മലയാള സിനിമയുടെ തീരാ നഷ്ടമാണ് നടി കല്‍പ്പന. വ്യത്യസ്താര്‍ന്ന കഥാപാത്രങ്ങളിലൂടെ ഇന്നും നടി മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നുണ്ട്. ചിരിയുടെ മാല പ്പടക്കം പൊട്ടിച്ച ആ നടി ഓര്‍മ്മയായിട്ട് നാലുവര്‍ഷം പിന്നിട്ടിരിക്കയാണ്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഭര്‍ത്താവ് അനിലുമായി വേര്‍പിരിയുകയായിരുന്നു കല്‍പ്പന. ശ്രീമയി എന്ന ഒരു മകളാണ് താരത്തിന്. കല്‍പ്പനയുടെ പല അഭിമുഖങ്ങളും ഇന്നും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്.
ഇപ്പോഴിതാ ആദ്യ പ്രണയത്തെ കുറിച്ച് കല്‍പന പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ പ്രശ്നത്തെ കുറിച്ചും അതില്‍ തോന്നിയ വാശി പ്രണയത്തിലും വിവാഹത്തിലുമെത്തിയതിനെ കുറിച്ചും നടി പറഞ്ഞിരിക്കുന്നത്. കല്യാണത്തിന് മുന്‍പ് എത്ര പ്രണയങ്ങള്‍ ഉണ്ടായിരുന്നു എന്നതായിരുന്നു അഭിമുഖത്തിനിടെ കല്‍പനയോട് ചോദിച്ചത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു. ഞാന്‍ സ്‌നേഹിച്ചത് ഒരു പത്ത് പേരെ ആയിരുന്നെങ്കില്‍ എന്നെ സ്‌നേഹിച്ചത് ഇരുപത് പേരായിരിക്കും. പക്ഷെ അങ്ങനെ ഒക്കെ വരും എന്ന് വിചാരിച്ച് ആയിരിക്കും എന്നെ കോളേജില്‍ വിടാത്തതെന്ന് കല്‍പ്പന പറയുന്നു.
വിവാഹത്തിന് മുന്‍പെന്ന് പറഞ്ഞാല്‍ ഞാന്‍ സ്‌നേഹിച്ച് പഞ്ചാരയടിച്ച് പുറകേ നടക്കുകയായിരുന്നുവെന്നും കല്‍പ്പന പറയുന്നു. അത് തന്നെ പത്ത് പന്ത്രണ്ട് പേരുണ്ട്. പക്ഷേ അതൊക്കെ സിനിമയിലായി പോയി. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഒറ്റയാള്‍ പട്ടാളം തുടങ്ങിയ സിനിമകളിലൊക്കെയായിരുന്നു. ജീവിതത്തിലാണ് ചോദിച്ചതെങ്കില്‍ അങ്ങനെ ഒരു സംഭവമേ ഇല്ല. എന്നെ പ്രേമിക്കാന്‍ ആര്‍ക്കും ധൈര്യമില്ലാത്തത് കൊണ്ടാണോന്നും അറിയത്തില്ല. തനിക്ക് ജീവിതത്തില്‍ ആദ്യമായി പ്രണയം തോന്നിയതിനെക്കുറിച്ചും താരം പറയുന്നുണ്ട്.
25 വയസുള്ളപ്പോള്‍ എനിക്ക് ആദ്യം പ്രണയം തോന്നിയ വ്യക്തി അനിലാണ്. അങ്ങേരെ തന്നെ കല്യാണം കഴിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമാണ്. ഒരു വാശിപ്പുറത്താണ് അങ്ങേരെ കെട്ടിയത്. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുമായിട്ടാണ് എനിക്ക് അന്നും ഇന്നും സൗഹൃദമുള്ളത്. സംവിധായകന്മാരോ നിര്‍മാതാക്കളോ തുടങ്ങി ആരുമായിട്ടും സൗഹൃദമില്ലായിരുന്നു. പിന്നെ കൂട്ട് ഉള്ളത് ലൈറ്റ്മാന്‍സും പ്രൊഡക്ഷന്‍ കുട്ടികളുമാണ്. അത് കഴിഞ്ഞാല്‍ ക്യാമറ അസിസ്റ്റന്റുമാര്‍ തുടങ്ങിയവരൊക്കെയാണ് എന്റെ കൂട്ടുകാര്‍. ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ് എന്ന സിനിമയുടെ ലൊക്കേഷനില്‍ സംഭവിച്ച കാര്യത്തെ കുറിച്ചും കല്‍പന പറഞ്ഞിരുന്നു.
അനില്‍ ബാബു ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ചിത്രത്തില്‍ ചട്ടയും മുണ്ടും ധരിക്കാനായിരുന്നു കല്‍പനയോട് പറഞ്ഞതെങ്കിലും കെപിഎസി ലളിത അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരം താന്‍ സാരി ഉടുത്ത് നിന്നു. അത് ഇഷ്ടപ്പെടാതിരുന്ന അനില്‍ അന്നേ ദിവസം തന്നെ ഷൂട്ടിന് വിളിച്ചില്ല. അന്ന് താന്‍ മനസില്‍ കരുതിയതാണ് അദ്ദേഹത്തെ കെട്ടി ഒരു പണി കൊടുക്കണമെന്ന്. അന്നൊക്കെ പണി കൊടുക്കാന്‍ പറ്റിയ അവസരം ഇത് മാത്രമേ ഉള്ളു. അങ്ങനെ ഒരു വാശിപ്പുറത്താണ് അനിലിനെ വിവാഹം കഴിച്ചതെന്നും നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.