Latest News

ഞാനറിയുന്നില്ല എന്റെ മകന്‍ ജീവന് വേണ്ടി പിടയുകയാണെന്ന; 21 ദിവസം മോന്‍ അതേ കിടപ്പായിരുന്നു; അഹങ്കാരത്തിന് കിട്ടിയ ശിക്ഷയെന്ന് പറഞ്ഞു; ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ധൈര്യം കൊണ്ട് നേരിട്ട കഥ പറഞ്ഞ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി

Malayalilife
 ഞാനറിയുന്നില്ല എന്റെ മകന്‍ ജീവന് വേണ്ടി പിടയുകയാണെന്ന; 21 ദിവസം മോന്‍ അതേ  കിടപ്പായിരുന്നു; അഹങ്കാരത്തിന് കിട്ടിയ ശിക്ഷയെന്ന് പറഞ്ഞു; ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ധൈര്യം കൊണ്ട് നേരിട്ട കഥ പറഞ്ഞ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി

ബ്ദം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. സമൂഹത്തിലെ ഒട്ടുമിക്ക സംഭവങ്ങളിലും തന്റ പ്രതികരണം താരം രേഖപ്പെടു ത്താറുണ്ട്. തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവച്ചും ഭാഗ്യ ലക്ഷമി എത്താറുണ്ട്. തന്റെ ജീവിതത്തലുണ്ടായ വലിയൊരു പ്രതിസന്ധിയെ തരണം ചെയ്തത് എങ്ങനെയെന്നു പറയുകയാണ് താരം. മകന് അപകടം സംഭവിച്ചതിനെക്കുറിച്ചും ഇരുപത്തിയൊന്നു ദിവസം ആശുപത്രിയില്‍ കഴിഞ്ഞതും പങ്കുവച്ച ഭാഗ്യലഷ്മി ആ അവസ്ഥ തരണം ചെയ്തത് ഓര്‍ത്ത് ഇന്നും താന്‍ അത്ഭുതപ്പെടാറുണ്ടെന്ന് പറയുന്നു.

ഭയം ഒന്നിനും ഒരു പരിഹാരമല്ല..ഭയം നമ്മളെ തളര്‍ത്താനേ സഹായിക്കൂ. ഭയമാണ് നമ്മുടെ ശത്രു. ഭയപ്പെടുന്തോറും ശത്രുവിന് ശക്തി കൂടും, അത് രോഗമായാലും മനുഷ്യനായാലും..പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് യാത്ര പോവുമ്‌ബോള്‍ മുഖത്തെ പരിഭ്രമം നിങ്ങള്‍ക്ക് ശത്രുവാകും. എല്ലാ രീതിയിലും നിങ്ങളെ മുതലെടുക്കാന്‍ ആ മുഖഭാവം മതി ശത്രുവിന്..തെറ്റ് ചെയ്യാത്തവനെന്തിന് ഭയക്കണം..? ഒറ്റക്കുളള ജീവിത യാത്രയില്‍ ധൈര്യം മാത്രമാണ് എന്റെ സുഹൃത്ത്.. 2007 ലാണ് എന്റെ ഇളയ മകന് ഒരു വാഹനാപകടമുണ്ടാവുന്നത്.മൂത്ത മകന് വയറിന് സുഖമില്ലാതെ കരിക്ക് വാങ്ങാന്‍ പുറത്തേക്ക് പോയതാണ്. ബൈക്ക് ആക്‌സിഡണ്റ്റ് ആയിരുന്നു..തല പോസ്റ്റില്‍ ചെന്നിടിച്ച് റോഡിലേക്ക് തെറിച്ച് വീണ അവനെ ആരും തൊടാതെ നോക്കിക്കൊണ്ടിരിക്കുകയാണ്..അവന്‍ നിലത്ത് കിടന്ന് വിറയ്ക്കുന്നുണ്ടായിരുന്നുവത്രെ എന്റെ വീട്ടില്‍ നിന്ന് നടക്കാവുന്ന ദൂരത്താണ് അപകടം നടന്നത്.

പക്ഷെ ഞാനറിയുന്നില്ല എന്റെ മകന്‍ ജീവന് വേണ്ടി പിടയുകയാണെന്ന്.. അവനോടൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു..അവന് പരിക്ക് അത്ര സാരമല്ല..പക്ഷെ ആ കുട്ടി പേടിച്ച് കരഞ്ഞ് കൊണ്ട് ഓരോരുത്തരോടും സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്.. ഒടുവില്‍ ഏതോ ഒരാള്‍ അവനെയും എന്റെ മകനേയും ഒരു ഓട്ടോയില്‍ കയറ്റി വിട്ടു അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍.. ആശുപത്രിയില്‍ നിന്ന് അവന്റെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈലില്‍ നിന്നാണ് എന്റെ നമ്ബറിലേക്ക് വിളിച്ചു വിവരം പറയുന്നത്..എന്തോ ഞാനത്ര ഭയന്നില്ല..ഇന്നും അറിയില്ല എന്താണ് ഞാന്‍ ഭയപ്പെടാതിരുന്നത് എന്ന്.

ഞാനും മൂത്ത മകനും ആശുപത്രിയില്‍ എത്തി.ഞാന്‍ തന്നെയാണ് കാറോടിച്ചത്..ആശുപത്രിയില്‍ അവനെ ആംബുലന്‍സില്‍ തന്നെ കിടത്തിയിരിക്കുകയാണ്. ഞാന്‍ ചെന്നപ്പോള്‍ അവന്റെ ചെവിയില്‍ കൂടിയും മൂക്കില്‍ കൂടിയും ചോര ഒഴുകുന്നുണ്ട്. ബോധമില്ല... വേഗം കിംസിലേക്ക് വിടാനാണ് ഞാന്‍ പറഞ്ഞത്.

വേണ്ട മേഡം സീരിയസ്സാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതാണ് നല്ലത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. അതൊരു ഞായറാഴ്ചയായിരുന്നു...ആ ദിവസം ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഇല്ലെങ്കില്‍ എന്റെ മകന്റെ അവസ്ഥ എന്താവും എന്നാണ് ഞാന്‍ ചിന്തിച്ചത്.മൂത്ത മകനോട് ആംബുലന്‍സില്‍ കയറാന്‍ പറഞ്ഞു, ഞാന്‍ പിറകേ കാറില്‍ ചെല്ലാമെന്ന് പറഞ്ഞു. ഈയവസ്ഥയില്‍ എങ്ങനെ കാറോടിക്കും എന്ന് ചുറ്റും നിന്നവര്‍ ചോദിച്ചു..അതൊക്കെ ഞാന്‍ നോക്കിക്കോളാം നിങ്ങള്‍ വേഗം കിംസിലേക്ക് പോകൂ എന്ന് പറഞ്ഞു..ആംബുലന്‍സിന് പിറകേ ഞാനും കാറോടിക്കുന്നുണ്ടെങ്കിലും മൊബൈലില്‍ ഞാന്‍ രഘുച്ചേട്ടനെയാണ് ആദ്യം വിളിച്ച് വിവരമറിയിച്ചത്.. അദ്ദേഹം കിംസിലെ ബോര്‍ഡ് മെമ്ബര്‍ ആയിരുന്നു..ഒപ്പം ഇ എം നജീബിനെയും വിളിച്ചു...

ഞങ്ങള്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ എല്ലാ ഡോക്ടര്‍മാരും അവിടെ എത്തിയിരുന്നു..സ്‌കാനിങ്ങ് ഉം എല്ലാം കഴിഞ്ഞ് മോനെ ഐസിയു വിലാക്കി.. ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ഷാജഹാനായിരുന്നു ചികിത്സ ഏറ്റെടുത്തത്.. അദ്ദേഹം രഘുച്ചേട്ടനോട് മോന്റെ ഗുരുതരാവസ്ഥ പറഞ്ഞു..ഇതെങ്ങിനെ എന്നോട് പറയും എന്ന് ചിന്തിക്കുകയാണവര്‍..പറയൂ എന്തായാലും ഞാന്‍ സഹിക്കും. ഞാനല്ലേയുളളു എല്ലാം സഹിക്കാന്‍..താങ്ങാന്‍ ആളില്ലല്ലോ.

അപ്പോള്‍ ശക്തി കൂടണ്ടേ..തലയോട്ടിയില്‍ പൊട്ടലുണ്ട്, വെന്റ്റിലേറ്ററിലേക്ക് മാറ്റണം. അബോധാവസ്ഥയില്‍ ഫിറ്റ്‌സ് വന്നാല്‍ അപകടമാണ്. ഒരുപക്ഷെ എമര്‍ജെന്‍സി സര്‍ജറി വേണ്ടിവരും..ഇപ്പോള്‍ തത്കാലം ഒന്നും ചെയ്യാനാവില്ല..നമുക്ക് നോക്കാം..ചെറിയ കുട്ടിയായതുകൊണ്ട് ഒരു പ്രതീക്ഷയുണ്ട്.. കുറേ പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു..ഞാന്‍ ഒപ്പിടുമ്‌ബോള്‍ ഡോക്ടര്‍ ചോദിച്ചു നിങ്ങള്‍ എന്താണ് കരയാത്തത് സാധാരണ ഇത്തരം സിറ്റുവേഷനില്‍ സ്ത്രീകള്‍ ബോധം കെടും കരഞ്ഞ് നിലവിളിക്കും..

നിങ്ങള്‍ക്ക് ഉറങ്ങണോ മരുന്ന് വേണോ എന്നൊക്കെ ചോദിച്ചു. കരഞ്ഞിട്ടും ബോധം കെട്ടിട്ടും എന്ത് കാര്യം ഇപ്പോള്‍ ആവശ്യം പ്രസന്‍സ് ഓഫ് മൈന്‍ഡ് ആണ്..എന്ത് ചെയ്യണം എന്നാണ് ആലോചിക്കേണ്ടത്.. കരയാനും ബോധം കെടാനും ആര്‍ക്കും പറ്റും. അതൊരു പരിഹാരമല്ലല്ലോ...
അങ്ങനെ അവനെ വെന്റിലേറ്ററിലേക്ക് മാറ്റി.. അവനോടൊപ്പം ഇരിക്കാന്‍ എന്നെ അനുവദിച്ചു. 21 ദിവസം മോന്‍ അതേ കിടപ്പായിരുന്നു.. ഞാനവനോട് വെറുതെ സംസാരിക്കും..

അവിടെയിരുന്ന് ലളിതാ സഹസ്രനാമവും വിഷ്ണു സഹസ്രനാമവും ജപിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ഞാന്‍ ഡബ്ബിങ്‌നും പോയി വരും..അതെന്റെ ആവശ്യമായിരുന്നു.. സാമ്ബത്തികമായും മാനസികമായും അതെനിക്ക് ഒരുപാട് ആശ്വാസമായിരുന്നു. അവന്റെ അച്ഛന്‍ വന്ന് എന്നെ കുറേ പരിഹസിച്ചു.നിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് എന്നൊക്കെ പറഞ്ഞു..ഞാനൊന്നും മിണ്ടിയില്ല.. ഇരുപത്തൊന്നാം ദിവസം അവന്‍ കണ്ണ് തുറന്നു..പക്ഷെ ഓര്‍മ്മകള്‍ ഒന്നുമില്ല.. ഞാനാരാണെന്നറിയില്ല..ആരേയും അറിയില്ല.. സാരമില്ല നമുക്ക് കാത്തിരിക്കാം എന്ന് പറഞ്ഞു ഡോക്ടര്‍മാര്‍.

എന്തൊക്കെയോ ഭാഷയില്‍ അവന്‍ സംസാരിക്കും..തലയോട്ടിക്ക് പറ്റിയ ക്ഷതമാണ് കാരണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്..വീണ്ടും ഒരു ദിവസം അവന്റെ അച്ഛന്‍ വന്നു അവനെ കാണണമെന്ന് പറഞ്ഞു. കണ്ടോളൂ ഒപ്പം ഇതുവരെ ആയ ബില്ലുകളും കൈയില്‍ കൊടുത്തു ഞാന്‍, പോയി അടച്ചിട്ട് മോനെ കണ്ടോളൂ എന്ന് പറഞ്ഞു..ആ നിമിഷം സ്ഥലം വിട്ടയാള്‍ ഇതുവരെ വന്നിട്ടില്ല അവനെ കാണാന്‍..സന്തോഷം.. ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം ഞാന്‍ മോന്റെ അടുത്തിരുന്ന് സഹസ്രനാമം ജപിച്ചു കൊണ്ടിരുന്നപ്പോള്‍ അമ്മാ എന്നൊരു വിളി കേട്ടു എന്റെ മകനായിരുന്നു വിളിച്ചത്...അന്നാണ് ഞാന്‍ നിയന്തണം വിട്ടു കരഞ്ഞത്.. ഡോക്ടര്‍ ചിരിക്കുന്നുണ്ട് അയ്യേ കരയേണ്ട സമയത്ത് കരയാതെ ഇപ്പോഴാണോ കരയുന്നത് എന്നൊക്കെ പറയുന്നുണ്ട്...

പിന്നീടവന്‍ വേഗത്തില്‍ സുഖം പ്രാപിച്ചു.. ഇന്നും ഞാനത്ഭുതപ്പെടാറുണ്ട് എങ്ങനെയാണ് ഞാനാ അവസ്ഥ തരണം ചെയ്തത് എന്ന്...താങ്ങാന്‍ ആളുണ്ടെങ്കിലല്ലേ തളര്‍ച്ച കൂടൂ. ഞാനിങ്ങനെ എന്റെ ജീവിത വഴികള്‍ എഴുതുന്നത് ഞാനൊരു സംഭവമാണെന്ന് ധരിപ്പിക്കാനല്ല.. തനിച്ചുളള ജീവിത യാത്രയില്‍ ഒരു പ്രതിസന്ധി യിലും ധൈര്യം കൈവിടാതിരിക്കാന്‍ ചിലര്‍ക്കെങ്കിലും പ്രചോദനമാവാന്‍ വേണ്ടിയാണ്.. ഭയം ഒന്നിനും ഒരു പരിഹാരമല്ല.. ധൈര്യം കൈവിടാതെ യാത്ര ചെയ്യൂ...

dubbing artist bhagyalakshmi shares a heartfelt note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES