മലയാളികള്‍ ഒന്നിനു പിറകേ മറ്റൊന്നായി താരവിവാഹങ്ങള്‍ക്ക് സാക്ഷിയാവുകയാണ്. ഏറ്റവുമധികം താരവിവാഹങ്ങള്‍ നടന്ന വര്‍ഷമാണ് 2018. കോടീശ്വരനായ മുകേഷ് അംബാനിയുടെ മകളുടേതും ദീപിക-രണ്‍ബീര്‍,നിക്ക്-പ്രിയങ്ക, തുടങ്ങി മലയാളി താരങ്ങളുടേതുള്‍പ്പെടെ നിരവധി വിവാഹങ്ങളാണ് അടുത്ത കാലത്തായി സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. പല വിവാഹങ്ങളും അതിന്റെ ആഡംബരവും ആര്‍ഭാടവും കൊണ്ടും ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ലളിതാമായ ചടങ്ങുകളോടെ ആഘോഷങ്ങളൊന്നുമില്ലാതെ ഒരു മന്ത്രി പുത്രന്‍ വിവാഹിതനായിരിക്കയാണ്. മന്ത്രി എ.കെ ബാലന്റെയും പികെ ജമീലയുടെയും മകന്‍ നവീന്‍ ബാലനാണ് വിവാഹിതനായത്. കണ്ണൂര്‍ അഴീക്കോട് പൂതപ്പാറ പത്മിനി നിവാസില്‍ സി.ടി.വേണുഗോപാലിന്റെയും ബീനാ വേണുഗോപാലിന്റെയും മകള്‍ നമിതാ വേണുഗോപാലാണ് വധു. പാരീസില്‍ ഇന്റര്‍ നാഷണല്‍ ബിസിനസ് ഡെവലപ്പറായ നവീന്റെ വിവാഹം തീര്‍ത്തും ആഡംബരം ഒഴിവാക്കിയായിരുന്നു.
സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിലെ താഴത്തെ നിലയിലെ ഹാളിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ആഭരണങ്ങള്‍ കുറച്ച് പാര്‍ട്ടി ശൈലിയില്‍ ചുവന്ന മാല പരസ്പരം അണിയിച്ചാണ് വരനും വധുവും പുതു ജീവിതത്തിലേക്ക് കടന്നത്. വീതിയേറിയ പട്ടിന്റെ ചുവന്ന സാരിയണിഞ്ഞാണ് നമിത വിവാഹത്തിനെത്തിയത്. കഴുത്തില്‍ വീതിയേറിയ ഒറ്റ നെക്ലസ് മാത്രം. കാതില്‍ ജിമുക്കയും മുടിയില്‍ മുല്ലപൂവും ചൂടി ചുവന്ന വട്ടപ്പൊട്ടുമണിഞ്ഞ് വളരെ കുറച്ചു മാത്രം ഒരുക്കം. സര്‍വ്വാഭരണ വിഭൂഷിതയായി താളമേളങ്ങളോടെയുളള വിവാഹങ്ങള്‍ക്കു നടുവില്‍ മന്ത്രി പുത്രന്റെ വിവാഹം മാതൃക തീര്‍ക്കുകയാണ്. ലളിതമായ വേഷത്തിലാണ് നവീനും വിവാഹത്തിനെത്തിയത്. താരങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പും തുടങ്ങി ഒരോ ചെറിയ ഒരുക്കങ്ങള്‍ വരെ ചര്‍ച്ചയാകുന്ന കാലത്ത് വളരെ ലളിതമായ രീതിയില്‍ മകന്റെ വിവാഹം നടത്തിയ മന്ത്രിക്ക് അഭിനന്ദന പ്രവാഹമാണ്.
സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിലെ താഴത്തെ നിലയിലെ ഹാളിലായിരുന്നു വിവാഹം. നേരത്തെ വിവാഹക്കാര്യം സംബന്ധിച്ച് മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിരുന്നു. തിരക്കിനിടയില്‍ ആരെയെങ്കിലും ക്ഷണിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ബോധപൂര്‍വ്വം സംഭവിച്ചതല്ലെന്ന് അറിയിച്ചുകൊള്ളട്ടെ.ആയതിനാല്‍ ഇതൊരു അറിയിപ്പായി കണക്കാക്കി എന്റെ സഖാക്കളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവാഹത്തില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നുവെന്നായിരുന്നു ബാലന്‍ അറിയിച്ചത്. തിരുവനന്തപുരത്തെ പാര്‍ട്ടിക്കാരുടെ ഒത്തു ചേരല്‍ വേദി കൂടിയായി വിവാഹം മാറി. ലോക കേരള സഭ നടക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീ രാമകൃഷ്ണനും അടക്കമുള്ളവര്‍ ബാലന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തില്ല. ചലച്ചിത്രമേഖലയില്‍നിന്ന് നടന്‍ മധു, ശാരദ, കെ.പി.എ.സി. ലളിത, കുമാര്‍ സാഹ്നി, സൂര്യാ കൃഷ്ണമൂര്‍ത്തി, മധുപാല്‍, ഇന്ദ്രന്‍സ്, സുധീര്‍ കരമന, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ജയസൂര്യ, ജലജ, മേനകാ സുരേഷ് കുമാര്‍, ഗായകന്‍ മധു ബാലകൃഷ്ണന്‍, ഭാഗ്യലക്ഷ്മി, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങി രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ബാലന്റെ വീട്ടിലെത്തി രണ്ട് ദിവസം മുമ്പ് മോഹന്‍ലാല്‍ വിവാഹ ആശംസകള്‍ നേര്‍ന്നിരുന്നു.