മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സത്രീ വ്യക്തിത്വമാണ് ഭാഗ്യ ലക്ഷ്മി. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ആളാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ ഒട്ടനവധി താരങ്ങള്‍ക്ക് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ഗീതു മോഹന്‍ദാസിനെതിരെ പലരും രംഗത്ത് എത്തിയിരുന്നു. അതേ സമയം തനിക്ക് ഡബ്ല്യുസിസിയുമായി യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ട സമയം മുതല്‍ ഈ കഴിഞ്ഞ ദിവസം നടന്ന വെബിനാറിന്റെ സമയം വരെ ഒരു തരത്തിലും അതിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കപ്പെടാത്ത ഒരാളാണ് ഞാന്‍. മലയാള സിനിമയില്‍ നാല്പതു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന,അത്രയും അനുഭവ പരിചയമുള്ള ഒരാളെന്ന നിലയിലും WCC യുടെ മുന്നണി പ്രവര്‍ത്തകരായി കണ്ട പല ആളുകളുടെയും കൂടെ പ്രവര്‍ത്തിച്ച ഒരാളെന്ന നിലയിലും അത്തരമൊരു ഒഴിവാക്കപ്പെടല്‍ എന്തുകൊണ്ടായിരിക്കാം എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ഇന്നും എനിക്കതിന് വ്യക്തത ലഭിച്ചിട്ടില്ല..എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം നടന്ന വെബിനാറില്‍ പങ്കെടുക്കാന്‍ രേവതി എന്നെ ഫോണില്‍ വിളിക്കുകയും വൈകിവന്ന ആ പങ്കാളിത്തം വേണ്ടെന്ന് പറയുകയും ചെയ്ത ആളാണ് ഞാന്‍.
എങ്കിലും എന്നെ ഒഴിവാക്കിയ ഒരു കൂട്ടായ്മയാണെങ്കില്‍ പോലും ഇത്തരത്തിലുളള സ്ത്രീകളുടേതായ ഒരു കൂട്ടായ്മ മലയാള സിനിമയില്‍ ഉണ്ടാകേണ്ടത് കാലത്തിന്റെ അനിവാര്യതയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ ഗുണപരമായ പല മാറ്റങ്ങളും കൊണ്ടു വരാന്‍ അവര്‍ക്ക് സാധിക്കും. അത്തരത്തിലുള്ള സംഘടനാ പ്രവര്‍ത്തനത്തില്‍ വിശ്വാസമുളള ആളാണ് ഞാന്‍.കാരണം മലയാള സിനിമയില്‍ വലിയ രീതിയില്‍ പരിഗണിക്കപ്പെടാതിരുന്ന ഒരു വിഭാഗമായിരുന്നു ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍.പക്ഷെ ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ ഭാഗമായ ഒരു സംഘടനയായി പ്രവര്‍ത്തിച്ചു തുടങ്ങിയതില്‍ പിന്നെ തൊഴില്‍ പരമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുള്ള ഒരു ഉന്നമനം എനിക്ക് ബോധ്യമുളളതാണ്. (ഏറ്റവുമധികം സ്ത്രീകള്‍ ഉളള ഒരു തൊഴിലാളി സംഘടനയാണ് ഫെഫ്ക ഡബ്ബിങ് യൂണിയന്‍).
ഒരു പക്ഷെ ഞങ്ങളുടെ തൊഴിലാളി സംഘടന അഡ്രസ്സ് ചെയ്യാതിരിക്കുന്ന കാര്യങ്ങളിലേക്കു കൂടി കടന്നു കൊണ്ട്, സ്ത്രീകള്‍ക്ക് അവരുടെ ഒരു കൂട്ടായ്മക്കുളളില്‍ മാത്രം ചര്‍ച്ച ചെയ്ത് അവരുടേതായ ഒരു ശാക്തീകരണത്തിന് വേദി ഒരുക്കുന്ന ഒരു സംഘടന എന്ന നിലയില്‍ WCC യോട് എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വിധു വിന്‍സെന്റ് എന്ന WCC ലെ ഏറ്റവും ശക്തയായ,ശ്രദ്ധേയയായ ഒരംഗം ഗുരുതരമായ ആരോപണങ്ങളുമായി വെളിയില്‍ വരുന്നത്. അവര്‍ രാജി വെയ്ക്കാനുണ്ടായ കാരണങ്ങള്‍ വായിച്ചപ്പോള്‍ അതില്‍ ഉന്നയിച്ചിരിക്കുന്ന പല പ്രശ്‌നങ്ങളും വളരേയധികം പ്രസക്തിയുളളതാണെന്ന് ബോധ്യപ്പെട്ട പലരില്‍ ഒരാളാണ് ഞാന്‍.
തീര്‍ച്ചയായും അവര്‍ അക്കമിട്ട് പറഞ്ഞ പ്രശ്‌നങ്ങളില്‍ WCC പോലെയുളള ഒരു സംഘനടയ്ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ട്. മലയാള സിനിമയില്‍ പണം കൊണ്ടും പുരുഷന്മാര്‍ ഭരിക്കുന്ന ഒരു വ്യവസായമെന്ന നിലക്കും തന്റേതായ ഒരിടം കണ്ടെത്താന്‍ പോരാടുന്ന ഒരു പെണ്‍ സംവിധായികയ്ക്ക് നേരിടേണ്ടി വന്ന മാനസികമായ പ്രശ്‌നങ്ങളില്‍ അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കേണ്ടിയിരുന്ന ഈ കൂട്ടായ്മ അവരോട് കാണിച്ച അവഗണനയുമാണ് അവര്‍ ആ രാജിക്കത്തില്‍ പരാമര്‍ശിച്ചത്. സംഘടനാപരമായും രാഷ്ട്രീയമായും അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് WCC വ്യക്തമായ മറുപടി പറയും എന്നാണ് ഞാന്‍ ഉള്‍പ്പെടെ പലരും കരുതിയത്.
പക്ഷെ കഴിഞ്ഞ ദിവസം വന്ന WCC യുടെ ഫേസ്ബുക്ക് കുറിപ്പ് എന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒന്നും വ്യക്തമല്ലാത്ത ആ കുറിപ്പില്‍ ഒരു വരി മാത്രം മനസിലായി. അതില്‍ അവര്‍ പറയുന്നു 'മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാനായുളള ഒരു അഡ്വക്കസി ഫോറമായാണ് കളക്ടിവ് ആരംഭിച്ചത്, WCC ഒരു പ്രശ്‌ന പരിഹാര സെല്‍ അല്ല'. അതായത് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ഇടപെടല്‍ ശക്തിയാവാനോ പരിഹാരം തേടാനോ സ്ത്രീകളെ സഹായിക്കാനോ തയാറല്ലാത്ത, അവരെ നിരന്തരം ഉപദേശങ്ങളിലൂടെ മാത്രം നയിക്കുന്ന ഒരു സംഘടനയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതൊരു ഞെട്ടലോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്..കാരണം നമ്മുടെ ഒരു സഹ പ്രവര്‍ത്തകയ്ക്ക് നേരിടേണ്ടി വന്ന അതി ദാരുണമായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അന്ന് അവളോടൊപ്പം എന്ന ഹാഷ്ടാഗോടെ WCC രൂപപ്പെട്ടത്. അവളോടൊപ്പം അവള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ് എന്ന് പ്രസംഗിച്ച സംഘടനയാണ് WCC.അതേ സംഘടന ഇപ്പോള്‍ പറയുന്നു അത്തരം അനീതികള്‍ നടക്കുമ്ബോള്‍ അതിന് ഉപദേശമല്ലാതെ പരിഹാരം തേടി ഇങ്ങോട്ട് വരേണ്ടതില്ലെന്ന്. ആ ഉപദേശത്തിന്റെ സ്വഭാവമെന്താണ്? അത് നിയമോപദേശമാണോ ? ആ ഉപദേശത്തിനൊപ്പം എന്ത് സംരക്ഷണവും സുരക്ഷയുമാണ് ഈ സംഘടനക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കുക? അത് WCC രൂപീകരിക്കപ്പെട്ടതു മുതല്‍ ഇതുവരെയുള്ള അവരുടെ യാത്രയില്‍ സംഭവിച്ചിരിക്കുന്ന വലിയൊരു അപചയമായി മാത്രമേ എനിക്ക് കാണാന്‍ സാധിക്കുന്നുളളു.
മറ്റൊന്ന് ഈ സംഘടനയുടെ തുടക്കത്തില്‍ അമ്മ എന്ന സംഘടനയോടുളള പ്രതിഷേധവുമായി WCC ലെ മുന്‍നിര അംഗങ്ങള്‍ കറുത്ത വസ്ത്രം ധരിച്ച് ഒരു പത്ര സമ്മേളനം നടത്തുകയുണ്ടായി, ആ പത്ര സമ്മേളനത്തില്‍ അവര്‍ കാണിച്ച സ്പിരിറ്റിനോട് ഐക്യദാര്‍ഢ്യമുളള ഒരാളാണ് ഞാന്‍. ഒരുപക്ഷെ ആ ആശയത്തിനോട് പൂര്‍ണ്ണമായും യോജിപ്പില്ലെങ്കിലും.WCC അന്ന് പറഞ്ഞത് ബോളിവുഡിലെ അനേക ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത്തരത്തില്‍ ലൈംഗിക ആരോപണം നേരിടുന്നവരെ തൊഴില്‍പരമായി ബഹിഷ്‌കരിക്കണം എന്ന ആവശ്യമായിരുന്നു. എന്നാല്‍ പിന്നീട് അത്തരത്തിലുള്ള ലൈംഗിക ആരോപണം നേരിടേണ്ടി വന്ന നടന്മോരോട് ഇവരെടുത്ത മെല്ലെപ്പോക്ക് സമീപനമാണ് WCC എഴുതിയ കുറിപ്പിലൂടെ വിരുദ്ധാശയങ്ങള്‍ ഉളളവരുമായി സഹകരിക്കും എന്ന് പറയുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്? വിധു വിന്‍സെന്റ് ഉന്നയിച്ച ചോദ്യങ്ങള്‍ ഈ മറുപടിയുടെ വെളിച്ചത്തില്‍ ഇരട്ടി ശക്തിയോടെ WCC യുടെ മുന്‍പിലെത്തുകയാണ്.
വിധുവിനെ പോലൊരാള്‍ ഉന്നയിച്ച ഒരു ചോദ്യത്തിനുംWCC മറുപടി പറഞ്ഞിട്ടില്ല. മറ്റൊന്ന് ഒരു പെണ്ണ് തുറന്നു ചോദ്യങ്ങള്‍ ചോദിക്കുമ്ബോള്‍ ആണെടുക്കുന്ന അടവാണ് നീ അപവാദ പ്രചാരണം നടത്തുന്നു എന്നുള്ളത്..ഇതുതന്നെയല്ലേ വിധു ചോദ്യം ചോദിക്കുമ്ബോള്‍ WCC തിരിച്ചു പറയുന്നത്? ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണിനോട് സമൂഹം ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ട് നേരത്തേ പരാതി പറഞ്ഞില്ല എന്ന്. ഇതു തന്നെയല്ലേ WCC ലെ പ്രധാന അംഗമായ ഗീതു മോഹന്‍ദാസും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി എന്ന പെണ്‍കുട്ടിയോടും ചോദിച്ചത്? എന്തുകൊണ്ട് നേരത്തേ പരാതി കൊടുത്തില്ല എന്ന്.
നിങ്ങള്‍ എന്റെ സുഹൃത്തുക്കളാണ് പക്ഷെ തുറന്നു പറയുന്നതില്‍ ക്ഷമിക്കണം.നിങ്ങളുടെ പ്രസ്താവനകളില്‍ ഉടനീളം മന്ദസ്ഥായിയില്‍ കേള്‍ക്കുന്നത് ആണ്‍ശബ്ദമാണ്..എന്ന് ഞാന്‍ തിരിച്ചറിയുന്നു. വിധു വിന്‍സെന്റ് എന്ന സംവിധായിക സിനിമ ചെയ്യാനാണ് വന്നത്. അവര്‍ക്കൊരു നിര്‍മ്മാതാവിനെ കണ്ടെത്തിക്കൊടുക്കാന്‍ നിങ്ങളുടെ ഇടയില്‍ തന്നെ ധാരാളം ആളുകള്‍ ഉണ്ടായിട്ടും ആരും അതിന് തയാറാവാതെ വന്നത് കൊണ്ടാണ് അവര്‍ സ്വന്തം നിലക്ക് ഒരു നിര്‍മ്മാതാവിനെ കണ്ടെത്തിയത്. അവര്‍ ഒളിച്ചല്ല സിനിമ ചെയ്തത്.വിധു വിന്‍സെന്റ് നെ ഡിസൈന്‍ ചെയ്തു/ സ്വാധീനിച്ചു/ പര്‍ച്ചേസ് ചെയ്തു എന്ന വാക്കുകള്‍ നിങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ നിങ്ങളുടെ ഇടയിലെ ശക്തയായ ഒരംഗത്തെ അപമാനിക്കുക കൂടിയാണ് നിങ്ങള്‍ ചെയ്തത്. സ്ത്രീയെ വിലയ്ക്ക് വാങ്ങി എന്ന് പറയുന്നത് പുരുഷന്റെ വാക്കുകളാണ്. വിധു വിന്‍സെന്റ് എണ്ണിപ്പറഞ്ഞ ആരോപണങ്ങള്‍ക്ക് ഒരു വ്യക്തത തരേണ്ടത് WCC യുടെ ഉത്തരവാദിത്വമാണ്.
ഇനി സംഘടനാ ഘടനയെ പറ്റി കൂടി ചിലത് പറയാനാഗ്രഹിക്കുന്നു. ആലംബഹീനരായ നിരവധി സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന ഒരിടമാണ്, സിനിമ.പുരുഷാധിപത്യം അരങ്ങ് വാഴുന്ന ഈ രംഗത്ത് അവളെ ഉപദേശിക്കാന്‍ നിരവധി ആളുകളുണ്ട്. എന്നാല്‍ നിയമപരമായോ മാനസികമായോ അവള്‍ക്കൊരു പ്രശ്‌നം വരുമ്ബോള്‍ അവള്‍ക്ക് കരുത്താകാനും സാമ്ബത്തികമായി അവളെ കൈപിടിച്ച് നടത്താനുമൊരു സംഘടനയാണ് ഇവിടെ ആവശ്യം.WCC യുടെ തലപ്പത്തിരിക്കുന്നവര്‍ക്കറിയില്ല അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികളുടെ പ്രശ്‌നം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെ പ്രശ്‌നം. ജീവിതത്തില്‍ എല്ലാ സുഖ സൗകര്യങ്ങളിലൂടെയും വളര്‍ന്ന് അനുഭവിച്ച് ജീവിച്ച നിങ്ങള്‍ക്കറിയില്ല എന്താണ് സംഘടന, സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്‌നം,അതറിയണമെങ്കില്‍ അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം, അവരോടൊന്നിച്ച് സഞ്ചരിക്കണം, ഓരോരുത്തരോടും മുഖാമുഖം സംസാരിക്കണം..അത് വാട്‌സ്‌ആപ് ലൂടെയോ ഫേസ്ബുക്കിലൂടയോ പത്ര സമ്മേളനത്തിലൂടെയോ മാത്രമുളള വാഗ്ദാനമാവരുത്. ഇതൊന്നുമറിയാത്തവരാണ് ഭൂരിഭാഗം സ്ത്രീകളും.
അവരുടെ പ്രശ്‌നം വിശപ്പും സുരക്ഷിതത്വവുമാണ്. അവര്‍ക്ക് നിങ്ങള്‍ പറയുന്ന OXFORD ENGLISH മനസിലാവില്ല. സമ്ബന്നരായ (നായികമാര്‍) സ്ത്രീകളുടെ പ്രശ്‌നം മാത്രമല്ല ഇവിടെ തീര്‍ക്കാനുളളത്. ദരിദ്രരായ സ്ത്രീകളാണ് പലരും.അവിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുണ്ട്, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുണ്ട് ഹെയര്‍ ഡ്രസ്സര്‍മാരുണ്ട്, ട്രാന്‍സ്‌ജെന്റ്‌റേഴ്‌സുണ്ട്, അസിസ്റ്റന്റ് ഡയറക്ടര്‍മാരുണ്ട്. ഇവരോടൊക്കെ ഒന്ന് സംസാരിക്കൂ.. ഉപദേശം ഏത് വഴിപോക്കനുമാവാം. ബോധവത്കരണം മാത്രം നടത്തിയത് കൊണ്ട് കാര്യമില്ല..ആ ബോധം അവള്‍ക്ക് ലഭിച്ചോ എന്ന് അന്വേഷിക്കണം.
ഒരു പെണ്ണിന് സ്വയം ശാക്തീകരിക്കാന്‍ അവള്‍ക്ക് തൊഴിലിടങ്ങള്‍ സുരക്ഷിതമാവണം സംഘടന ഒപ്പം നില്‍ക്കണം, അതിന് സഹപ്രവര്‍ത്തകരെ ശത്രുവായി കാണുന്ന സംഘടനകളല്ല വേണ്ടത്... പരസ്പര ബഹുമാനവും വിശ്വാസവുമാണ്... അംഗബലം കൂട്ടലല്ല WCC യുടെ ലക്ഷ്യം എന്ന് റിമ കല്ലിങ്കല്‍ പറയുകയുണ്ടായി.. അപ്പോള്‍ ആ 50 നപ്പുറത്ത് വരുന്ന സ്ത്രീകളുടെ അവസ്ഥയില്‍ WCC ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലേ? എന്നാല്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു എന്നും പറയുന്നുണ്ട്. WCC ല്‍ അംഗമായാല്‍ സിനിമയില്‍ അവസരം നഷ്ടപ്പെടും എന്ന് ആരാണ് പറയുന്നത്? അത് വ്യക്തമാക്കണം. ഞാന്‍ ഒരു സംഘടനയിലും അംഗമല്ല. എന്നെ ഇഷ്ടമുളളവര്‍/ അനിവാര്യമാണെങ്കില്‍ വിളിക്കും.. വിളിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം എന്നെ ആവശ്യമില്ലാത്തതു കൊണ്ട് തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ അംഗങ്ങളില്‍ പലരും ശത്രു പക്ഷത്തുളളവരുടെ സിനിമ ചെയ്യുന്നുണ്ടല്ലോ? അതോ ബി ഉണ്ണികൃഷ്ണന്‍ മാത്രമാണോ WCC യുടെ ശത്രു? WCC ആഗ്രഹിക്കുന്ന പോലൊരു സംഘടന/ സിനിമ മേഖല ഇവിടെ ഉണ്ടാകണമെങ്കില്‍ സ്ത്രീകള്‍ നിര്‍മ്മാണ രംഗത്തും സംവിധാന രംഗത്തും പ്രദര്‍ശന രംഗത്തും സജീവമാകണം...സ്ത്രീകള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനുളള ആര്‍ജ്ജവം വേണം.. അതിന് WCC യെക്കൊണ്ട് സാധിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ ഉദ്ദേശിക്കുന്ന ശത്രുപക്ഷത്തേക്ക് പോകരുത് എന്ന് വിലക്കാന്‍ നിങ്ങള്‍ക്കാവൂ.
സിനിമ ലോകത്തെ നന്നാക്കിയിട്ടേ സിനിമ ചെയ്യു എന്നാണെങ്കില്‍ ഇവിടെ ഒരു സ്ത്രീയും പണിയെടുക്കില്ല.അവളുടേതായ കഴിവും ആത്മവിശ്വാസവും വ്യക്തിത്വവും നിലനിര്‍ത്തിക്കൊണ്ട് അവള്‍ക്ക് ഈ രംഗത്ത് ശോഭിക്കാനാവും എന്ന് തെളിയിച്ചവര്‍ നിങ്ങളുടെ കൂട്ടത്തില്‍ തന്നെയില്ലേ? രേവതിയും, അഞ്ജലി മേനോനും, ബീനാ പോളും ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലുമൊക്കെ?ആ ആത്മവിശ്വാസമല്ലേ നിങ്ങള്‍ സ്ത്രീകള്‍ക്കു പകര്‍ന്നു കൊടുക്കേണ്ടത്? അല്ലാതെ നിങ്ങളുടെ ശത്രു അവരുടേയും ശത്രുവാകണം എന്നത് ഒരു സംഘടനാ രീതിയല്ല.. സിനിമ ഒരു വ്യവസായം എന്നതിനോടൊപ്പം ഒരു സൗഹൃദത്തിന്റെ കൂട്ടായ്മ കൂടിയാണ്. അവിടെ സ്‌നേഹവും പിണക്കവും വഴക്കും എല്ലാം സംഭവിക്കും.. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടും പരിഹരിച്ചും മാത്രമേ ഈ രംഗത്ത് ഏതൊരു സംഘടനക്കും നിലനില്‍ക്കാന്‍ സാധിക്കു...അത്തരത്തിലൊരു സൗഹൃദ സമീപനത്തോടെ മുന്നേറാന്‍ WCC ക്ക് സാധിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു..