നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നാലുമക്കളും ഭാര്യയും രാധികയും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് താരത്തിന്. താരത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. മികച്ച ഒരു ഗായിക കൂടിയാണ് രാധിക. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലെ അവതാരകനായ സുരേഷ് ഗോപി തന്റെ അറിവുകളും അനുഭവങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇതോടെ സിനിമയില്‍ നിന്നും അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം ഇടവേള അവസാനിപ്പിച്ചത്. ലേലം 2 മുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അധികമാരും അറിയാത്ത സുരേഷ് ഗോപിയെക്കുറിച്ച് വെളിപ്പെടുത്തിയായിരുന്നു കഴിഞ്ഞ ദിവസം ആലപ്പി അഷ്റഫ് എത്തിയത്. അമ്മയില്‍ നിന്നും പിന്‍വാങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും രതീഷിന്റെ മകളുടെ വിവാഹം നടത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന്റെ കുറിപ്പിലുണ്ടായിരുന്നു. താരസംഘനയായ അമ്മയില്‍ മുന്‍നിരതാരങ്ങളെല്ലാം ഉണ്ടായിട്ടും സുരേഷ് ഗോപി മാറി നില്‍ക്കാന്‍ ആരംഭിച്ചിട്ട് പത്തുവര്‍ത്തിലേറെയായി. സുരേഷ് ഗോപി അമ്മയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് പല തരത്തലുളള അഭ്യൂഹങ്ങളാണ് ഉയരുന്നത്.
പലതും പറഞ്ഞുകേട്ടെങ്കിലും വ്യക്തിപരമായി സംഭവിച്ച ഒരു വിഷയത്തിന് പിന്നാലെയാണ് മാറിനില്‍ക്കുവാന്‍ തുടങ്ങിയതെന്ന് സുരേഷ് ഗോപി തന്നെ മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. 'അവര്‍ക്ക് നന്നായിട്ടറിയാം എന്തുക്കൊണ്ടാണ് ഞാന്‍ സഹകരിക്കാത്തതെന്ന്. ഒരു ഗ്രൂപ്പിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് എതിരെ നിന്നത് കൊണ്ടല്ല. സുരേഷ് ഗോപി പറയുന്നു. 1997ല്‍ ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയായിരുന്നു അറേബ്യന്‍ ഡ്രീംസ്. നാട്ടില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്ത് കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് കളിച്ചു. ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഈ ഷോ ഇവിടങ്ങളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക് തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചു
കല്‍പ്പനയും ബിജു മേനോനും താനും പ്രതിഫലം വാങ്ങിയില്ല. ഈ അഞ്ച് സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗില്‍ ചോദ്യം വന്നു. അന്ന് ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും എന്നെ മീറ്റിംഗില്‍ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാന്‍ ശരിക്കും പാവമാ. അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോ എന്ന് അമ്പിളിച്ചേട്ടന്‍ ചോദിച്ചു. ആ 'താന്‍' ഞാന്‍ പൊറുക്കില്ല. എനിക്ക് വലിയ വിഷമമായി. തിരിച്ചു പറയേണ്ടി വന്നു. അയാള്‍ അടച്ചില്ലെങ്കില്‍ ഞാന്‍ അടക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങി പോയി. എന്നിട്ടും അയാള്‍ അത് അടച്ചില്ല. അപ്പോള്‍ അമ്മയില്‍ നിന്നും രണ്ടു ലക്ഷം പിഴയടക്കാന്‍ നോട്ടീസ് വന്നു. എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുളള പണമെടുത്തടച്ചു. പക്ഷേ അന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാന്‍ അവിടെ ഏറ്റെടുക്കില്ല. ഞാന്‍ മാറിനില്‍ക്കും. പക്ഷേ അമ്മയില്‍ നിന്നും അന്വേഷിക്കും ഇപ്പോഴും. 1999മുതല്‍ ഒരു തീരുമാനമെടുക്കുമെങ്കില്‍ എന്നോട് കൂടി ചര്‍ച്ച ചെയ്തിട്ടേ എടുക്കൂ. പ്രസിഡണ്ട് ആവണമെന്ന് ഇന്നസെന്റ് പലതവണ പറഞ്ഞപ്പോഴും പറ്റില്ലെന്ന് അറിയിച്ച കാര്യവും സുരേഷ് ഗോപി പറയുന്നു. ഞാന്‍ ശിക്ഷ വാങ്ങിപ്പോയി. എനിക്കിനി അവിടെ പറ്റില്ല. ഞാന്‍ ഇങ്ങനെ നിന്നോളാം. അവിടെ വരുന്നില്ല. അമ്മയുടെ എന്തെല്ലാം പദ്ധതികളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. 2004ല്‍ അമ്മയും ടെക്നിക്കല്‍ വിഭാഗവുമായി യുദ്ധം നടക്കുമ്പോള്‍ ഞാന്‍ ഒരു വിമതനാണ്. എന്നെ പിടിച്ചാല്‍ അമ്മയെ ഉടയ്ക്കാന്‍ കഴിയുമെന്ന് പോലും ചിലര്‍ വിചാരിച്ചു. പലരെയും കൊണ്ടുപോയില്ലേ. ഞാന്‍ അതില്‍ ഉണ്ടായിരുന്നില്ലല്ലോ. ഞാന്‍ ഇപ്പോഴും സംഘടനയുടെ ഭാഗമാണ്. ഹൃദയം കൊണ്ട് അവര്‍ക്കൊപ്പമുണ്ട്. ടെക്നിക്കലായി ഒരു പ്രശ്നമുണ്ടെന്ന് മാത്രം. അവര്‍ എന്നെ നിര്‍ബന്ധിക്കുന്നുമില്ല. അഭിമുഖത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി.