കൈയില്ലാത്ത ഒരാളെ കാണുമ്പോഴാണ് വിരലില്ലാത്തവന് തന്റെ നഷ്ടം ഒന്നുമല്ല എന്ന് തിരിച്ചറിയുന്നത്. അതുപോലെയാണ് രോഗങ്ങളുടെ കാര്യവും മറ്റൊരാളുടെ അസുഖം കാണുമ്പോള്‍ മാത്രമേ തങ്ങളുടെ രോഗം ഒന്നുമല്ലെന്ന് ചിലര്‍ മനസിലാക്കുക. ഇപ്പോള്‍ അത്തരത്തില്‍ അപൂര്‍വ്വ രോഗത്തിന് അടിമയായ ഒരു യുവാവിന്റെ കഥ ലോകമാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ ഇത് കാണുന്നവര്‍ ഒരേ പോലെ പ്രാര്‍ഥിക്കുന്നത് എത്രയും വേഗം ഈ യുവാവിന് സുഖപ്പെടണേ എന്നാണ്.
ബംഗ്ലാദേശ് സ്വദേശിയായ അബുള്‍ ബജന്ദര്‍ എന്ന യുവാവാണ് അപൂര്‍വ്വ രോഗത്തിന് അടിമയായി ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.അത്യപൂര്‍വമായ ജനിതകരോഗത്തിന്റെ പിടിയിലാണ് ബജന്ദര്‍. കൈകാലുകളില്‍ മരത്തൊലി പോലെ വളര്‍ച്ച വരുന്നതാണ് ബജദറിന്റെ രോഗം. 25 ഓളം ശസ്ത്രക്രിയകള്‍ നടത്തിയിട്ടും ബജന്ദറിന് ഇതുവരെ യാതൊരു പ്രയോജനവുമില്ല. 'ട്രീ മാന്‍ സിന്‍ഡ്രോം' അഥവാ epidermodysplasia verruciformsi എന്ന ജനിതകരോഗമാണ് ബജന്ദറിനുള്ളത്.
ഇരുപത്തെട്ടുകാരനായ അബുള് ബജന്ദര്‍ റിക്ഷ വലിച്ചാണ് ഭാര്യയും മകളും ഉള്‍പെടെയുള്ള കുടുംബത്തെ പോറ്റിയിരുന്നത്. എന്നാല്‍ ബജന്ദറിന് രോഗം പ്രത്യക്ഷപ്പെട്ടതിനു ശേഷം ജോലി ചെയ്യാന് പോലും സാധിക്കാതെയായി. തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. 25 ഓളം ശസ്ത്രക്രിയകള്‍ ഇതിനോടകം ബജന്ദറിന് ചെയ്തുകഴിഞ്ഞു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. ഓരോ വട്ടവും ശസ്ത്രക്രിയയിലൂടെ വളര്‍ച്ചകള്‍ മുറിച്ചു മാറ്റും എന്നാല്‍ മാസങ്ങള്‍ക്കകം ഇവയെല്ലാം വീണ്ടും വളരുകയാണ്. ഇപ്പോള്‍ കാലിലും രോഗം കണ്ട് തുടങ്ങി.
കൈകാലുകളില്‍ മരത്തൊലി പോലെ അസാധാരണ വളര്‍ച്ചയാണ് രോഗം. ബജന്ദറിന്റെ കൈകളില്‍ വളരുന്ന മരത്തൊലിക്കു സമാനമായ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ 2016 മുതലാണ് ഇരുപത്തിയഞ്ചോളം ശസ്ത്രക്രിയകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ആദ്യം നടത്തിയ ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷയിലായിരുന്നുവെങ്കിലും മേയ് മാസത്തില്‍ വീണ്ടും സമാനമായ വളര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതോടെ ജീവനക്കാരോട് പറയാതെ ബജന്ദര്‍ ആശുപത്രി വിട്ടു. എന്നാല്‍ രോഗം കലശലായതോടെ വീണ്ടും ബജന്ദര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സ തേടിയിരിക്കയാണ്. ബജന്ദറിന്റെ പാദത്തിലെയും കയ്യിലെയും പുതിയഭാഗങ്ങളില് വീണ്ടും രോഗം പ്രത്യക്ഷപ്പെട്ടിരിക്കയാണ്. സൗജന്യ ചികിത്സയാണ് ബജന്ദറിന് നല്‍കുന്നത്. ഇതിന് പുറമേ മികച്ച ചികിത്സ നല്‍കാന്‍ ബംഗ്‌ളാദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തന്റെ രോഗം പൂര്‍ണമായി ഭേദമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബജന്ദര്‍ പറയുന്നു.
എന്നാല്‍ ബജന്ദറിന്റെ സ്ഥിതി ഇപ്പോള്‍ ഗുരുതരമായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കൂടുതല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നും ഇവര്‍ പറയുന്നു. അതേസമയം രോഗം ഭേദമാവുകയണെങ്കില് അത് വൈദ്യശാസ്ത്രത്തില് നാഴികക്കല്ലാകുമെന്നായിരുന്നു ഡോക്ടര്മാര് വിലയിരുത്തല്‍. ലോകമെമ്പാടും വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് ഇതുവരെ ഈ രോഗം സ്ഥിരികരിച്ചിട്ടുള്ളത്. 2017ല് ഒരു പെണ്കുട്ടിക്കും ബംഗ്ലാദേശില്‍ ട്രീമാന്‍രോഗം സ്ഥിരീകരിച്ചിരുന്നു.