മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ് തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടില്‍ താമസിക്കാനെത്തുന്ന ഹരിയെന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ഹരിയുടെ വരവോടെ ഗ്രാമത്തില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം. പ്രളയത്തിന് മുന്‍പുള്ള കുട്ടനാടിന്റെ മനോഹാരിതയെ വരച്ച കാട്ടുന്ന ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. എന്നാല്‍ കഥയുടെ വശം നോക്കിയാല്‍ ചിത്രത്തിന് പ്രേകഷകന് അത്ര തൃപ്തി നല്‍കുന്നതല്ല. മുന്‍പ് കണ്ട് പരിചയിച്ച കഥകളെ പോലെ തന്നെയുള്ളതാണ് ചിത്രം. നായക കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും സത്യസന്ധതതയും വരച്ചു കാട്ടാന്‍ മാത്രമായി ചില സീനുകള്‍ ചിത്രത്തില്‍ ചേര്‍ത്തോ എന്ന് തോന്നിപ്പോകാം. ആദ്യ പകുതി അല്പം വലിച്ച് നീട്ടി കൊണ്ടു പോകുന്നുണ്ട്. എന്നാല്‍ വികാര നിര്‍ഭരമായ സീനുകള്‍ മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ കൈകളില്‍ ഭദ്രമാണ്. സഹ കഥാപത്രങ്ങളിലുടെ ഹാസ്യത്തിന്റെ മേമ്പോടി സിനിമയില്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത് പ്രേക്ഷകനെ അധികം രസിപ്പിക്കുന്ന ഒന്നായിരുന്നില്ല.
സിനിമയില്‍ സ്ഥിരം മമ്മൂട്ടി ചിത്രങ്ങളിലേത് പോലെ ആക്ഷന്‍ സീക്വന്‍സ് ഉണ്ട്. എന്നാല്‍ അത് സ്റ്റണ്ട് സീനിനു വേണ്ടി മാത്രം ചേര്‍ത്തതാണോ എന്നും തോന്നിപ്പോകും. നായക കഥാപാത്രത്തിന്റെ വീഴ്ച്ചയില്‍ പാട്ടു പാടി ആഘോഷിക്കുന്ന രംഗം എന്ത് ലോജിക്കാണ് കാട്ടിയതെന്ന് മനസിലായില്ലെന്ന് മറ്റൊരു പ്രേക്ഷകന്‍. ലക്ഷമി റായയിയുടെ മികച്ച ഗെറ്റപിലുള്ള കഥാപാത്രം ചിത്രത്തില്‍ എന്തിനെത്തിയെന്ന് പിടികിട്ടിയിട്ടില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് എത്തുന്ന ഹരി എന്ന കഥാപാത്രത്തിന്റെ സത്യസന്ധതയും നിഷ്‌കളഹ്ക സ്വഭാവവും വരച്ചു കാട്ടാന്‍ തന്നെ കുറച്ച് സീനുകള്‍ ഉണ്ടെന്ന് പ്രേക്ഷകന് തോന്നിപ്പോയി. എന്നാല്‍ ഒരു സീനിലും ദൃശ്യ ഭംഗിയ്ക്ക് കുറവില്ല. കാരണം കുട്ടനാടിന്റെ ആത്മാവായ ഷാപ്പ്, കള്ള്, കുടം, കായല്‍, വള്ളം, നെല്‍കതിര്‍ വിളഞ്ഞ് നില്‍ക്കുന്ന പാടങ്ങള്‍ എന്നിവ മിക്ക സീനിലും നിറഞ്ഞ് നില്‍ക്കുന്നത് തന്നെ. പതിവ് ശൈലിയിലുള്ള സല്‍സ്വഭാവി നായകന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് കഥ. എന്നാല്‍ കുട്ടനാട്ടില്‍ എത്തുന്ന ഹരിയുടെ വിശേഷങ്ങള്‍ സിനിമയിലെ തന്നെ മറ്റൊരു കഥാപാത്രം ബ്ലോഗിലെഴുതുന്നതും വിദേശത്തിരിക്കുന്ന ദമ്പതികള്‍ വായിച്ച് വിവരിക്കുന്നതും എന്തിനെന്നും പ്രേക്ഷകന് മനസിലായില്ല. തുടര്‍ച്ചയായ മാസ് ഹിറ്റുകള്‍ മമ്മുട്ടി സമ്മാനിച്ചതിന് പിന്നാലെ അതേ ഹാങ് ഓവറില്‍ പടം കണ്ടാല്‍ നിരാശയാകുമെന്ന് ഉറപ്പ്.