കോവിഡിന്റെ ആദ്യ തരംഗത്തില്‍ മലയാളക്കരയെ ഒന്നാകെ കരയിച്ച നിധിനെയും ആതിരയേയും ഓര്‍മ്മയുണ്ടോ അത്ര പെട്ടെന്ന് മറക്കാന്‍ നമുക്ക് സാധിക്കില്ല അല്ലേ.. പ്രത്യേകിച്ചും പ്രവാസികള്‍ക്ക്. നിധിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയാകുകയാണ് ഇപ്പോള്‍. നിധിന്റെ കാണാന്‍ കാത്തിരുന്ന കൊതിച്ചിരുന്ന പൊന്നുമോള്‍ക്ക് ഒരു വയസും.. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ നിധിനെ ആരൊക്കെ ഓര്‍ത്തു എന്നറിയില്ല. എങ്കിലും സുഹൃത്തുക്കള്‍ നിധിന്റെ പതിവു ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു.
യുഎഇ പ്രവാസിയായിരുന്നു നിധിന്‍ ചന്ദ്രന്‍. വിവാഹ ശേഷം നിധിനൊപ്പം ഗള്‍ഫിലായിരുന്നു ആതിര. ഇതിനിടയിലാണ് ഗര്‍ഭിണിയായത്. പ്രസവം അടുക്കുന്നതോടെ നാട്ടിലേക്ക് വരാനിരിക്കെയാണ് കോവിഡ് രൂക്ഷമാകുന്നത്. ഇതോടെ വിമാനങ്ങളെല്ലാം റദ്ദാക്കിയപ്പോള്‍ ആതിരയെ പോലെ നൂറുകണക്കിന് ഗര്‍ഭിണികളാണ് നാട്ടിലേക്ക് വരാനാകാതെ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയത്. ഈ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് നാട്ടില്‍ പോകാന്‍ വിമാനം അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ ദമ്പതികളായിരുന്നു കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ജി.എസ് ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനും.
കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി 'ഇന്‍കാസ്' സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഇടപെടലുണ്ടാക്കിയതിനുള്ള നന്ദി സൂചകമായി ഷാഫി പറമ്പില്‍ എം.എല്‍.എ ആതിരക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റ് വാങ്ങാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിധിനും പകരം രണ്ടു പേര്‍ക്ക് ടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. ആതിര നാട്ടിലേക്ക് വരികയും പ്രസവം അടുക്കുന്ന ദിവസത്തില്‍ നാട്ടിലേക്ക് വരാമെന്ന പ്രതീക്ഷയില്‍ നിധിന്‍ യുഎഇയിലും കഴിയുകയായിരുന്നു.
ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിന്‍ പറഞ്ഞിരുന്നു. പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്‌ക്കൊപ്പം നാട്ടില്‍ പോകാന്‍ നിധിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്.
അച്ഛനാകാന്‍ പോകുന്ന സന്തോഷത്തോടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന 28കാരനായ നിധിനെ അപ്രതീക്ഷിതമായി മരണം തേടിയെത്തുകയായിരുന്നു. 2020 ജൂണ്‍ എട്ടിന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
മരണവിവരം അറിഞ്ഞ ബന്ധുക്കള്‍ പ്രസവത്തിന് മുമ്പുള്ള കോവിഡ് പരിശോധനക്കെന്ന് പറഞ്ഞ് ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂൈല ആദ്യവാരമായിരുന്നു പ്രസവം കണക്കാക്കിയിരുന്നതെങ്കിലും നിധിന്റെ മരണവിവരം അറിയിക്കുന്നതിന് മുമ്പ് പ്രസവ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ രാവിലെ 11.40ന് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
നിധിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിന് തൊട്ടുമുമ്പാണ് ആതിരയെ ഡോക്ടര്‍മാര്‍ മരണവിവരം അറിയിക്കുന്നത്. വാവിട്ട് കരഞ്ഞ ആതിരയെ എങ്ങിനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഡോക്ടര്‍മാരും ബന്ധുക്കളും കുഴങ്ങിയിരുന്നു. 11 മണിയോടെയാണ് മാസ്‌കും സുരക്ഷാവസ്ത്രവുമണിയിച്ച് ആതിരയെ വീല്‍ചെയറില്‍ ആംബുലന്‍സിനടുത്തേക്ക് കൊണ്ടുവന്നത്. കരള്‍ നുറുങ്ങുന്ന വേദനയില്‍ ആതിര പ്രിയതമന് വിടചൊല്ലുകയും ചെയ്തു.
ദുബായിലെ സ്വകാര്യകമ്പനിയില്‍ എഞ്ചിനീയറായിരുന്നു നിതിന്‍. യു.എ.ഇയില്‍ സജീവ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗള്‍ഫിലെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിലും, ബ്ലെഡ് ഡോണേഴ്‌സ് കേരളയിലും സജീവഅംഗമായിരുന്നു. കോവിഡ് പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് മരണം. ആറ് വര്‍ഷമായി ദുബായിലുണ്ട്. നിതിന്റെ ഓര്‍മ്മ ദിവസം സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുമായി സജീവമാവുകയാണ് നിതിന്റെ ഗള്‍ഫിലെയും നാട്ടിലെയും സഹപ്രവര്‍ത്തകര്‍.