Latest News

ഒടുവിലെ ഓര്‍മകള്‍ക്ക് 14 വയസ്; പെരുങ്ങോടന്റെ ഓര്‍മയില്‍ മലയാള സിനിമ; ഇനി ഇതുപോലൊരു നടനില്ല

Malayalilife
topbanner
 ഒടുവിലെ ഓര്‍മകള്‍ക്ക് 14 വയസ്; പെരുങ്ങോടന്റെ ഓര്‍മയില്‍ മലയാള സിനിമ;  ഇനി ഇതുപോലൊരു നടനില്ല

ലാളിത്യത്തിന്റെ പര്യായമായി നാലുപതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന, തനിമയാർന്ന കഥാപാത്രങ്ങൾക്ക് മനോധർമത്തിന്റെയും ഗ്രാമീണതയുടെയും നിഷ്‌കളങ്കതയുടെയും ഭാവങ്ങൾ പകർന്നുനൽകിയ, അഭിനയകലയുടെ ഒടുവിലത്തെ ഉത്തരമായ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മലയാളികളുടെ പ്രിയങ്കരനായ നടൻ ഓർമയായിട്ട് മേയ് 27-ന് പന്ത്രണ്ട് വർഷമാകുന്നു.

തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്ണമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായാണ് 1943 ഫെബ്രുവരി 13- നാണ്‌ ഒടുവിൽ ഉണ്ണികൃഷ്ണൻ ജനിച്ചത്. ചെറുപ്പത്തിൽതന്നെ സംഗീതത്തോടുള്ള അഭിനിവേശം പ്രകടമാക്കിയ ഉണ്ണികൃഷ്ണൻ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം തബല, മൃദംഗം തുടങ്ങിയ സംഗീത ഉപകരണങ്ങൾ വായിക്കുവാൻ പഠിക്കുകയും തുടർന്ന് കലാമണ്ഡലം വാസുദേവ പണിക്കരുടെ കീഴിൽ സംഗീതം അഭ്യസിക്കുകയും ചെയ്തു. നിരവധി വേദികളിൽ പാടുകയും പരശുറാം എക്‌സ്പ്രസ്സ് മുതലായ ധാരാളം സംഗീത ആൽബങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്യുകയുണ്ടായി.

സിനിമാസംവിധായകൻ പി.എൻ. മേനോന്റെ ശുപാർശ പ്രകാരം ഒരു ഡാൻസ് ട്രൂപ്പിൽ തബലിസ്റ്റായി ജോലിചെയ്തിരുന്നു. കെ.പി.എ.സി.യുടെയും കലാനിലയത്തിന്റെയും കേരള കലാവേദിയുടെയും നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് 1970-ൽ പി.എൻ. മേനോന്റെ ദർശനം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിച്ചു. പ്രഗല്ഭരായ ഒട്ടേറെ സംവിധായകരുടെകൂടെ പ്രവർത്തിച്ച ഒടുവിൽ നാനൂറോളം ചിത്രങ്ങളുടെ ഭാഗമായി. തനി ഗ്രാമീണ അന്തരീക്ഷത്തിൽനിന്നാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടന്റെ അഭിനയ വ്യക്തിത്വം രൂപപ്പെട്ട് വന്നത്. നർമരസത്തിലൂടെയുള്ള വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ ഒടുവിൽ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു.

സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്നു ഈ നടൻ. മഴവിൽക്കാവടിയിലെ ചെത്തുകാരൻ, പൊന്മുട്ടയിടുന്ന താറാവിലെ കറവക്കാരൻ, ഗോളാന്തര വാർത്തയിലെ കള്ള് കച്ചവടക്കാരൻ, മാട്ടുപ്പെട്ടി മച്ചാനിലെ പുത്തൻ പണക്കാരൻ, തലയണ മന്ത്രത്തിലെ ഡാൻസ് മാസ്റ്റർ, ഭരതത്തിലെ മൃദംഗ കലാകാരൻ തുടങ്ങിയവയെല്ലാം പ്രേക്ഷകർ ഏറ്റുവാങ്ങിയ ഒടുവിലിന്റെ കഥാപാത്രങ്ങളാണ്.

1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ഐ.വി. ശശി ചിത്രത്തിലെ, പരിവ്രാജകനായ പെരിങ്ങോടൻ എന്ന ഒടുവിലിന്റെ കഥാപാത്രം, മുറിവേറ്റ മംഗലശ്ശേരി നീലകണ്ഠന്റെ കിടപ്പ് കാണാൻ വയ്യാതെ പടിപ്പുരയിൽ നിന്ന് മനസ്സ് വിങ്ങിപ്പൊട്ടിപ്പാടുന്ന അഷ്ടപദി ഒരു നൊമ്പരമായി മലയാളക്കര ഏറ്റുവാങ്ങിയിരുന്നു. ദേവാസുരത്തിലെ മികച്ച രംഗങ്ങളിൽഒന്നായിരുന്നു അത്. അത്രയ്ക്കും കഥാപാത്രങ്ങളെ ഈ അനുഗൃഹീത നടൻ ഉൾക്കൊണ്ടഭിനയിച്ചിരുന്നു. സാധാരണമായി നാട്ടിൻപുറങ്ങളിലും ഉത്സവ പറമ്പുകളിലും ചായക്കടകളിലും ആൽത്തറകളിലും പൂരപ്പറമ്പുകളിലുമൊക്കെയുമായി നമുക്ക് കണ്ടുപരിചയമുള്ള തനി നാടൻ കഥാപാത്രങ്ങളിലൂടെ ഒടുവിൽ ഉണ്ണികൃഷ്ണൻ പ്രേക്ഷക മനസ്സുകളെ കീഴടക്കി.

ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ പ്രാണനെപ്പോലെ സ്‌നേഹിച്ച ഹാർമോണിയം വിൽക്കേണ്ടിവന്ന കോവിലകത്തെ തമ്പുരാന്റെ ദയനീയാവസ്ഥ തന്റെ പ്രതിഭയുടെ ഭാവരസങ്ങൾകൊണ്ട് അവതരിപ്പിച്ച് ഈ നടൻ മലയാളിയുടെ കണ്ണുകളെ ഈറനണിയിച്ചു. അടൂർ ഗോപാലകൃഷ്ണന്റെ 2002-ൽ പുറത്തിറങ്ങിയ നിഴൽക്കുത്ത് എന്ന ചിത്രത്തിൽ കാളിയപ്പൻ എന്ന ആരാച്ചാർ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ഉണ്ണികൃഷ്ണനെ തേടിയെത്തി. അടൂരിന്റെതന്നെ കഥാപുരുഷൻ എന്ന ചിത്രത്തിൽ അഭിനയത്തിന് 1995-ലെ മികച്ച സഹനടനുള്ള പുരസ്‌കാരവും 1996-ൽ സത്യൻ അന്തിക്കാടിന്റെ തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ഈ നടന് ലഭിച്ചിട്ടുണ്ട്.

2006-ൽ സത്യൻ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിലാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അവസാനമായി അഭിനയിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് 2006 മേയ് 27-നായിരുന്നു മരണം. രോഗത്തിന്റെ അവശതകൾ അലട്ടുമ്പോഴും അഭിനയത്തിൽ അതൊന്നും പ്രകടമാകാതിരിക്കാൻ അദ്ദേഹം കഴിയുന്നത്ര ശ്രമിച്ചിരുന്നു. ഇന്നും ഒരു കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മലയാളസിനിമയിലെ സംവിധായകരും എഴുത്തുകാരും ഒടുവിൽ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകാറുണ്ടെന്നും ഒടുവിലിന്റെ വിയോഗം മലയാള സിനിമയിൽ ഒരു ശൂന്യതയാണ് സൃഷ്ടിച്ചതെന്നും സംവിധായകൻ കമൽ അഭിപ്രായപ്പെടുന്നു. തിരക്കഥയിൽ അപ്രധാനമെന്ന് തോന്നുന്ന കഥാപാത്രമാണെങ്കിൽകൂടി ഒടുവിൽ ഉണ്ണികൃഷ്ണൻ അതിന് ജീവൻ നൽകുമ്പോൾ അത് അവിസ്മരണീയമായ ഒരു രംഗമായി മാറുന്നതിന് പലപ്പോഴായി സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ സിബി മലയിൽ ഒരിക്കൽ പറഞ്ഞിരുന്നു. ദയനീയതയും ഒറ്റപ്പെടലും നിരാലംബമായ അവസ്ഥയുമൊക്കെ കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളിലൂടെ പ്രകടമാക്കിയിട്ടുണ്ട് ഒടുവിൽ.

കേരളശ്ശേരിക്കാർക്ക് അത്രമേൽ പരിചിതമാണ് ഒടുവിൽ എന്ന താരത്തെയും താരപരിവേഷം കടന്നുചെല്ലാത്ത കേരളശ്ശേരി നീലാഞ്ജനത്തിലെ ഒടുവിൽ ഉണ്ണികൃഷ്ണ മേനോനെയും. ഒടുവിൽ ഉണ്ണികൃഷ്ണന്റെ മരണത്തോടെ കുടുംബം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ വാർത്തയായതോടെയാണ് സംവിധായകൻ ലാൽജോസ് രക്ഷാധികാരിയായുള്ള ഒടുവിൽ ഫൗണ്ടേഷൻ കേരളശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചത്. പുതിയ കലാപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുക, അവശ കലാകാരന്മാരെ സഹായിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളുമായി ഒടുവിൽ ഫൗണ്ടേഷൻ മുന്നോട്ടുപോകുന്നു. നിരൂപകർക്കിടയിലും ആസ്വാദകർക്കിടയിലും ഒരേ തരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഈ നടന്റെ പേരിലുള്ള സ്മാരകത്തിന്റെ നിർമാണപ്രവർത്തനങ്ങൾ കേരളശ്ശേരിയിൽ നടന്നുവരുന്നു.

കൃത്രിമത്വം ഇല്ലാത്ത അഭിനയം, ഭാവങ്ങളുടെ നൈർമല്യം, സഹജമായ ഗ്രാമീണ നിഷ്‌കളങ്കത, സംഭാഷണത്തിലും അവതരണത്തിലുമുള്ള അനായാസത, ചില നോട്ടങ്ങൾകൊണ്ടും മൂളലുകൾകൊണ്ടും വരുത്തുന്ന സ്വാഭാവികത ഇതെല്ലാം കൂട്ടി വായിച്ചാൽ നടനകലയിലെ നിറസാന്നിധ്യമായിരുന്ന, പകരം വെക്കാനില്ലാത്ത ഈ നടന്റെ മുഖമാണ് മലയാളികളുടെ ഓർമകളിൽ തെളിഞ്ഞുവരുക. ഒപ്പം ഈ അതുല്യ നടൻ ജീവൻ പകർന്ന ഒരുപിടി കഥാപാത്രങ്ങളുടെ നൊമ്പരങ്ങളും. 
  
 

Malayalam cinema in memory of Perungodan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES