ഒരു സമയത്ത് മലയാള സിനിമയില്‍ ചെറുതും വലുതുമeയ നിരവധി സിനിമകളില്‍ തിളങ്ങിയ അഭിനേത്രി ആയിരുന്നു സീതാ ലക്ഷ്മി. പക്ഷെ അവരെ നമ്മള്‍ കൂടുതല്‍ ശ്രദ്ധിച്ചത് ദേവാസുരം എന്ന സിനിമയി ഭാനുമതി എന്ന കഥാപാത്രത്തിന്റെ സഹോദരി ശാരദ ആയി എത്തിയതോടെയാണ്. വളരെ പ്രധാനമുള്ള ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തില്‍ സീതയുടേത്. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു.
സീത ലക്ഷ്മി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്, അത് പക്ഷെ സീരിയല്‍ മേഖലയിലാണ്. ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സീത തന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് തുറന്ന് പറയുന്നത്. ഒരു സിനിമയെ വെല്ലുന്ന ജീവിത കഥയാണ് സീതയുടേത്. അവരുടെ വാക്കുകള്‍ ഇങ്ങനെ, 21-ാം വയസില്‍ ആയിരുന്നു എന്റെ ആദ്യ വിവാഹം. അതൊരു വലിയ പരാജയമായിരുന്നു. പ്രണയ വിവാഹമായിരുന്നു. അനില്‍ എന്നാണ് പേര്. ആന്ധ്രാ സ്വദേശിയായ അദ്ദേഹം റെഡ്ഡിയാണ്. ഞാന്‍ അഭിനയിച്ച തെലുങ്ക് സീരിയലില്‍ എന്റെ പെയര്‍ ആയിട്ടാണ് വന്നത്. അദ്ദേഹം എന്നെക്കാള്‍ ജൂനിയര്‍ ആണ്. എന്നാല്‍ ആ വേര്‍തിരിവ് ഒന്നും ഞാന്‍ കാണിച്ചിരുന്നില്ല.
അങ്ങനെ ആ പരിചയം അടുപ്പമായി, ഞങ്ങള്‍ പ്രണയത്തിലായി. പക്ഷെ ആ സമയത്ത് തന്നെ എന്റെ കൂടെ അഭിനയിക്കുന്നവര്‍ പലരും പറഞ്ഞു, വേണ്ട, ആ ബന്ധം അത്ര നല്ലതല്ല, അയാളുടെ സ്വഭാവം മോശമാണ്, മറ്റൊരു നടിയോടും അയാള്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട് എന്ന്. എന്നാല്‍ അതൊന്നും ഞാന്‍ കാതില്‍ വാങ്ങിയില്ല. ഞങ്ങളെ പിരിയ്ക്കാന്‍ വേണ്ടി പറയുന്നതായിരിയ്ക്കും എന്ന് കരുതി അതൊന്നും അത്ര കാര്യമാക്കിയില്ല. ശേഷം ഞാന്‍ അയാളോട് വിവാഹത്തിന് രണ്ടു വര്‍ഷത്തെ സാവകാശം ചോദിച്ചിരുന്നു.
കാരണം ഞാന്‍ എന്റെ അമ്മയുടെ പേരില്‍ ഒരു ഫ്ളാറ്റ് എടുത്തിട്ടുണ്ട്. അതിന്റെ ഇ എം ഐ എല്ലാം അടയ്ക്കണം. രണ്ടു വര്‍ഷം ആകും അത് തീരാന്‍. അതുകൊണ്ട് ആ ബാധ്യത കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. അയാളും ഓകെ പറഞ്ഞു. പക്ഷെ രണ്ട് മാസം ആയപ്പോഴേക്കും അയാള്‍ എന്നെ കല്യാണത്തിന് നിര്‍ബന്ധിച്ചു. കല്യാണം കഴിഞ്ഞും അഭിനയിക്കാമല്ലോ എന്നായി പിന്നെ. പക്ഷെ എന്റെ വീട്ടിലും അയാളെ ആര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ എല്ലാവരെയും എതിര്‍ത്ത് ഞങ്ങള്‍ വിവാഹം ചെയ്തു.
കല്യാണത്തിന്റ ആദ്യ ദിവസം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. സ്നേഹത്തോടെ എന്നോട് പെരുമാറാറില്ല. എപ്പോഴും തല്ലും വഴക്കുമാണ്. സ്റ്റൂള്‍ എടുത്ത് അടിക്കാനൊക്കെ വന്നിട്ടുണ്ട്. അതിനിടയില്‍ ഞാന്‍ ഗര്‍ഭിണിയായി. ചവിട്ടും അടിയും കിട്ടി അത് അബോര്‍ഷന്‍ ആയി പോയി. അമ്മയ്ക്ക് കാന്‍സര്‍ വന്നതോടെ ആ ഫ്ളാറ്റ് വേണമെന്നായി. ഒടുവില്‍ അമ്മ മരിച്ചതിന് ശേഷം ആ ഫ്ളാറ്റ് ഒപ്പിട്ട് വാങ്ങാന്‍ പറഞ്ഞു. അദ്ദേഹത്തിന് അത് മതി. എന്നെ വേണ്ടായിരുന്നു. പണം വേണമെന്ന് മാത്രം അദ്ദേഹം വാശി പിടിച്ചതോടെ എനിക്ക് ഡിവേഴ്സ് തരാന്‍ ആവശ്യപ്പെട്ടു.
അങ്ങനെ 2013 ല്‍ വിവാഹമോചിതയായി. പത്ത് കൊല്ലം ആ ദാമ്പത്യ ജീവിതം ഉണ്ടായിരുന്നു. പക്ഷെ മൂന്ന് കൊല്ലം മാത്രമേ അയാള്‍ക്കൊപ്പം ഞാന്‍ ജീവിച്ചിട്ടുള്ളൂ. ബാക്കി ഏഴ് വര്‍ഷം അയാള്‍ തിരികെ വരും എന്ന് പ്രതീക്ഷിച്ചു കഴിഞ്ഞു. പിരിഞ്ഞു കഴിയുന്ന സമയത്താണ് ഞാന്‍ അഭിനയിക്കുന്ന സീരിയലില്‍ ഒരു നടന്റെ ആവശ്യം വന്നത്. അനിലിന്റെ കാര്യം ഞാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ പറഞ്ഞിട്ടാണെന്ന് പറയരുതെന്നും പറഞ്ഞു. അങ്ങനെ അദ്ദേഹം സെറ്റിലെത്തി. എന്നെ കണ്ടിട്ട് അദ്ദേഹം അടുത്ത് വിളിച്ചു.
സ്‌നേഹത്തോടെ എന്തെങ്കിലും പറയാനാവും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവിടെയും എന്നെ തല്ലാന്‍ വേണ്ടി വിളിച്ചതായിരുന്നു. മ്യൂച്ചല്‍ ഡിവോഴ്‌സ് ചെയ്യാം. അതുകഴിഞ്ഞ് രണ്ട് വര്‍ഷം നീ നിന്റെ വീട്ടില്‍ പോയി നില്‍ക്ക്. അഭിനയിക്കുകയൊന്നും വേണ്ട. എന്നിട്ട് നമുക്ക് ജീവിക്കാമെന്നൊക്കെ പറഞ്ഞു. വഴക്കാണെങ്കിലും അദ്ദേഹത്തോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. എന്നെങ്കിലും തിരിച്ച് സ്‌നേഹിക്കുമെന്ന് കരുതി.
തിരിച്ച് വിളിക്കുമെന്ന് കരുതി നാലഞ്ച് വര്‍ഷം അഭിനയിക്കാനും പോയില്ല. ചേട്ടന്റെ വീട്ടില്‍ നിന്നും എന്നെ തിരിച്ച് കൊണ്ട് പോകാന്‍ പറഞ്ഞ് വിളിക്കുമ്പോഴാണ് അദ്ദേഹത്തിന് മറ്റൊരു കല്യാണമായെന്ന് പറയുന്നത്. നീ വേറെ ആരെയെങ്കിലും കല്യാണം കഴിച്ചോന്ന് പറഞ്ഞു. എന്റെ അച്ഛനും അമ്മയും ഡിവോഴ്സായവര്‍ ആയിരുന്നു. അപ്പോള്‍ ഞാന്‍ കരുതിയിരുന്നു എന്റെ ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കരുത് എന്ന്. പക്ഷേ എനിക്കും അത് സംഭവിച്ചു. ഞാന്‍ ഒരു തെറ്റും ചെയ്തില്ല. പണത്തിന് വേണ്ടിയാണ് അയാള്‍ എന്നെ ഉപേക്ഷിച്ചത്. മറ്റൊരു വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല.
ഇപ്പോഴത്തെ ഭര്‍ത്താവിനെ രണ്ടാമത് വിവാഹം കഴിച്ചതാണ്. വാട്സാപ്പില്‍ ഗ്രൂപ്പില്‍ നിന്നുമാണ് ഫിനാന്‍സ് രംഗത്ത് ജോലി ചെയ്യുന്ന അബ്ദുള്‍ ഖാദറിനെ കണ്ടുമുട്ടുന്നത്. ചെന്നൈ തായ് സത്യ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ഇവര്‍. പഠനത്തിന് ശേഷം പിന്നെ കണ്ടില്ലെങ്കിലും അഞ്ചു വര്‍ഷം മുന്‍പാണ് പിന്നീട് കാണുന്നത്. ഉള്ളില്‍ രണ്ടാള്‍ക്കും ഇഷ്ടം ഉണ്ടെങ്കിലും പ്രണയമല്ല. എന്റെ വീട്ടുകാരുടെ എതിര്‍പ്പ് മാറിയതോടെ നാലുവര്‍ഷം മുന്‍പ്ുസ്ലിം മതം സ്വീകരിച്ച് അദ്ദേഹത്തെ വിവാഹം കഴിച്ചു. യാസ്മിന്‍ എന്നാണ് ഇപ്പോഴത്തെ പേര്.
തെലുങ്കില്‍ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ സീത തമിഴിലും മലയാളത്തിലും ബാലതാരമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശുദ്ധമദ്ദളം, ജനം, ഭാര്യ, കുടുംബവിശേഷം, വരണമാല്യം, ദാദ, സര്‍ഗവസന്തം, കര്‍പ്പൂരദീപം, നിര്‍ണയം, വര്‍ണപ്പകിട്ട് തുടങ്ങിയ നിരവധി സിനിമകളില്‍ അവര്‍ സജീവം ആയിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം തമിഴ് സീരിയലുകളിലൂടെയാണ് വീണ്ടും സീത ശ്രദ്ധിക്കപെടുന്നത്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി ഞാനും സുന്ദരി നീയും സീരിയലിലും സത്യ എന്ന തമിഴ് സീരിയലിലും എല്ലാം സീത തിളങ്ങിയിരുന്നു.