Latest News

എന്നെ ഒരു നടിയായി കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്‌ അച്ഛനായിരുന്നു; 57 വര്‍ഷത്തെ സിനിമ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് കെ ആര്‍ വിജയ

Malayalilife
എന്നെ ഒരു നടിയായി കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്‌ അച്ഛനായിരുന്നു; 57 വര്‍ഷത്തെ  സിനിമ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന്  കെ ആര്‍ വിജയ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ പഴയകാല നായികയാണ് കെ.ആര്‍ വിജയ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ  സിനിമാലോകത്ത് എത്തിയിട്ട് 57 വര്‍ഷം പിന്നിടുകയാണ്. താരം  തന്റെ സിനിമ ജീവിതത്തെ കുറിച്ചെല്ലാം ഇപ്പോൾ അഴിമുഖം മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

താരത്തിന്റെ വാക്കുകളിലൂടെ  

''എന്നെ ഒരു നടിയായി കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്‌ അച്ഛനായിരുന്നു. അച്ഛന്‍ ഒരു പട്ടാളക്കാരനായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തമിഴ്നാട്ടിലെ പ്രശസ്ത നാടക കലാകാരനായ എം.കെ രാധയുടെ നാടക സമിതിയില്‍ അച്ഛന്‍ പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്‍റെ സ്വദേശം ആന്ധ്രാപ്രദേശ് ആണ്. ഒരിക്കല്‍ തൃശൂരുള്ള നമ്മുടെ ഒരു കുടുംബ സുഹൃത്തിന്‍റെ വീട്ടില്‍ അവധിക്ക് വന്നപ്പോഴാണ് അമ്മയെ കാണുന്നതും വിവാഹം കഴിക്കാന്‍ താല്‍പ്പര്യം ഉണ്ട് എന്ന് പറയുന്നതും. ഒന്‍പതു - പത്ത് വയസ്സുവരെ അമ്ബലത്തില്‍ പോകുന്നതൊഴിച്ചാല്‍ പുറത്തൊന്നും ഞാന്‍ പോയിട്ടേയില്ല. കാണാന്‍ ഇഷ്ട്ടമാണ് എന്നല്ലാതെ എനിക്ക് സിനിമയെക്കുറിച്ച്‌ യാതൊന്നും അറിയില്ലായിരുന്നു. പതിനൊന്നാമത്തെ വയസ്സിലാണ് അച്ഛനും അമ്മയും എന്നെ തമിഴ്നാട്ടിലെ പളനിയിലേയ്ക്ക് കൊണ്ടുപോകുന്നത്. അവിടെ അച്ഛന്‍ പ്രവര്‍ത്തിച്ച എം.ആര്‍ രാധയുടെ നാടക ട്രൂപ്പില്‍ നര്‍ത്തകിയായി വേഷമിട്ടു. 

ആ കാലത്ത് നമ്മള്‍ സ്റ്റേജില്‍ നൃത്തം ചെയ്യുമ്ബോള്‍ ക്യാമറ വഴി പുറത്തു സ്ക്രീനില്‍ അത് കാണിക്കുമായിരുന്നു. ടെലിവിഷന്‍ ഉടനെ തന്നെ ഇന്ത്യയില്‍ വരുമെന്നും ഇതെല്ലാം അതിനു മുന്നോടിയായി വരുന്ന സാങ്കേതിക വിദ്യയാണെന്നുമൊക്കെ അന്ന് പലരും പറഞ്ഞിരുന്നു. നാടകവും നൃത്തപരിപാടിയുമായി തമിഴ്നാട്ടിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും ഞങ്ങള്‍ പോയി. അവസാനം ചെന്നൈയിലുമെത്തി. ചെന്നൈയിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രശസ്ത നടനായ ജെമിനി ഗണേശന്‍ ആയിരുന്നു. വേദിയ്ക്ക് മുന്നിലെ ടിവി സ്ക്രീനിലൂടെ എന്‍റെ ഡാന്‍സ് പ്രോഗ്രാം കണ്ട അദ്ദേഹം ഇടവേള സമയത്ത് വേദിയില്‍ വന്ന് എന്നെ അനുഗ്രഹിച്ചു. എക്സ്പ്രഷനെല്ലാം മികച്ചതാണെന്നും നാളെ നല്ലൊരു അഭിനേത്രിയായി വരുമെന്നും വേദിയില്‍ വച്ച്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ സത്യമായി. ഞാന്‍ ആദ്യമായി നായികയായി അഭിനയിക്കുന്നത് അദ്ദേഹത്തിന്‍റെ ചിത്രത്തിലാണ്.

ചെന്നൈയിലെ ഡാന്‍സ് പ്രോഗ്രാമിനിടയില്‍ എടുത്ത എന്‍റെ ചിത്രങ്ങള്‍ ചില കലണ്ടറുകളില്‍ മുഖചിത്രമായി അച്ചടിച്ചു വന്നിരുന്നു. ഈ കലണ്ടര്‍ കണ്ട തമിഴിലെ പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ കെ.എസ് ഗോപാലകൃഷണന്‍ 'കര്‍പ്പകം' എന്ന പുതിയ ചിത്രത്തില്‍ നായിക ആയി അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അച്ഛനും അമ്മയും അത് കേട്ടയുടന്‍ സന്തോഷത്തോടെ സമ്മതം മൂളി. അന്ന് കൂടുതലും ഒറ്റ ടേക്കില്‍ എടുക്കുന്ന നീണ്ട ഡയലോഗുകള്‍ ആയിരുന്നു സിനിമയില്‍. നാടകത്തില്‍ കാണാതെ പഠിച്ചു പറയുന്നതുകൊണ്ട് തന്നെ അതെല്ലാം എനിക്ക് വളരെ എളുപ്പത്തില്‍ വഴങ്ങി. ആ കാലത്ത് തമിഴ് സിനിമയിലെ ഭൂരിഭാഗം നടീനടന്മാരും നാടകത്തില്‍ നിന്നും വന്നവരായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലെ അഭിനയം എല്ലാവര്‍ക്കും കുറച്ചുകൂടി ആയാസരഹിതമായിരുന്നു. കര്‍പ്പകം എന്ന ടൈറ്റില്‍ റോളില്‍ തന്നെ ആയിരുന്നു ഞാന്‍ അഭിനയിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ ജെമിനി ഗണേശന്‍റെ നായിക ആയി വന്നത് തിരിഞ്ഞു നോക്കുമ്ബോള്‍ വലിയ ഭാഗ്യമായി കരുതുകയാണ്. ജെമിനി ഗണേശനോടൊപ്പം എന്‍റെ നാടക ഗുരു കൂടിയായ എം.ആര്‍ രാധ, എസ്.വി രംഗ റാവു, ആര്‍. മുത്തു രാമന്‍ തുടങ്ങിയ അക്കാലത്തെ പ്രശസ്തരായ നടന്മാര്‍ ആയിരുന്നു കര്‍പ്പകത്തില്‍ അഭിനയിച്ചത്. കര്‍പ്പകം സൂപ്പര്‍ ഹിറ്റായി. തുടര്‍ന്ന് ശിവാജി ഗണേശന്‍റെ നായികയായി കൈകൊടുത്ത ദൈവം ( Kai Koduttha Dheivam) എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ ചിത്രവും ഹിറ്റായതോടെ തമിഴില്‍ നിന്നും നിരവധി അവസരങ്ങള്‍ വരികയായിരുന്നു.

മണവാട്ടി എന്ന ചിത്രത്തിലാണ് മാലയാളത്തില്‍ ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. സത്യന്‍, മധു, രാഗിണി തുടങ്ങിയവര്‍ ആയിരുന്നു മണവാട്ടിയിലെ പ്രധാന അഭിനേതാക്കള്‍. കെ.എസ് സേതുമാധവന്‍ സര്‍ ആയിരുന്നു സംവിധായകന്‍. മണവാട്ടിയിലെ അഷ്ട്ടമുടികായലിലെ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി.

ആദ്യകാലങ്ങളിലൊന്നും അവരുടെ സ്റ്റാര്‍ ഇമേജിനെക്കുറിച്ചൊന്നും കൂടുതലായി അറിയുമായിരുന്നില്ല. മണവാട്ടിയില്‍ അഭിനയിക്കുമ്ബോള്‍ എനിക്ക് പതിനാറോ പതിനേഴോ വയസ്സല്ലേ ആയിട്ടുള്ളൂ. സംവിധായകന്‍ പറയുന്നത് എന്താണോ അത് കാമറയ്ക്ക് മുന്നില്‍ വന്നു ചെയ്യും. അതിനെ അപേക്ഷിച്ച്‌ നോക്കുമ്ബോള്‍ ഇന്നത്തെ കുട്ടികള്‍ എല്ലാവരും തന്നെ വളരെ സ്മാര്‍ട്ട്‌ ആണല്ലോ. അവര്‍ക്ക് സിനിമയുടെ സാങ്കേതിക മേഖലകളെകുറിച്ചെല്ലാം നല്ല ധാരണയുണ്ട്. അന്നൊക്കെ സംവിധായകനും കൂടെ അഭിനയിക്കുന്നവരും ഒഴിച്ച്‌ മറ്റൊരാളോട് സംസാരിക്കാന്‍ പോലും പേടിയായിരുന്നു.

സത്യന്‍ സാറിനോടൊപ്പം ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. പ്രത്യക്ഷത്തില്‍ വളരെ പരുക്കനായ സ്വഭാവക്കാരനായിരുന്നു സത്യന്‍ സാര്‍. പെട്ടെന്ന് കണ്ടാല്‍ ആളൊരു ചൂടനാണ്‌ എന്നൊക്കെ തോന്നാം. എന്നാല്‍ വലിയ സ്നേഹമുള്ള ആളാണ്. പലരുടെയും ഇല്ലായ്മ അറിഞ്ഞു അദ്ദേഹം സാമ്ബത്തികമായി സഹായിച്ചിരുന്നു. ബുദ്ധിമുട്ടുള്ള പലര്‍ക്കും കാശ് കൊടുക്കുന്നത് പലതവണ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകളായി അഭിനയിച്ച 'ഓടയില്‍ നിന്ന്' ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. 'കാറ്റില്‍ ഇളം കാറ്റില്‍' എന്ന് തുടങ്ങുന്ന 'ഓടയില്‍ നിന്നി'ലെ ഗാനം ഈ തലമുറയിലെ കുട്ടികളും മൂളുന്നുണ്ട്. സത്യന്‍ മാഷ്‌ കഴിഞ്ഞാല്‍ കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് മധുവിനോടോപ്പമാണ്. അന്നും ഇന്നുമെല്ലാം അദ്ദേഹത്തിന്‍റെ സ്വഭാവം ഒരുപോലെതന്നെയാണ്. വളരെ ശാന്തമായ പ്രകൃതം. ഒരിക്കല്‍ പോലും വെപ്രളമോ തിരക്കോ ഒന്നും കണ്ടിട്ടില്ല. ആരെയും ഒരു നോട്ടംകൊണ്ടും പോലും വിഷമിപ്പിക്കാത്ത മനുഷ്യന്‍. പ്രേംനസീറുമായി ആദ്യം ഒന്നിച്ചു അഭിനയിക്കുന്നത് 'ഓടയില്‍ നിന്ന്' എന്ന ചിത്രത്തിലാണ്. അതിനു ശേഷം 'ശകുന്തള', 'അയോദ്ധ്യ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിച്ചു. കൂടെ അഭിനയിക്കുന്നവരെ പലപ്പോഴും സഹായിക്കുന്ന മനോഭാവം ഉള്ള ആളാണ് നസീര്‍. ഒരേ സമയം മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വരുന്ന ആര്‍ട്ടിസ്റ്റുകളെ സംവിധായകന്‍റെ ശകാരം കേള്‍പ്പിക്കാതെ അടുത്ത സെറ്റിലേയ്ക്ക് അദ്ദേഹം പറഞ്ഞു വിടുമായിരുന്നു. കൂടെ അഭിനയിക്കുന്നവര്‍ക്ക് എപ്പോഴും ഒരു ഭയവുമില്ലാതെ തന്നെ നസീറിനോട് സംസാരിക്കാം. വളരെ സോഫ്റ്റ്‌ ആയിട്ടാണ് എല്ലാവരോടും ഇടപെടുന്നത്. എപ്പോഴും പ്രസന്നവദനമായ മുഖം.

പതിനഞ്ചാമത്തെ വയസിലാണ് ഞാന്‍ ജെമിനി ഗണേശന്‍ സാറിന്‍റെ നായികയായി 'കര്‍പ്പക'ത്തില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെ എല്ലാ സിനിമയിലും ഒരു കുട്ടിയായി തന്നെ ആയിരുന്നു എന്നെ കണ്ടിരുന്നത്‌. ഒന്ന് ശബ്ദമുയര്‍ത്തി സംസാരിച്ചുപോലും ഞാന്‍ കണ്ടിട്ടില്ല. അത്രയ്ക്ക് നല്ല സ്വഭാമായിരുന്നു ജെമിനി സാറിന്. ശിവാജി ഗണേശന്‍ സാറിന്‍റെ കൂടെ അഭിനയിക്കുമ്ബോള്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്. അഭിനയത്തിന്‍റെ കാര്യത്തില്‍ അദ്ദേഹം ഒരു സര്‍വകലാശാല എന്ന് തന്നെ പറയാം. അഭിനയത്തിന്‍റെ പരകായപ്രവേശം എന്നൊക്കെ നമുക്ക് ശിവാജി സാറിന്‍റെ അഭിനയത്തെ വിലയിരുത്താം. ശിവാജി സാറിനെ താരതമ്യം ചെയ്യുമ്ബോള്‍ എം.ജി ആര്റിന് വളരെ വ്യത്യസ്ഥ രീതികളായിരുന്നു. ആരാധകരോടും ജനങ്ങളോടും നമ്മള്‍ എങ്ങനെ പെരുമാറണം എന്ന് പഠിക്കാന്‍ കഴിഞ്ഞത് എം.ജി ആറില്‍ നിന്നാണ്. എപ്പോഴും ആരാധകരുടെ മുന്നില്‍പോയി നില്‍ക്കരുത് എന്ന് അദ്ദേഹം എന്നോട് പറയുമായിരുന്നു. ലേഡി ആര്‍ട്ടിസ്റ്റുകള്‍ അത് പ്രത്യേകമായി ശ്രദ്ധിക്കണം. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഞങ്ങള്‍ കൊല്‍ക്കത്തയില്‍ പോകുന്ന സമയത്ത് നീണ്ട യാത്രകഴിഞ്ഞു എത്തിയപ്പോള്‍ എനിക്ക് നല്ല തലവേദനയായി. ഇതറിഞ്ഞു അദ്ദേഹം ഉടനെ തന്നെ ഭാര്യ ജാനകിയെ പറഞ്ഞു വിട്ടു എനിക്ക് വേണ്ട മരുന്നും മറ്റ് സൌകര്യങ്ങളുമൊക്കെ ചെയ്തു തന്നു. 'പണം പടയ്ത്തവന്‍' എന്ന ചിത്രമായിരുന്നു അത്. കൊല്‍ക്കത്തയിലെ തമിഴ് അസോസിയേഷന്‍ ഞങ്ങള്‍ക്ക് അന്നൊരു സ്വീകരണമൊക്കെ തന്നത് ഓര്‍ക്കുന്നു. ആ ചടങ്ങില്‍ വച്ച്‌ എന്നെ ഒരുപാട് പുകഴ്ത്തി അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിന്‍റെ ഏതു സിനിമയുടെ സെറ്റില്‍പോയാലും വളരെ ഉത്തരവാദിത്തത്തോടെ നമ്മുടെ എല്ലാ കാര്യങ്ങളും നിറവേറ്റുമായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും കൂടെ വളരെ കുറച്ചു സിനിമകളിലെ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. ഐ.വി ശശി സംവിധാനം ചെയ്ത ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, ഇത്തിരി പൂവേ ചുവന്ന പൂവേ തുടങ്ങിയ ചിത്രങ്ങളിലാണ് ഞങ്ങള്‍ ഒന്നിച്ചു അഭിനയിച്ചത്. തിരക്ക് കാരണം മമ്മൂട്ടിയും ഞാനും തമ്മില്‍ പലപ്പോഴും കണ്ടിരുന്നത്‌ വിമാനത്താവളങ്ങളില്‍ വച്ചായിരുന്നു. അന്നും ഞാന്‍ മൂന്നു ഭാഷകളില്‍ ഒരേസമയം അഭിനയിച്ചുകൊണ്ടിരിക്കുയാണ്. അപ്പു, കളിപ്പാട്ടം, മിസ്റ്റര്‍ ബ്രഹ്മചാരി തുടങ്ങിയ ചിത്രങ്ങളിലാണ് ഞാനും മോഹന്‍ലാലുമായി ഒന്നിച്ചഭിനയിച്ചത്. അപ്പുവിന്‍റെ ചിത്രീകരണത്തിന് തിരുവനന്തപുരത്തു വന്നപ്പോള്‍ ലാല്‍ ഒരിക്കല്‍ ഉച്ചയൂണ് കഴിക്കാനായി വീട്ടിലേയ്ക്ക് ക്ഷണിച്ചു. ലാലിന്‍റെ അമ്മയ്ക്ക് എന്നെ വലിയ ഇഷ്ട്ടമാണ്. ലാലിന്‍റെ കൂടെ നമുക്ക് വളരെ ഫ്രീയായി തന്നെ സംസാരിക്കാം.

പഴയ കാലത്ത് ഞാന്‍ കൂടെ അഭിനയിക്കാത്ത നായക നടന്മാര്‍ വിരളമായിരുന്നു. എം.ജി സോമന്‍. ബാലന്‍ .കെ.നായര്‍, ഭരത് ഗോപി, രവി കുമാര്‍, പ്രതാപ് പോത്തന്‍ തുടങ്ങിയ അന്നത്തെ ഭൂരിഭാഗം നായകന്മാരോടോപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 30 വര്‍ഷക്കാലം തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളില്‍ ഇടതടവില്ലാതെ അഭിനയിച്ചുകൊണ്ടേയിരുന്നു. മലയാളത്തില്‍ നൂറു ചിത്രങ്ങളോളം അഭിനയിച്ചിട്ടുണ്ട്. ചില വര്‍ഷങ്ങളില്‍ 25 സിനിമയില്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഈ നാല് ഭാഷകളുടെയും സിനിമകള്‍ ചിത്രീകരിച്ചിരുന്നത് മദ്രാസിലായിരുന്നു. അതുകൊണ്ട് വളരെ എളുപ്പത്തില്‍ നമുക്ക് ഒരു സിനിമയുടെ സെറ്റില്‍ നിന്നും അടുത്ത സിനിമയുടെ സെറ്റിലേയ്ക്ക് പോകാം. പിന്നീട് എല്ലാ ഭാഷകളും അതാത് സംസ്ഥാനങ്ങളിലേക്ക് മാറി.

ഊംചെ ലോക് എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ അഭിനയിക്കുന്നത്. ഒരേ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിച്ചുള്ളൂ. രാജ് കുമാര്‍, അശോക്‌ കുമാര്‍, ഫിറോസ്‌ ഖാന്‍ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ആദ്യ ചിത്രം കഴിഞ്ഞപ്പോള്‍ എന്നെത്തേടി ഹിന്ദിയില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നിരുന്നു. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം എന്‍റെ ഭര്‍ത്താവ് തന്നെ വേണ്ട എന്ന് പറയുകയായിരുന്നു. സൗത്ത് ഇന്ത്യയില്‍ അപ്പോള്‍ എനിക്ക് വളരെ തിരക്കുള്ള സമയം കൂടി ആയിരുന്നു. നീ ഉള്ള സ്ഥലത്ത് മഹാറാണിയെപ്പോലെ അല്ലെ നിക്കുന്നത് ... പിന്നെ എന്തിനാ വെറുതെ അവിടെപ്പോയി സമയം കളയുന്നത് എന്ന് ഭര്‍ത്താവ് പറയുമായിരുന്നു.

 ഭര്‍ത്താവ് സുദര്‍ശന്‍ വേലായുധന്‍റെ പിന്തുണയും പ്രോത്സാഹനവും ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ഈ നിലയിലെത്തി നില്‍ക്കുന്നതെന്ന് പറയാം. 1963 ലായിരുന്നു ഞങ്ങളുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. വിവാഹം വളരെ രഹസ്യമായിട്ടാണ് നടത്തിയത്. വിവാഹം കഴിഞ്ഞു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ശ്രീലങ്കയില്‍ പോയി. ശ്രീലങ്കന്‍ എയര്‍പോര്‍ട്ടില്‍ വച്ച്‌ എന്നെയും ഭര്‍ത്താവിനെയും ഒന്നിച്ചു കണ്ടപ്പോള്‍ ആണ് പുറം ലോകം ഈ വാര്‍ത്തയറിയുന്നത്. വിവാഹം കഴിഞ്ഞു മകളായതിനു ശേഷമാണ് ഞാന്‍ വീണ്ടും അഭിനയിക്കുന്നത്. കുറെ നാള്‍ വീട്ടിലിരുന്നത് കൊണ്ട് എനിക്ക് പിന്നെ അഭിനയിക്കാന്‍ പോകാന്‍ വലിയ മടിയായിരുന്നു. അപ്പോള്‍ ഭര്‍ത്താവ് തന്നെയാണ് നിര്‍ബന്ധിച്ചു വീണ്ടും അഭിനയരംഗത്തെയ്ക്ക് എത്തിച്ചത്. ദൈവം തന്ന വലിയൊരു കഴിവാണ് നിനക്ക് ലഭിച്ചിരിക്കുന്നത് അത് വെറുതെ വീട്ടിലുരുന്നു പാഴാക്കി കളയരുത് എന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയെ നോക്കാന്‍ തല്ക്കാലം നമുക്ക് ഒരാളിനെ വയ്ക്കാമെന്നും ഞായറാഴ്ച്ചകളില്‍ അഭിനയിക്കാന്‍ പോണ്ടെന്നും അദ്ദേഹം പറഞ്ഞതോടെ എനിക്ക് സന്തോഷമായി. 2016 ലാണ് അദ്ദേഹം മരിക്കുന്നത്. 2015 വരെയും ഞാന്‍ തുടര്‍ച്ചായി അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ഈ ലോകം വിട്ട് പോയാലും നീ അഭിനയം തുടരണമെന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നും എന്നോടൊപ്പമുള്ള അവസാനനാളുകളില്‍ അദ്ദേഹം പറയുമായിന്നു.

സിനിമയില്‍ എല്ലാവരോടും സ്നേഹവും സൗഹൃദവും ഉണ്ടെന്നതൊഴിച്ചാല്‍ ആത്മസുഹൃത്തുകള്‍ ആരും തന്നെയില്ല.സെറ്റില്‍ ബ്രേക്ക് സമയത്ത് ആയിരിക്കും കൂടുതലും സൗഹൃദ സംഭാഷണങ്ങള്‍. ഈവനിംഗ് ബ്രേക്ക് സമയത്ത് എല്ലാവര്‍ക്കും ഒരു പൊതിയില്‍ ബ്രഡും ബട്ടറും ജാമും ഉണ്ടാവും. ഏതെങ്കിലും മരച്ചുവട്ടിലോ വീടിന്‍റെ വരാന്തയിലോ ഒക്കെയിരുന്നു ഞങ്ങള്‍ എല്ലാവരുംകൂടി കൊച്ചുവര്‍ത്തമാനവും പറഞ്ഞിരുന്നു അത് കഴിക്കും. അന്ന് എല്ലാവരും ഒരു കുടുംബംപോലെ തന്നെ ആയിരുന്നു. ചില സ്ഥലങ്ങളില്‍ ഷൂട്ടിനു പോകുമ്ബോള്‍ ഡ്രസ്സ് മാറാന്‍ വീടോ കെട്ടിടങ്ങളോ ഒന്നും കാണില്ല. കൂടെയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റും അസിസ്റ്റന്‍സും ഒരു തുണി പിടിച്ചു മറയുണ്ടാക്കി നിന്നാണ് ഡ്രസ്സ് മാറുന്നത്. ഇന്നത്തെ കാരവന്‍ സംസ്ക്കാരത്തില്‍ അതൊന്നും ആര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയില്ല. അന്നൊക്കെ കൂടുതലും സ്റ്റുഡിയോയിലായിരുന്നല്ലോ ചിത്രീകരണം നടന്നിരുന്നത്. സ്റ്റുഡിയോ എന്ന് പറഞ്ഞാല്‍ നമുക്ക് അമ്ബലം പോലെയായിരുന്നു. ഇന്നും എ.വി.എം സ്റ്റുഡിയോയുടെ മുന്നിലൂടെ പോകുമ്ബോള്‍ ഞാന്‍ കൈകൂപ്പി തൊഴുതു നില്‍ക്കും.

ആരെയും ഇന്നുവരെ ഞാന്‍ ഒരു വാക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല. നാല് ഭാഷകളില്‍ വളരെ തിരക്ക് പിടിച്ചു അഭിനയിക്കുന്ന സമയത്തും ഇന്നുവരെ ആരില്‍ നിന്നും ഒരു തരത്തിലുള്ള മോശം അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല. അതെല്ലാം തിരിഞ്ഞു നോക്കുമ്ബോള്‍ എനിക്ക് ലഭിച്ച ഭാഗ്യമായി കരുതുന്നു. അന്ന് കൂടെ അഭിനയിച്ച ഷീലയും ജയഭാരതിയുമൊക്കെ ഇപ്പോഴും വിളിക്കാറുണ്ട്.കര്‍പ്പകം എന്ന എന്‍റെ ആദ്യ സിനിമയുടെ സംവിധായകനായ കെ.എസ് ഗോപാലകൃഷ്ണന്‍ സാറിനെയാണ് മറക്കാന്‍ കഴിയില്ല.എന്‍റെ നൂറാമത്തെ സിനിമയും ഇരുനൂറാമത്തെ സിനിമയും ഇരുനൂറ്റി അന്‍പതാമത്തെ സിനിമയും കെഎസ് ഗോപാലകൃഷ്ണന്‍ സാറുമായിട്ടായിരുന്നു. പി.ഭാസ്ക്കരന്‍, കെ.എസ് സേതുമാധവന്‍ തുടങ്ങിയ നിരവധി സവിധായകര്‍ ഉണ്ട്.


 

My father wanted to see me as an actress said KR Vijaya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES