Latest News

'യഥാര്‍ഥ അര്‍ത്ഥം മനസിലായത് ഇപ്പോഴാണ്; മകനും തെറ്റ് ചൂണ്ടിക്കാട്ടി; ഗൗരിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല; ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു'; അധിക്ഷേപത്തില്‍ ഗൗരി കിഷനോട് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക് 

Malayalilife
 'യഥാര്‍ഥ അര്‍ത്ഥം മനസിലായത് ഇപ്പോഴാണ്; മകനും തെറ്റ് ചൂണ്ടിക്കാട്ടി; ഗൗരിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല; ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു'; അധിക്ഷേപത്തില്‍ ഗൗരി കിഷനോട് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക് 

വാര്‍ത്താ സമ്മേളനത്തിലെ അധിക്ഷേപ ചോദ്യത്തില്‍ നടി ഗൗരി കിഷനോട് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക്. ഗൗരി കിഷനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഗൗരിക്ക് മനോവിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. യഥാര്‍ഥ അര്‍ത്ഥം മനസിലായത് ഇപ്പോഴാണെന്നും തന്റെ മകനും തെറ്റ് ചൂണ്ടിക്കാട്ടിയെന്നും യൂട്യൂബര്‍ പറഞ്ഞു. ഗൗരിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല. ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടെന്നും കാര്‍ത്തിക് വിശദീകരിച്ചു. മാപ്പ് പറയില്ലെന്നായിരുന്നു യൂട്യൂബറുടെ ആദ്യനിലപാട്. 

കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും യൂട്യൂബര്‍ക്കെതിരെ വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. അവില്ലായ്മയും ആണ്‍ അധികാര പ്രവണതയും നിര്‍ഭാഗ്യകരം എന്നായിരുന്നു ഗൗരിയുടെ മറുപടി. ഗൗരിക്ക് എതിരായ ബോഡി ഷെയ്മിങ് ഷോക്കിങ് എന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞത്. ഒരു സ്ത്രീക്ക് നേരെ നേരിട്ടുള്ള ആക്രണം ആണ് ഉണ്ടായത് എന്നും സമൂഹം മുന്നോട്ടാണോ പിന്നോട്ട് ആണോ പോകുന്നതെന്നും ശ്വേത മേനോന്‍ ചോദിച്ചു 

30 വര്‍ഷത്തിലേറെ മാധ്യമരംഗത്ത് പരിചയമുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്ന ആര്‍. എസ്. കാര്‍ത്തിക് പക്ഷെ ചോദ്യത്തിലെ തെറ്റിനെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ല. പകരം വീണ്ടും വീണ്ടും ന്യായീകരിക്കാന്‍ ആണ് ശ്രമിച്ചത്. താന്‍ തെറ്റായി ഒന്നും ചോദിച്ചിട്ടില്ല. ട്രംപിനെ കുറിച്ചോ, മോദിയെ കുറിച്ചോ സ്റ്റാലിനേ കുറിച്ചോ ഇവരോട് ചോദിക്കാന്‍ ആകുമോ. നായിക നായകനെ ആണ് എടുത്തിരുന്നത് എങ്കില്‍ നായകന്റെ ഭാരത്തെ കുറിച്ച് നായികയോട് ചോദിച്ചേനെ എന്നും വിചിത്ര ന്യായീകരണം. നടിയുടെ പ്രതികരണം പിആര്‍ സ്റ്റണ്ട് എന്നും കാര്‍ത്തിക്ക് വാദിക്കുന്നു. 

ചിലര്‍ ഒരിക്കലും പഠിക്കില്ല. ഒരാള്‍ക്ക് എത്രമാത്രം തരം താഴാന്‍ കഴിയുമെന്നും സമൂഹ മാധ്യമത്തിലൂടെ ഗൗരിയുടെ മറുപടി. ഗൗരിയെ പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തി. പാ രഞ്ജിത് അടക്കമുള്ളവരും ഗൗരിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു അതേ സമയം തനിക്ക് ലഭിച്ച വലിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് നടി ഗൗരി കിഷന്‍ രംഗത്തെത്തി. സംഭവത്തിന് പിന്നിലുള്ള വിശാലമായ പ്രശ്നം എല്ലാവരും ശ്രദ്ധിക്കണമെന്ന് ഗൗരി ഓര്‍മിപ്പിച്ചു. യാഥാര്‍ത്ഥ്യമല്ലാത്ത സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തമാശയെന്ന പേരില്‍ ബോഡി ഷെയ്മിങ് സാധാരണമാക്കുന്ന പ്രവണത ഇപ്പോഴുമുണ്ടെന്നും സമാനമായ അനുഭവം നേരിട്ട ആര്‍ക്കും ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്നും ഗൗരി കിഷന്‍ പറഞ്ഞു. 

ഗൗരി കിഷന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം- 'എല്ലാവര്‍ക്കും നമസ്‌കാരം, പത്രസമ്മേളനത്തിനിടെ ഒരു യുട്യൂബ് വ്‌ളോഗറിനും ഞാനും തമ്മില്‍ നടന്ന വാഗ്വാദം അപ്രതീക്ഷിതമായി രൂക്ഷമായി. കലാകാരന്മാരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഇപ്പോള്‍ നടന്ന ഈ വിഷയത്തിന് പിന്നിലുള്ള വിശാലമായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ സമൂഹത്തിന്റെ വിലയിരുത്തലുകളുണ്ടാകുന്നത് എന്റെ ജോലിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുന്നു. എന്നിരുന്നാലും ഒരു വ്യക്തിയുടെ ശരീരത്തെയോ രൂപത്തെയോ ലക്ഷ്യമിട്ടുള്ള അഭിപ്രായങ്ങളോ ചോദ്യങ്ങളോ, അത് നേരിട്ടായാലും അല്ലാതെയായാലും, ഒരുകാരണവശാലും ഉചിതമല്ല. അവിടെ വന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നോട് ഞാന്‍ ചെയ്ത സിനിമയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഇതേ ശൈലിയില്‍ ഇതുപോലെ കടന്നാക്രമിച്ചുകൊണ്ട് അവര്‍ ഒരു നടനോട് ഇതേ കാര്യം ചോദിക്കുമോ എന്നും എനിക്ക് സംശയം തോന്നാതിരുന്നില്ല. 

ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തില്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഞാന്‍ അവിടെ പ്രതികരിച്ചത് എനിക്ക് വേണ്ടി മാത്രമല്ല, സമാനമായ അനുഭവം നേരിട്ട ഏതൊരാള്‍ക്കും വേണ്ടിയാണ്. എന്നാല്‍, യാഥാര്‍ത്ഥ്യമല്ലാത്ത സൗന്ദര്യ സങ്കല്‍പ്പങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തമാശയെന്ന പേരില്‍ ബോഡി ഷെയ്മിങ് സാധാരണമാക്കുന്ന പ്രവണത ഇപ്പോഴും നിലവിലുണ്ട്, ഇത് പുതിയ കാര്യമല്ല. ഇതുപോലുള്ള അനുഭവം നേരിട്ട ആര്‍ക്കും ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന സംഭവമായി ഇത് മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്ക് നമ്മുടെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍, തെറ്റാണെങ്കില്‍ ചോദ്യം ചെയ്യാന്‍, ഈ ദുഷിച്ച രീതി അവസാനിപ്പിക്കാന്‍ ശ്രമിക്കാന്‍ അവകാശമുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തിയെ ലക്ഷ്യം വയ്ക്കാനോ ഉപദ്രവിക്കാനോ ഉള്ള ആഹ്വാനമായി ഇതിനെ കാണരുത് എന്നും ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 

പകരം, കൂടുതല്‍ സ്നേഹത്തോടെയും ക്ഷമയുടെയും പരസ്പര ബഹുമാനത്തോടെയും മുന്നോട്ട് പോകാനുള്ള ഒരു ചുവടുവയ്പ്പായി ഇതിനെ ഉപയോഗിക്കാം. എനിക്ക് ലഭിച്ച പിന്തുണയ്ക്ക് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അത് തീര്‍ത്തും അപ്രതീക്ഷിതവും എന്നെ സാന്ത്വനിപ്പിക്കുന്നതുമായിരുന്നു. ചെന്നൈ പ്രസ് ക്ലബ്ബ്, അമ്മ അസോസിയേഷന്‍, സൗത്ത് ഇന്ത്യ നടികര്‍ സംഘം എന്നിവര്‍ എനിക്ക് പിന്തുണയുമായി നല്‍കിയ പ്രസ്താവനകള്‍ക്ക് നന്ദി. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ അചഞ്ചലമായ പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയുന്നു. സ്നേഹം മാത്രം, ഗൗരി.'

Read more topics: # ഗൗരി
youtuber karthik appologies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES