മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥപത്രങ്ങളാണ് താരം ആരാധകർക്കായി നൽകിയത്. എന്നാൽ ഇപ്പോൾ താരം നിമാ ജീവിതത്തിന്റെ തുടക്കത്തിലുള്ള ഓർമകൾ പങ്കുവയ്ക്കുന്ന ഫില്‍മി ഫ്രൈഡേസിലൂടെ നടൻ രജനീകാന്തുമായുള്ള അപൂർവ ബന്ധത്തിന്റെ കഥ തുറന്ന് പറയുകയാണ്.
‘ചെന്നൈയിൽ മാധ്യമപ്രവർത്തനം നടത്തുന്ന കാലം. ആദ്യം അദ്ദേഹത്തെ കാണുന്നതുതന്നെ അവിടെ ഒരു ഹോട്ടലിൽ വച്ചാണ്. ഹോട്ടലിൽ കൂലിപ്പണി ചെയ്യുന്ന കുറേ ചെറുപ്പക്കാർ അയാൾക്ക് ചുറ്റുമുണ്ട്. അവരുടെ നടുക്കിരുന്ന് അയാൾ സിഗരറ്റ് മുകളിലേക്ക് എറിയുന്നു അത് വായിൽ പിടിക്കുന്നു. ആരെടാ ഇവൻ എന്ന ധാരണയിൽ ഞാൻ ഇത് ശ്രദ്ധിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് ജോലിക്കാരിൽ ഒരാളാണ് അയാൾ ആരാണ് എന്നു ചോദിച്ചു. അയാൾ നന്നായി മാജിക് കാണിക്കുന്നുണ്ടെന്നായിരുന്നു പയ്യന്റെ മറുപടി. മാജിക്കോ എന്നു ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു. അതെ സർ, അയാൾ സിഗരറ്റ് മുകളിലേയ്ക്ക് എറിഞ്ഞ് കൃത്യമായി ചുണ്ടിൽ വച്ചു പിടിക്കുന്നുവെന്ന് പയ്യൻ പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോൾ അഭിനേതാവ് ആണെന്നുകൂടി പറഞ്ഞു. എനിക്ക് അപ്പോൾ തോന്നി, അയാൾക്ക് വട്ടായിരിക്കും. അഭിനയിക്കാൻ വന്നവൻ ഇങ്ങനെ ചെയ്യുമോ?
രണ്ട് മൂന്ന് തവണ അവിടെ വന്നപ്പോഴും ഇദ്ദേഹത്തെ കാണാം. പിന്നീട് ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഞാൻ ഇരിക്കുമ്പോൾ അയാൾ എനിക്ക് നേരെ വന്നു.
‘സർ, എന്റെ പേര് ശിവാജി റാവു, ഇവിടെ സിനിമ പഠിക്കുകയാണ്. അഭിനയിക്കണം എന്നാണ് മോഹം. സർ ജോലിചെയ്യുന്ന പത്രത്തിൽ എന്നെ പറ്റി ഒരു വാർത്ത കൊടുക്കാമോ? മലയാളത്തിലെങ്കിലും ഒരു അവസരം കിട്ടിയാൽ ഞാൻ രക്ഷപ്പെടും. ഏത് ഭാഷയാണെങ്കിലും ഞാൻ ഓക്കെയാണ്. ഇതെന്റെ പലതരത്തിലുള്ള ചിത്രങ്ങളാണ്. ദയവായി സാറൊന്ന് സഹായിക്കണം..’: ഇങ്ങനെയായിരുന്നു രജനീകാന്തുമൊത്തുള്ള ബാലചന്ദ്രമേനോന്റെ ആദ്യ കൂടിക്കാഴ്ച.
ആ യുവാവിന്റെ ആത്മാർഥയിൽ അവന്റെ ആവേശത്തിൽ ഇഷ്ടം ബാലചന്ദ്രമേനോൻ ഈ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു വാർത്തയാക്കി തിരുവനന്തപുരത്തെ ഓഫിസിലേക്ക് അയച്ചു. എന്നാൽ മേൽ അധികൃതർ ആ വാർത്ത പ്രസിദ്ധീകരിക്കാൻ തയാറായില്ല. ഇത്തരം കാര്യങ്ങൾക്ക് എന്തിന് മാസികയിൽ സ്ഥലം നൽകുന്നു എന്ന നിലപാട് സ്വീകരിച്ചതോടെ, ആ യുവാവിന്റെ മോഹം ചവറ്റുകുട്ടയിലായി. ഇതറിയാതെ പിന്നിട് പലപ്പോഴും ബാലചന്ദ്രമേനോനോട് വാർത്ത വരുമോ എന്ന് തിരക്കി ഒരുപാട് നടന്നു ആ യുവാവ്. ഇന്നുവരും നാളെ വരും എന്നൊക്കെ പറഞ്ഞ് ബാലചന്ദ്രമേനോനും ഒഴിഞ്ഞുമാറി. ഒടുവിൽ ഈ യുവാവിന് മുഖം കൊടുക്കാതെ മേനോൻ നടന്നുതുടങ്ങി.
പിന്നീട് ശ്രീവിദ്യയുടെ ഒരു അഭിമുഖം എടുക്കാൻ ബാലചന്ദ്രമേനോൻ സത്യാ സ്റ്റുഡിയോയിലെത്തി. അവിടെ വച്ച് മാധ്യമങ്ങൾക്ക് നടുവിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ സിനിമയിലെ നായകൻ കമൽഹാസനെ കണ്ടു. അദ്ദേഹത്തിന് ചുറ്റും മാധ്യമങ്ങളുടെ വലിയ ബഹളമാണ്. അതുകഴിഞ്ഞ് ശ്രീവിദ്യയുമായുള്ള അഭിമുഖം എടുക്കാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആ വിളി എത്തുന്നത്. സാർ, എന്നെ ഓർക്കുന്നുണ്ടോ, ഞാൻ ശിവാജി റാവു. അന്ന് വാർത്ത കൊടുക്കുമോ എന്ന് ചോദിച്ചു വന്നിരുന്നു. ഈ സിനിമയിൽ ബാലചന്ദർ സാർ എനിക്ക് ഒരു വേഷം തന്നു. നല്ല വേഷമാണ് സാർ. സിനിമയുടെ പേര് ‘അപൂർവ രാഗങ്ങൾ’.
അന്ന് കൊടുത്ത വാർത്ത മേൽ അധികൃതർ നിരസിച്ച കാര്യം ബാലചന്ദ്രമേനോൻ ആ യുവാവിനെ പറഞ്ഞു മനസിലാക്കി. അതു സാരമില്ല സാർ എന്ന് അയാൾ മറുപടി നൽകി പിരിഞ്ഞു. പിന്നീട് ശ്രീവിദ്യയുമായുള്ള അഭിമുഖത്തിന് ഒരുങ്ങുമ്പോൾ മേനോൻ അവരോട് ചോദിച്ചു. ഈ പത്രക്കാര് നായകന്റെ പിന്നാലെയാണ്. അവിടെ നായകന് കിട്ടുന്ന പ്രാധാന്യം കണ്ടില്ലേ. ആ യുവാവിനെ ആരും ഗൗനിക്കുന്നില്ല. അന്ന് ശ്രീവിദ്യ പറഞ്ഞു. നിങ്ങൾ നോക്കിക്കോളൂ. കാലം ഒരു കാര്യം തെളിയിക്കും. ഇപ്പോൾ കുറച്ച് സീനുകൾ അയാൾക്കൊപ്പം എടുത്തു കഴിഞ്ഞ അനുഭവം കൊണ്ട് പറയുവാണ്. അയാളൊരു താരമാകും. സൂപ്പർ സ്റ്റാറാകും. ആ വാക്കുകൾ പിന്നീട് സത്യമായി. ബാലചന്ദ്രമേനോന്റെ മുന്നിൽ വാർത്ത കൊടുക്കാമോ എന്ന് ചോദിച്ച് നിന്ന ആ യുവാവ് പിന്നീട് ലോകം മുഴുവൻ ആരാധകരുള്ള രജനികാന്തായി മാറി. ഇന്ന് ഒരു അഭിമുഖത്തിനായി ലോകമാധ്യമങ്ങൾ കാത്തിരിക്കുന്ന മെഗാതാരം.