പ്രമുഖ തിരക്കഥാകൃത്തും , സംവിധായകനുമായ സച്ചിയുടെ വേർപാടിൽ ഹിർദയഭേദകമായ ഒരു കുറിപ്പ് പങ്കുവച്ച് എം.ആർ.ഹരികുമാർ.
എം.ആർ.ഹരികുമാറിന്റെ വാക്കുകളിലൂടെ
പിഴയ്ക്കാത്ത കഥയും പിഴവില്ലാത്ത കഥനവുമായിരുന്നു സച്ചിയുടെ ‘തലക്കനം’. തിരക്കഥാകൃത്തിന്റെ സർഗാത്മകതയും സംവിധായകന്റെ കയ്യടക്കവും ഒരുപോലെ സമന്വയിച്ച പ്രതിഭയാണ് അകാലത്തിൽ മടങ്ങുന്നത്. ജനപ്രിയ സിനിമയുടെ സകല ചേരുവകളും ചേരുംപടി ചേർന്ന കരുത്തും സൗന്ദര്യവുമുള്ള തിരക്കഥകളാണു സച്ചി മലയാളത്തിനു സമ്മാനിച്ചത്. സച്ചിയുടെ ഒരു തിരക്കഥ കിട്ടിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നു ചിന്തിക്കുന്നവരാണു മലയാളത്തിലെ ഭൂരിഭാഗം സംവിധായകരും എന്നതു രഹസ്യമല്ല. മലയാളത്തിലെ ന്യൂജനറേഷൻ പ്രമേയ വിപ്ലവത്തിനിടയിലും എല്ലാ ജനറേഷനെയും ഒപ്പം നിർത്തി സച്ചി ഹിറ്റുകൾ രചിച്ചു.
ചോക്‌ലേറ്റ് മധുരത്തോടെയായിരുന്നു സച്ചിദാനന്ദൻ എന്ന കൊടുങ്ങല്ലൂർക്കാരന്റെ ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം. മാല്യങ്കര എസ്എൻഎം കോളജിലായിരുന്നു ബികോം പഠനം. നാടകം എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും നാട്ടിലും കോളജിലും സജീവമായ സച്ചിദാനനന്ദൻ ബിരുദപഠനത്തിനുശേഷം എറണാകുളം ലോ കോളജിൽ ചെന്നെത്തിയത് കൊമേഴ്‌സ് പഠിച്ചവരെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെടുക്കില്ലെന്ന തെറ്റിദ്ധാരണ മൂലമായിരുന്നു.
ഇടപ്പള്ളിക്കാരനായ സേതുവിന്റെ വക്കീൽ ഓഫിസിലേക്ക് ചെന്നതോടെയാണ് സച്ചിയുടെ ജീവിതം മാറുന്നത്. ചെറുകഥകളും ഒന്നുരണ്ടു സിനിമാക്കഥകളുമൊക്കെയായി വക്കീൽപ്പണിയിൽനിന്നു പറന്നുയരാൻ കൊതിക്കുന്ന ആളായിരുന്നു സേതു. രണ്ടുപേർക്കും പ്രാക്ടീസ് ഹൈക്കോടതിയിൽ. ഓഫിസ് മുറിയുടെ പാതി വാടകയ്ക്കു നൽകിയതിനൊപ്പം ഹൃദയത്തിന്റെ പാതിയും സേതു, സച്ചിക്കു പങ്കുവച്ചു. സേതു ദിവസവും എഴുതുന്നതു കണ്ടപ്പോഴാണ് കൂട്ടുകാരന്റെ മനസ്സിലും സിനിമയോടുന്നത് സച്ചി തിരിച്ചറിഞ്ഞത്. പിന്നെ വൈകുന്നേരങ്ങളിൽ സേതുവിന്റെ രചനകൾ വായിക്കലും തിരുത്തലുമായി. കുറെയായപ്പോൾ ഒന്നിച്ചൊന്നു പയറ്റിയാലെന്തെന്നു തോന്നി.
ബോളിവുഡിൽ നിന്ന് അതുൽകുൽക്കർണിയെ കൊണ്ടു വന്ന് ആദ്യ സിനിമ ചെയ്യാനായിരുന്നു ഇരുവരുടെയും പ്ലാൻ. പൂജ കഴിഞ്ഞ ചിത്രം പക്ഷേ, മുടങ്ങി.എന്നാൽ കൂട്ടുകാർ നിരാശരായില്ല. ഷാഫിയുടെ ചോക്ലേറ്റിലൂടെ തിരക്കഥാ ജോടിയായി അരങ്ങേറ്റം. പ്രണയവും പകയും രാഷ്ട്രീയവും നർമവുമെല്ലാം സിനിമയിൽ സച്ചിക്കു വഴങ്ങി. ഒരേ റൂട്ടിലോടുന്ന വണ്ടികളായിരുന്നില്ല സച്ചി സിനിമകൾ. വ്യത്യസ്തമായിരുന്നു ഓരോ പരീക്ഷണങ്ങളും. പരാജയങ്ങളുടെ ഉള്ളുലയ്ക്കുന്ന കഥകൾക്കു പഞ്ഞമില്ലാത്ത മലയാള സിനിമയിൽ സച്ചി വിജയകഥകൾ ചേർത്തുവച്ചു. മലയാള സിനിമയിലെ എല്ലാ പ്രധാന നടൻമാർക്കും വൻ ഹിറ്റുകളും സമ്മാനിച്ചു അദ്ദേഹം.
ജോഷി–പൃഥ്വിരാജ് ചിത്രമായ റോബിൻ ഹുഡ്, ഷാഫി സംവിധാനം ചെയ്ത ജയറാം ചിത്രം മേക്ക്അപ് മാൻ, വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് എന്നിവ പിന്നാലെയെത്തി. 2011ൽ ‘ഡബിൾസ്’ എന്ന ചിത്രത്തിന്റെ പരാജയത്തോടെ സച്ചിയും സേതുവും പിരിഞ്ഞു. തിരക്കഥയുടെ പരാജയമാണ് ചിത്രത്തിനു ദോഷമായതെന്നു പലരും ചൂണ്ടിക്കാണിച്ചതു മനസ്സു നോവിച്ചപ്പോഴായിരുന്നു ആ നിർണായക തീരുമാനം.
‘പിരിഞ്ഞതൊന്നുമല്ല. ഒന്നിച്ചിരുന്നെഴുതുമ്പോഴും ഞങ്ങളുടെ മനസ്സിൽ രണ്ടുതരം സിനിമകളുണ്ടായിരുന്നു. അതെഴുതാൻ ഒറ്റയ്‌ക്കിരിക്കാമെന്നു തീരുമാനിച്ചു. ഇനിയും ഞങ്ങൾ ഒന്നിച്ചെഴുതുക തന്നെ ചെയ്യും’- രണ്ടാകുമ്പോഴും സച്ചിയും സേതുവും ഒരേശബ്ദത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ, മികച്ച തിരക്കഥാകൃത്ത് എന്ന തന്റെ വിലാസം മലയാള സിനിമയിൽ മായാത്ത ലിപികളിൽ എഴുതിച്ചേർത്ത് ‘റൺ ബേബി റൺ’ എന്ന ജോഷി ചിത്രവുമായിട്ടായിരുന്നു സച്ചിയുടെ ‘ഒറ്റയാൻ’ മടങ്ങിവരവ്. 2012ൽ ഏറ്റവുമധികം പണം വാരിയ മോഹൻലാൽ ചിത്രമായി ഇത്.
സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ ഒരുക്കിയ പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘ഡ്രൈവിങ് ലൈസൻസ്’ അയ്യപ്പനും കോശിയും ഇറങ്ങുന്നതിനു തൊട്ടുമുൻപാണു തിയറ്ററിലെത്തിയത്. സമാനപ്രമേയമാണെന്ന ആരോപണം ഉയർന്നപ്പോൾ 2 ചിത്രങ്ങൾക്കും വിസ്മയ വിജയം നൽകിയാണു പ്രേക്ഷകർ പ്രതികരിച്ചത്. അടുത്ത വർഷം തിയറ്ററുകളിലെത്തേണ്ട ഇനിയും പേരിട്ടിട്ടില്ലാത്ത പൃഥ്വിരാജ് ചിത്രത്തിന്റെ പണിപ്പുരയിൽ നിന്നാണു മലയാളത്തിന്റെ പ്രതിഭാധനനായ ചലച്ചിത്രകാരനെ മരണം കവർന്നെടുത്തത്. ജി.ആർ.ഇന്ദുഗോപന്റെ ‘ വിലായത് ബുദ്ധ ’ എന്ന കഥ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു ലോക്ഡൗൺകാലത്ത് സച്ചി.
സംവിധാനത്തിലും പൊൻതൂവലുകള്‍
ആദ്യ സംവിധാന സംരംഭമായ ‘അനാർക്കലി’യും ശ്രദ്ധേയമായി. പൃഥ്വിരാജ്–ബിജുമേനോൻ കോംബോ പരീക്ഷണം ആദ്യമായി വിജയത്തിലെത്തിയ ചിത്രമായിരുന്നു ഇത്
ഒരിടവേളയ്ക്കു ശേഷം 2017ൽ ദിലീപിനും ഒപ്പം സച്ചിക്കും ശക്തമായ തിരിച്ചുവരവു സമ്മാനിച്ച അരുൺ ഗോപി ചിത്രമായിരുന്നു രാമലീല. സച്ചി എഴുതി സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയും’ കോവിഡ് ലോക്ഡൗണിൽ തിയറ്ററുകൾക്കു താഴുവീഴുന്നതിനു തൊട്ടുമുൻപു ഹൗസ്ഫുൾ ഷോകളാൽ ചരിത്രമെഴുതി. 6 കോടി മുടക്കു മുതലിൽ നിർമിച്ച ചിത്രം ബോക്സ് ഓഫിസിൽ നേടിയത് 60 കോടിയാണ്.
തന്റെ രാഷ്ട്രീയം കഥയ്ക്കും കഥാപാത്രങ്ങൾക്കും ഭാരമാകാതെ അവതരിപ്പിച്ച സിനിമകളിലൊന്നു കൂടിയാണ് അയ്യപ്പനും കോശിയും. പ്രതിനായകനും തത്തുല്യമോ അതിലേറെയോ പ്രാധാന്യം നൽകിയിട്ടും ചെറിയൊരു കല്ലുകടി പോലും പ്രേക്ഷകനുണ്ടായില്ല എന്നതാണ് സച്ചിയിലെ എഴുത്തുകാരന്റെ വിജയം.