ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. 44 ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഒരു മലയാളിയും ഉണ്ടായിരുന്നു. ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകരും താരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. എന്നാല്‍ തന്റെ തിരക്കുകളൊക്കെ മാറ്റി വച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ വയനാട് ലക്കിടി സ്വദേശിയായ വിവി വസന്ത കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ഓടിയെത്തി. വസന്തകുമാറിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും സമാശ്വാസവാക്കുകള്‍ പറഞ്ഞാണ് താരം മടങ്ങിയത്. വസന്തകുമാറിന്റെ വീട്ടിലെത്തിയ വിവരം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
നഷ്ടമായത് 44 ജീവനുകളാണ്... പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ് ..കാരണം അവര്‍ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണ് .. ധീര ജവന്മാര്‍ക്ക് ആദരാഞ്ജലികള്‍- എന്ന സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് വൈറലാകുകയാണ്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ പറയണം, മടിക്കരുത്, എന്നാണ് രാജ്യത്തിന് വേണ്ടി ജീവനര്‍പ്പിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ വീട്ടിലെത്തി സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഇതിന് ശേഷമാണ് ആദരാഞ്ജലികളുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷപണ്ഡിറ്റ് നിറകണ്ണുകളോടെ എത്തിയത്.
നാട്ടില്‍നിന്നു മടങ്ങി ഒരാഴ്ച കഴിയും മുന്‍പാണു വസന്തകുമാര്‍ മരിച്ചെന്ന സങ്കട വാര്‍ത്ത എത്തിയത്. ഈമാസം രണ്ടിന് വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടിലെത്തി അവധിയാഘോഷം ഒന്‍പതാം തീയതിയാണ് മടങ്ങിയത്. 2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പുല്‍വാമയിലെത്തിയ വിവരം വീട്ടുകാരെ വിളിച്ച് പറഞ്ഞിരുന്നു. സിആര്‍പിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാര്‍ 18 വര്‍ഷമായി സേനാംഗമാണ്. വൈത്തിരി പൂക്കോട് സര്‍വകലാശാലയ്ക്കു സമീപം വാസുദേവന്‍- ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. പൂക്കോട് വെറ്ററിനറി കോളേജില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ഷീന. മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ അനാമിക, യുകെജി വിദ്യാര്‍ത്ഥിയായ അമര്‍ദീപ് എന്നിവര്‍ മക്കളാണ്. രണ്ടു വര്‍ഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെ വസന്ത് കുമാറിന്റെ ഭൗതീകശരീരം എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വിമാനത്താവളത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങുന്ന മൃതദേഹം കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗമായിരിക്കും വയനാട്ടിലേക്ക് കൊണ്ടുവരിക. തുടര്‍ന്ന് ലക്കിടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. പൊതുദര്‍ശനത്തിന് ശേഷം തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിയിലെ കുടുംബ ശ്മശാനത്തില്‍ പൂര്‍ണ സൈനീക ബഹുമതികളോടെ സംസ്‌കരിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും.