സിനിമാ നിര്‍മാതാക്കൾ ഈ കാലത്ത് നേരിടേണ്ടി വരുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക ബുദ്ധിമുട്ടികളും എല്ലാം തന്നെ പങ്കുവച്ചു കൊണ്ട് ലിജീഷ് കുമാർ എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.. മിന്നൽ മുരളിയുടെ സിനിമ സെറ്റ് അക്രമിക്കപെട്ടതുമായി ബന്ധപ്പെട്ട് നിർമാതാവ് സോഫിയ പോളിനു നേരിടേണ്ടി വന്നേക്കാവുന്ന നൂലാമാലകളെ കുറിച്ചാണ് ഈ കുറിപ്പിലൂടെ തുറന്ന് പറയുന്നത്.
ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം
സോഫിയ പോൾ, ഈ 5 കാര്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്
വീനസ് പിക്ചേഴ്സിന്റെ ബാനറിൽ തമിഴ് പടങ്ങൾ നിർമ്മിച്ചിരുന്ന ഒരു ഗോപാൽ രത്നം അയ്യരുണ്ട്, മണിരത്നത്തിന്റെ അപ്പ. അവര്‍ ജി.വി സാറുടെ അപ്പ എന്ന് തമിഴർ പറയും. സത്യമതാണ്, ഗോപാൽ രത്നം അയ്യരുടെ വഴിയേ നടന്ന മകൻ ജി.വിയായിരുന്നു. മണിരത്നത്തിന്റെ സഹോദരൻ ജി.വെങ്കിടേശ്വരൻ, ആദ്യത്തെ പബ്ലിക് ലിമിറ്റഡ് സിനിമാകമ്പനിയായ ജി.വി ഫിലിംസിന്റെ ഉടമ. നായകന്‍, ദളപതി, അഗ്നി നക്ഷത്രം, അഞ്ജലി തുടങ്ങിയ സൂപ്പർഹിറ്റ് പടങ്ങളുടെ പ്രൊഡ്യൂസർ. ഇത് ജി.വിയുടെ കരിയറിന്റെ ആദ്യഭാഗമാണ്, രണ്ടാം ഭാഗം അത്ര സുന്ദരമല്ല. ഏയ് നീ റൊമ്പ അഴകായിരുക്കേ, തമിഴന്‍, ചൊക്കത്തങ്കം തുടങ്ങിയ സിനിമകൾ പുറത്ത് വരുന്നത് ആദ്യത്തെ പടങ്ങൾ പടുത്തുയർത്തിയ സാമ്രാജ്യത്തെ മുച്ചൂടും മുടിച്ചു കൊണ്ടാണ്.
കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത വിജയകാന്ത് പടമായ ചൊക്കത്തങ്കമായിരുന്നു ജി.വി നിർമിച്ച അവസാനത്തെ സിനിമ. ചൊക്കത്തങ്കത്തിന് വേണ്ടി തഞ്ചാവൂരിലെ തിയറ്റര്‍ വരെ ജി.വിക്ക് പണയം വെക്കേണ്ടി വന്നു. പണമിടപാടുകാരായ ചില വടക്കേയിന്ത്യക്കാരിൽ നിന്നും കോടികളാണ് അയാൾ പലിശയ്ക്ക് വാങ്ങിയത്. ചൊക്കത്തങ്കം ഫ്ലോപ്പായി. ഒന്നു പിടിച്ചു നിൽക്കാൻ വേണ്ടി വിതരണാവകാശം വാങ്ങിയ രജനീകാന്തിന്റെ ബാബ ബോക്സോഫീസിൽ മൂക്കുംകുത്തി വീണു. ഒടുവിൽ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചു കളഞ്ഞു ജി.വി.
മെഗാഹിറ്റ് പടങ്ങളുൾപ്പെടെ പതിനെട്ട് കൊമേഴ്സ്യൽ തമിഴ് പടങ്ങൾ നിർമ്മിച്ച ഒരു മനുഷ്യന്റെ അവസാനമാണിത്. ഒരായുസ്സു മുഴുവൻ മോഹവസ്തുവിന് പിന്നാലെയലഞ്ഞ് അവസാനം പൂർത്തിയാക്കാതെ മടങ്ങിയ ഒരുപാട് പേരുണ്ട് സിനിമയിൽ, ജി.വി. അവരിലൊരാൾ മാത്രമായിരുന്നു. 2003 ലാണ് അയാൾ മരിക്കുന്നത്. ഇനി അത്രയൊന്നും പഴക്കമില്ലാത്ത ചില കണക്കു പറയാം. കന്നഡപ്പടങ്ങളുടെ പ്രൊഡ്യൂസർ കപാലി മോഹൻ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചത് ഇക്കൊല്ലമാണ്, ഈ മാർച്ച് 23 ന് പുലർച്ചെ രണ്ടരയ്ക്ക്. പപ്പുലാദ് എന്ന പ്രൊഡ്യൂസർ സൗത്ത് മുംബയിലെ ഗ്രാന്റ് റോഡിലുള്ള ഗണപതി ക്ഷേത്രത്തിൽ തൂങ്ങിമരിക്കുന്നത് കഴിഞ്ഞ കൊല്ലമാണ്, 2019 ജനുവരിയിൽ.
ബോക്സ്ഓഫുസില്‍ ദയനീയമായി പരാജയപ്പെട്ട ദോല്‍ താഷേ എന്ന മറാഠി സിനിമയുടെ പ്രൊഡ്യൂസർ ആതുല്‍ താപ്കിര്‍ ആത്മഹത്യ ചെയ്യുന്നത് 2018 മെയ് മാസത്തിലാണ്. പൂനെ, കാര്‍വ് റോഡിലുള്ള ഹോട്ടല്‍ പ്രസിഡന്റില്‍ മുറിയെടുത്ത് വിഷം കഴിച്ച് മരിക്കുകയായിരുന്നു അയാൾ. മരിക്കുമ്പോൾ അതുലിന് 35 വയസ്സായിരുന്നു. ഇതുപോലൊരു ചെറുപ്പക്കാരൻ 2017 ലും മരിച്ചു കളഞ്ഞിട്ടുണ്ട്, ചെന്നൈയിലെ ആള്‍വര്‍ തിരുനഗറിലെ അപ്പാര്‍ട്ട്‌മെന്റിൽ തൂങ്ങിമരിച്ച അശോക് കുമാർ. ശശികുമാറിന്റെ ഈശന്‍, പോരാളി, കൊടിവീരന്‍ തുടങ്ങിയ പടങ്ങളുടെ പ്രൊഡ്യൂസർ.
മരിക്കുന്നതിന് തൊട്ടുമുമ്പ് അശോക് എഴുതി,ശശി എപ്പോഴും എന്റെ കൂടെ നിന്നിരുന്നു. ഞങ്ങളുടെ പ്രൊഡക്‌ഷൻ കമ്പനി നിർമിച്ച ഒരു സിനിമ പോലും ഇറങ്ങാതിരുന്നിട്ടില്ല. ഞാൻ പക്ഷേ ഇതിനിടയിലൊരു തെറ്റ് ചെയ്തു. അൻപ് ചെയാന്റെ കയ്യിൽ നിന്ന് പണം പലിശക്ക് വാങ്ങി. ചോദിച്ച പലിശ കഴിഞ്ഞ ഏഴ് കൊല്ലം കൃത്യമായി ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷേ ഈയിടെയായി അയാളുടെ സ്വഭാവത്തിൽ പേടിപ്പിക്കുന്ന ചില മാറ്റങ്ങൾ ഞാൻ കാണുന്നു. നിയമപരമായി നേരിട്ടാൽ പോലും എനിക്കയാളെ ജയിക്കാനാവില്ല. അവരൊക്കെ വലിയ ആളുകളാണ്. ഇനിയവർ ശശികുമാറിനെ ഉപദ്രവിക്കുന്നത് കാണാൻ കൂടെ എനിക്ക് ധൈര്യമില്ല. ശശി എന്നോട് ക്ഷമിക്കണം, കള്ളൻമാരുടെ ഇടയിൽ നിന്നെ തനിച്ചാക്കി ഞാൻ പോകുകയാണ്. നിന്നെ രക്ഷിക്കാൻ എന്റെ മുമ്പിൽ വഴികളില്ല, എന്നെ രക്ഷിക്കാനും.
ഇതിനും ഒരു കൊല്ലം മുമ്പ്, 2016 ഏപ്രിൽ മാസത്തിലാണ് അജയ് കൃഷ്ണൻ എന്ന മലയാളി നിർമാതാവ് ആത്മഹത്യ ചെയ്യുന്നത്. മങ്കിപെന്നിന്റെ സംവിധായകൻ ഷാനിൽ മുഹമ്മദ് ചെയ്ത 'അവരുടെ രാവുകൾ' ആയിരുന്നു അജയ് കൃഷ്ണന്റെ പടം. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിരുന്നു. പോസ്റ്റ് പ്രൊഡക്‌ഷൻ പണികൾ നടക്കുന്നതിനിടെ അയാൾ മടങ്ങി, അപ്പോൾ അയാൾക്ക് പ്രായം.
2020–ൽ കപാലി മോഹൻ, 2019 ൽ പപ്പുലാദ്, 2018 ൽ അതുൽ താപ്കിർ, 2017 ൽ അശോക് കുമാർ, 2016 ൽ അജയ് കൃഷ്ണൻ !! ഇത് ഇന്ത്യൻ സിനിമയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കാണ്. ഓരോ കൊല്ലവും ഓരോ പ്രൊഡ്യൂസർ വെച്ച് മരിച്ചു കളയുന്ന ഇൻഡസ്ട്രിയാണിത്. ജയിച്ചവരുടെ മാത്രം സിനിമയേ നിങ്ങൾക്കറിയൂ, തോറ്റവരുടെ ഒരു സിനിമയുണ്ട്. ഒരു കാഴ്ചക്കാരൻ പോലുമില്ലാത്ത ദുരന്ത സിനിമകളാണത്. പൊട്ടിയത് പലപ്പോഴും പടങ്ങളായിരുന്നില്ല, ജീവിതങ്ങളായിരുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും നിക്ഷേപിച്ച കുറിക്കമ്പനികളായിരുന്നു.
ഇത്രയും എഴുതിയത് ബജ്റംഗ്ദള്ളുകാർക്ക് വായിക്കാനാണ്. സോഫിയ പോൾ എന്ന പ്രൊഡ്യൂസർ 50 ലക്ഷം മുടക്കി പണിത സിനിമാ സെറ്റ് നിങ്ങൾ കുത്തിപ്പൊളിച്ച് നശിപ്പിച്ച കാഴ്ച കണ്ട് ഞാൻ ഞെട്ടുന്നത് ഇന്നലെയാണ്. അത് വരച്ചുണ്ടാക്കിയ ആർട്ട് ഡയറക്ടറുടെ ഉള്ളുരുക്കത്തെക്കുറിച്ചോ, അത് പണിത ആർട്ടുകാരുടെ മനുഷ്യാധ്വാനത്തെക്കുറിച്ചോ ഞാൻ കൂടുതൽ പറയുന്നില്ല. ഒരുപാട് സങ്കടമുണ്ടാവുമെങ്കിലും അവർ ആത്മഹത്യ ചെയ്യേണ്ടി വരില്ല. ഒരിക്കൽക്കൊടുത്ത ബത്ത ഒരിക്കൽക്കൂടെ കൊടുത്ത് ഇതേ പ്രൊഡ്യൂസർ വീണ്ടും അവരെക്കൊണ്ടത് പണിയിക്കേണ്ടി വരും. അപ്പൊഴേക്കും 'മിന്നൽ മുരളി'യുടെ ബഡ്ജറ്റ് എത്രയായിത്തീരും ! അത് തിരിച്ചു പിടിക്കാവുന്ന ഇൻഡസ്ട്രി ഇവിടുണ്ടോ
കൊറോണയ്ക്ക് ശേഷം എന്ത് എന്ന് ഒരു നിശ്ചയവുമില്ലാതെയാണ് മലയാള സിനിമ പൊയ്ക്കൊണ്ടിരിക്കുന്നത്. കൊറോണയ്ക്ക് മുമ്പ് പടം ഷെഡ്യൂൾ ചെയ്ത നിർമാതാവല്ല, ഇനി പുതിയ ഷെഡ്യൂളിൽ വരാനുള്ളത്. അയാൾ അടിമുടി മാറിയിട്ടുണ്ടാവും. സാമ്പത്തിക സ്രോതസ്സിൽ വന്ന ഏറ്റക്കുറവുകളാൽ പുനർനിർമിക്കപ്പെട്ട പ്രൊഡ്യൂസറെ സിനിമ കാത്തിരിക്കുന്നത് പേടിയോടെയും ആശങ്കകളോടെയുമാണ്. അതിനിടയിലാണ് നിങ്ങളുടെ ഈ വിഷം കലക്കൽ.
സിനിമ പിടിക്കാൻ സ്ത്രീകൾ വരുന്ന കാഴ്ച അപൂർവമായി മാത്രമാണ് മലയാളസിനിമ കണ്ടിട്ടുള്ളത്. ബാംഗ്ളൂർ ഡെയ്സിന്റെ കോ പ്രോഡ്യൂസറായി തുടങ്ങിയ സോഫിയ പോൾ വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സിന്റെ ബാനറിൽ നാല് സിനിമകളാണ് നിർമ്മിച്ചത്. ആദ്യ പടത്തിന്റെ വിജയത്തിനു പിന്നാലെ സോഫിയ നിർമിച്ചത് കൊമേഴ്ഷ്യൽ ചേരുവകൾ തീരേയില്ലാത്ത 'കാടു പൂക്കുന്ന നേര'മായിരുന്നു. ഒരു കച്ചവടകല എന്നതിനപ്പുറത്തായിരുന്നു അവർക്ക് സിനിമ. മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബിജു മേനോന്റെ പടയോട്ടം, അങ്ങനെ സോഫിയ പോൾ നിർമിച്ച പടങ്ങളുടെ ടോട്ടൽ ഗ്രാഫ് നോക്കിയാലറിയാം സിനിമ അവർക്കൊരു സേഫ് സോൺ വിനോദമായിരുന്നില്ല. എന്നിട്ടും ബേസിൽ ജോസഫിന്റെ ടൊവിനോ തോമസ് പടം, 'മിന്നൽ മുരളി'യുമായി അവർ വരുന്നത് സിനിമ അവർക്കത്രമേൽ പ്രിയപ്പെട്ടതായതുകൊണ്ടാണ്. സമ്മതിക്കരുത് കേട്ടോ, ആത്മാഭിമാനമുള്ള പെണ്ണുങ്ങളെ ജീവിക്കാനനുവദിക്കാത്ത ശീലം ഇങ്ങനെ കൂടെ കൊണ്ടു നടക്കണം കേട്ടോ.
പ്രിയപ്പെട്ട സോഫിയ പോൾ,
അവർ പൊളിച്ചത് നിങ്ങളുടെ സിനിമാ സെറ്റല്ല. നിങ്ങൾ കാലടിയിലെ അമ്പലത്തിന് മുമ്പിൽ പണിത പള്ളിയാണ്. അതിന് നിങ്ങൾ ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയെന്നതോ, അമ്പലക്കമ്മറ്റി ആവശ്യപ്പെട്ട പണം നൽകി എന്നതോ അവരുടെ വിഷയമല്ല. പൊളിക്കലാണ് അവരുടെ ശരി. അവരുടെ പൂർവികർ അത് ചെയ്തിട്ടുണ്ട്. പള്ളി പൊളിച്ചവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. പള്ളി പൊളിച്ചതിന് ശേഷമാണ് അവരൊന്ന് പച്ച പിടിച്ചത് പോലും. ഇവിടെയും അവർ പൊളിച്ചത് പള്ളിയാണ്, സിനിമാ സെറ്റല്ല. അവർ സിനിമാ സെറ്റ് പൊളിക്കുന്നവരല്ല, പള്ളി പൊളിക്കുന്നവരാണ്.
ഏറിയാൽ അവർക്കെന്ത് സംഭവിക്കും ? അറസ്റ്റ് ചെയ്യപ്പെടും. 2 പേർ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇനി ? ഇനിയൊന്നും സംഭവിക്കില്ല. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേർത്ത് കേസ് വരും. പണ്ട് പള്ളി പൊളിച്ചപ്പോഴും ഇതേ വകുപ്പുകളായിരുന്നു. ഗൂഢാലോചന കേസ് ചുമത്തപ്പെട്ട എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവരെയാണ് ഞാനിപ്പോൾ ഓർക്കുന്നത്. ഏറിയാൽ എന്ത് സംഭവിക്കുമെന്ന് അവർക്കറിയാം.
സോഫിയ പോൾ, ഇതവരുടെ രാജ്യമാണ്. കേസുമായി ചെന്നാൽ നിങ്ങൾക്കത് ശരിക്കും മനസിലാവും. കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ ഞാനാദ്യമേ അക്കമിട്ട് പറഞ്ഞു തരട്ടെ, 1.ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല, 2.കാലടി മണപ്പുറത്തെ ഭൂമിക്ക് നിയമവ്യക്തിത്വം ഇല്ല, 3.കാലടിയിലെ മഹാദേവന് നിയമവ്യക്തിത്വം ഉണ്ട്, 4.കാലടി മണപ്പുറത്ത് ഹിന്ദുക്കള്‍ പൂജ നടത്തിയതിനു തെളിവുണ്ട്, 5.പള്ളി പണിയാൻ ഒരു മൂന്ന് സെന്റ് സ്ഥലം ബജ്റംഗ്ദള്ളിന് എതിർപ്പില്ലാത്ത സ്ഥലത്ത് തരും.
സോഫിയ പോൾ, ഈ 5 കാര്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇതാണ് വിധി. ഈ വിധിക്ക് കീഴ്പ്പെട്ടാണ് ഇപ്പോൾ നമ്മുടെ ജീവിതം. ഞാനാലോചിക്കുന്നത് അതാണ്, എന്ത് ജീവിതമാണിത്. ക്രിമിനലുകൾ ഭരിക്കുന്ന രാജ്യത്ത്, അവർക്ക് കീഴ്പ്പെട്ട്, അവരാൽ നിരന്തരം അപമാനിക്കപ്പെട്ട്, അവരെ ഒന്നും ചെയ്യാനാവാതെ, എന്ത് ജീവിതമാണിത്.