അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് സുധാകർ മംഗളോദയത്തെ അനുസ്മരിച്ച് പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്ത പത്മനാഭന്‍. പത്മരാജന്‍ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയുടെ കഥ സുധാകര്‍ മംഗളോദയത്തിന്റേത് ആയിരുന്നു. പത്മരാജനെ കാണാന്‍ എത്തിയ സുധാകര്‍ മംഗളോദയത്തെ ഓര്‍ത്തെടുക്കുകയാണ് അനന്ത പത്മനാഭൻ.
അനന്ത പത്മനാഭന്റെ കുറിപ്പ് വായിക്കാം:
വർഷങ്ങൾക്ക് മുമ്പ് ,1985–ൽ ആവണം ,സുമുഖനായ ഒരു ചെറുപ്പക്കാരൻ വീട്ടിൽ അഛനോടൊപ്പം വന്നത് ഓർക്കുന്നു .മിതഭാഷി,അങ്ങേയറ്റം സാധു.
അദ്ദേഹത്തിന്റെ ഒരു റേഡിയൊ നാടകം അതിന് മുമ്പ് ഒരു ദിവസം കേട്ടിരുന്നു .ആകാശവാണിയിലെ അഛൻ്റെ മുതിർന്ന സഹപ്രവർത്തകയും അമ്മയുടെ അടുത്ത സുഹൃത്തുമായ സരസ്വതി അമ്മയാണ് അത് കേൾക്കാൻ വിളിച്ച് പറഞ്ഞത് .ഉദ്വേഗഭരിതമായ ഒരു അര മണിക്കൂർ നാടകം ആയിരുന്നു അത്. പേര് ''ശിശിരത്തിൽ ഒരു പ്രഭാതത്തിൽ ''എന്നോർമ്മ.
നാടകത്തിൽ സിനിമക്കുള്ള ഒരു എലിമെൻ്റ് ഉണ്ടെന്ന് കണ്ട് അഛൻ അദ്ദേഹത്തെ വരുത്തിയതാണ് .അന്ന് തന്നെ കഥയുടെ കോപ്പിറൈറ്റ് വാങ്ങി .ഒരു നിർദ്ദേശം മാത്രം അച്ഛൻ വെച്ചു .ചിത്രത്തിൻ്റെ ടൈറ്റിലിൽ കഥ: സുധാകർ പി. നായർ എന്നാവും വെക്കുക .(അന്ന് സുധാ മംഗളോദയം എന്ന പേരിലായിരുന്നു അദ്ദേഹം എഴുതി ഇരുന്നത്). അദ്ദേഹം അത് സമ്മതിച്ചു.
പിന്നീട് '' കരിയിലക്കാറ്റ് പോലെ '' എന്ന സിനിമയുടെ തിരക്കഥ അഛൻ കോവളം സമുദ്ര ഹോട്ടലിൽ ഇരുന്നാണ് എഴുതുന്നത് .ക്ലൈമാക്ലിലെ ആത്മഹത്യയും തെളിവായ ഡയറി നശിപ്പിക്കലും ഒക്കെ സിനിമയിൽ വന്ന പരിവർത്തനങ്ങൾ. തിരക്കഥ എഴുതുമ്പോൾ ക്രൈം കൺസൾടെൻ്റ് ആയി കുറ്റാന്വേഷണ വിദഗ്ധനായ ഡോ.മുരളീകൃഷ്ണയുമായി ഇൻക്വെസ്റ്റിൻ്റെ വിശദാശംസങ്ങൾ ചോദിച്ചറിഞ്ഞിരുന്നു .ആ രംഗചിത്രീകരണ സമയത്തും അദ്ദേഹം ഉണ്ടായിരുന്നു. ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര് ''അറം''എന്നായിരുന്നു. സിനിമാലോകത്തെ ചില അന്ധവിശ്വാസങ്ങളുടെ ഫലമായി അത് മാറ്റി. അച്ഛന്റെ അമ്മ കൂടി പേര് മാറ്റാൻ ആവശ്യപ്പെട്ടു (സംവിധായകൻ കൊല്ലപ്പെടുന്നത് അറം പറ്റണ്ട !). വർഷങ്ങൾ കടന്ന് പോയി.
പിന്നീട് ഇന്ത്യ വിഷനിൽ ജോലി ചെയ്യുമ്പോൾ പഴയ വിപ്ളവ നായിക കൂത്താട്ട് കുളം മേരിയുടെ ഒരു അഭിമുഖം എടുക്കാൻ പിറവം - വെല്ലുർ ഭാഗത്ത് പോയപ്പോൾ ആണ് അത് സുധാകർ മംഗളോദയത്തിൻ്റെ ജന്മസ്ഥലം ആണെന്ന് അറിയുന്നത് .മേരിയമ്മയുടെ അടുത്ത ബന്ധു അദ്ദേഹത്തിൻ്റെ സ്നേഹിതനായിരുന്നു .അന്നാണ് അദ്ദേഹത്തെ പറ്റി കൂടുതൽ അറിയുന്നത് .എത്ര സാധു ആണദ്ദേഹം എന്നും ,എന്തൊരു ജീവിതാനുഭവങ്ങളിലൂടെയാണ് കടന്ന് വന്നത് എന്നും..
ഒരു കാലഘട്ടത്തിലെ മലയാള ജനപ്രിയ വാരികകളിൽ മുഴുവനും അദ്ദേഹത്തിൻ്റെ സൃഷ്ടികൾ ആയിരുന്നല്ലൊ. എത്രയോ ഹിറ്റ് പരമ്പരകൾക്ക് അദ്ദേഹം ജീവൻ പകർന്നു.ഇന്ന് വിയോഗവിവരം അറിഞ്ഞപ്പോൾ ഒരു കാലം മനസ്സിലൂടെ പറന്നു പോയി .ഒരു വിനയനമ്രസ്മിതവും.