കോണ്‍ഗ്രസുകാരന്‍ പുസ്തകം വായിക്കുകയോ; രമേശ് ചെന്നിത്തലയെ വിമർശിച്ചവർക്ക് എതിരെ ജോയ് മാത്യു

Malayalilife
കോണ്‍ഗ്രസുകാരന്‍ പുസ്തകം വായിക്കുകയോ; രമേശ് ചെന്നിത്തലയെ വിമർശിച്ചവർക്ക് എതിരെ ജോയ് മാത്യു

താന്‍ വായിച്ച പുസ്തകങ്ങള്‍ ഇതൊക്കെയാണ് എന്ന് ലോക പുസ്തക ദിനത്തില്‍ പരിചയപ്പെടുത്തിയ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച്‌ നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ പരിഹസിച്ചവർക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനും ആയ ജോയ് മാത്യു. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണവുമായി  ജോയ് മാത്യു എത്തിയത്.

ജോയ് മാത്യൂവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:-

ഇന്നലെ ലോക പുസ്തക ദിനമായിരുന്നു. പുസ്തകത്തെ അറിയുന്നവരും വായിക്കുന്നവരും പുസ്തകങ്ങളുടെ മൂല്യം മനസ്സിലാക്കുന്നവരും അവരുടേതായ പുസ്തക ലോകങ്ങള്‍ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിട്ടു. ഞാനും ബുദ്ധിജീവിയാണ് എന്ന് കാണിക്കുവാനുള്ള വ്യഗ്രതയായിരുന്നില്ല അത്. തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഇതൊക്കെയാണ് എന്ന് തുറന്നു പറയുവാനുള്ള ആര്‍ജ്ജവവും ഏതുതരം വിജ്ഞാനമായാലും അത് സ്വീകരിക്കാനുമുള്ള സന്നദ്ധതയുമാണ് അതില്‍ പ്രതിഫലിച്ചത് .

ഇത്രയും പറയുവാന്‍ കാരണം നമ്മുടെ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല തന്റെ വായനാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചപ്പോഴാണ്. കോണ്‍ഗ്രസുകാരന്‍ പുസ്തകം വായിക്കുകയോ ?അതും രമേശ് ചെന്നിത്തല ? ചോദിക്കുന്നത് മറ്റാരുമല്ല പുസ്തകം കൈകൊണ്ട് തൊടാത്തവരും തൊട്ടാല്‍ത്തന്നെ മറിച്ച്‌ നോക്കാത്തവരും തങ്ങള്‍ മാത്രമാണ് പുസ്തകം വായിക്കുന്നവരെന്നു മേനി നടിക്കുന്നവരുമായ പരിഷകള്‍.

പുസ്തകം വായിക്കുന്നവരെ കണ്ടുപിടിക്കാന്‍ കൊറോണ വൈറസ് ബാധിച്ചവരെ കണ്ടുപിടിക്കുന്ന പോലെയുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ തീര്‍ച്ചപ്പെടുത്തിയ ചില വേഷങ്ങളുണ്ട് . കാല്‍മുട്ട് മറയ്ക്കുന്ന ജൂബ്ബ ,താടിയും കണ്ണടയും മസ്റ്റ് ,തോളില്‍ ഒരു തുണിസഞ്ചി കൂടി ഉണ്ടെങ്കില്‍ പസ്റ്റ് !

ഇതൊന്നുമില്ലാത്ത രമേശ് ചെന്നിത്തല പുസ്തകം വായിക്കുന്നു എന്നുള്ളത് ഇക്കൂട്ടര്‍ക്ക് സഹിക്കാനാവുന്നില്ല. കമന്റ് ബോക്സില്‍ വന്ന കമന്റുകള്‍ നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും എന്തായിരിക്കാം ഈ ആക്രമണത്തിന് പിന്നിലെ മാനസികാവസ്ഥ എന്ന്. സംശയമില്ല ഭീതിതന്നെ. ഒരാള്‍ പുസ്തകം വായിച്ച്‌ വായിച്ച്‌ തങ്ങളേക്കാള്‍ കേമനോ മറ്റോ ആയിപ്പോയാലോ !

ദിവസവും ഒരേ സമയത്ത് മാത്രം പ്രത്യക്ഷപ്പെട്ട് മറ്റുള്ളവര്‍ ചെയ്ത ജോലികള്‍ ഞാന്‍ കാരണം എന്ന് സ്വയം പ്രഖ്യാപിക്കുന്ന പരശുരാമന്മാര്‍ മാത്രമേ ഇനിയും നമ്മളെ നയിക്കാന്‍ ഉണ്ടാവുകയുള്ളൂ എന്ന് വിചാരിച്ചിരിക്കുന്നവരുടെ മോഹങ്ങളെ തള്ളിപ്പറയുന്നില്ല, അതുകൊണ്ട് ചെന്നിത്തലയെപ്പോലുള്ളവര്‍ പുസ്തകം വായിക്കുന്നതിനെ കൊഞ്ഞനം കുത്തുന്നത് അസഹിഷ്ണത ഒന്നുകൊണ്ടുമാത്രം .

 
അത് അദ്ദേഹത്തോട് മാത്രമുള്ള പുച്ഛമല്ല ,പുസ്തകം വായിക്കുന്നവരോട് മൊത്തത്തിലുള്ള പുച്ഛമാണ് .അതില്‍ മുറുക്കാന്‍ കടക്കാരന്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെയുള്ളവരോടുള്ള പുച്ഛം .തങ്ങള്‍ക്ക് മാത്രമേ പുസ്തകം വായിക്കാനറിയൂ, വായിച്ചാല്‍ മനസ്സിലാകൂ എന്ന ജാഡ. കൂട്ടത്തിലാരെങ്കിലും കൊള്ളാവുന്ന പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയാലോ അവരെ അലന്‍ -താഹ മാരാക്കുന്ന വിദ്യയും ഇവര്‍ നമുക്ക് കാണിച്ചുതരും . ചില വിടുവായന്മാര്‍ ചോദിക്കുന്നുണ്ട് ,ഒരാള്‍ക്ക് ഒരേസമയം രണ്ടു പുസ്തകങ്ങള്‍ വായിക്കാമോയെന്ന് !

ഒരാള്‍ ഒരു ദിവസം എവിടെയൊക്കെ ,എങ്ങിനെയൊക്കെ ,ഏതൊക്കെ പുസ്തകങ്ങള്‍ വായിക്കുന്നു എന്നത് തികച്ചും വ്യക്തിപരം .അത് വായിക്കുന്നവര്‍ക്ക് തിരിയും. ഒരാളുടെ അബദ്ധങ്ങളെയോ അയാളുടെ നിലപാടുകളെയോ ട്രോളുന്നതും വിമര്‍ശിക്കുന്നതും തെറ്റല്ല. എന്നാല്‍ അയാളുടെ അഭിരുചികളെ പരിഹസിക്കാന്‍ ജനാധിപത്യബോധം തൊട്ടു തെറിച്ചിട്ടില്ലാത്ത വിജ്ഞാന വിരോധികള്‍ക്കേ തോന്നൂ .

സ്വന്തം അലമാരയിലെ ചിതലരിക്കാന്‍ തുടങ്ങിയ പുസ്തകങ്ങളുടെ മുമ്ബില്‍ നിന്ന് സെല്‍ഫിയെടുത്ത് എഫ് ബി യില്‍ പോസ്റ്റി, ആത്മരതി നടത്തിയവരുടെ കണക്കെടുത്താല്‍ അതില്‍ അധികവും മേല്‍പ്പറഞ്ഞ ജനുസ്സില്‍പ്പെട്ടവര്‍ തന്നെയെന്നുകാണാം .

കോണ്‍ഗ്രസുകാരന്‍ പുസ്തകം വായിക്കുന്നത് ചിലര്‍ക്ക് സഹിക്കുന്നില്ല. എന്നാല്‍ എനിക്കറിയാവുന്നതില്‍ ഏറ്റവും നല്ല പുസ്തക വായനക്കാര്‍ കോണ്‍ഗ്രസ്സുകാരാണ്. ഒരൊറ്റ ഉദാഹരണം : രണ്ടുപ്രളയങ്ങള്‍ കഴിഞ്ഞ കേരളത്തില്‍ നൂറ്റിനാല്‍പത് എംഎല്‍എമാരുള്ളതില്‍ കോണ്‍ഗ്രസുകാരനായ ഒരു പി.ടി.തോമസ് മാത്രമേ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുള്ളൂ എന്ന് എത്രപേര്‍ക്ക് അറിയാം !

പുസ്തകങ്ങള്‍ എത്രയെണ്ണം വായിച്ചു എന്നതല്ല ,വായിച്ച്‌ നേടിയ അറിവ് എങ്ങിനെ ജീവിതത്തില്‍ പ്രയോഗിച്ചു എന്നിടത്താണ് ഒരാളുടെ വായന അര്‍ത്ഥവത്താകുന്നത് .

Joy Mathew criticizes Ramesh Chennithala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES