് നിന്ന് ചെയ്യാന്‍ ഞാന്‍ ഉണ്ടാകും എന്ന് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. മധുസാറിന്റെ മകള്‍ ഉമ ചേച്ചിയും സിനിമയിലാണ് പിഎച്ച്ഡി പൂര്‍ത്തീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. എനിക്ക് ആദ്യമായി ഉപയോഗിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തന്നത് മുതല്‍ ഇടാനുള്ള നല്ല നല്ല വസ്ത്രങ്ങള്‍ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു.

ഉമ ചേച്ചിയെ പോലെ തന്നെ കൂടെ നിര്‍ത്തി പഠനവും മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകണമെന്ന് നിരന്തരമായി ഉപദേശിക്കുന്ന വഴികാട്ടിയായി മധുസാറുണ്ട്. 91ന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ് നമ്മുടെ അഭിമാനമായ മധു സാര്‍ . അദ്ദേഹം കലാരംഗത്ത് നല്‍കുന്ന സംഭാവനകള്‍ക്കൊപ്പം വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും വലുപ്പചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും സ്‌നേഹിക്കുന്നതിലും ഒരുവട്ടം പരിചയപ്പെട്ട വ്യക്തിയുടെ പോലും ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് ഹൃദയത്തില്‍ ഇടം കൊടുക്കുന്നതിലും അപൂര്‍വമായ മാതൃക ആണ് . എനിക്കെന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം സമ്മാനിച്ച അവസരങ്ങളില്‍ അവര്‍ണ്ണനീയമായ ഒന്നായി മധു സാറിനെ പരിചയപ്പെട്ടതും അദ്ദേഹം തന്ന കരുതലും സ്‌നേഹവും നിലനില്‍ക്കുകയാണ്.
        
    ഇനിയും ഒരുപാട് നാള്‍ മലയാളികളുടെ കലാ മേഖലയില്‍ മധുസാര്‍ നിറഞ്ഞു നില്‍ക്കട്ടെ. എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും മധുസാറിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.എന്റെ പ്രിയപ്പെട്ട മധുസാറിന് എന്റെയും മമ്മിയുടെയും ഒരായിരം പിറന്നാള്‍ ആശംസകള്‍.??
        
        


        

Read more topics: # നടന്‍ മധു
actor madhu 91st birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES