ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റു. നവംബര്‍ 7ന് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നതായി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇരുവരും ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ സന്തോഷദിനം വന്നെത്തിയിരിക്കുന്നു. ഏറെ സ്‌നേഹത്തോടെയും നന്ദിയോടെയും ഞങ്ങളുടെ ആണ്‍കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു,' എന്നായിരുന്നു ഇരുവരും പങ്കുവെച്ച കുറിപ്പ്. ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചുകൊണ്ട് വിക്കി കൗശലിന്റെ സഹോദരനും താന്‍ അമ്മാവനായ വിവരം ഇന്‍സ്റ്റഗ്രാം വഴി അറിയിച്ചു.
ബോളിവുഡിലെ നിരവധി താരങ്ങളും കത്രീനയ്ക്കും വിക്കിക്കും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ശ്രേയ ഘോഷാല്‍, പരിണീതി ചോപ്ര, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖര്‍ ആശംസകളറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് തങ്ങള്‍ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഇരുവരും ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം' എന്നാണ് അന്ന് ഇവര്‍ കുറിച്ചത്. ഇതിനോടൊപ്പം കത്രീനയ്‌ക്കൊപ്പം നില്‍ക്കുന്ന വിക്കിയുടെ ചിത്രവും പങ്കുവെച്ചിരുന്നു. 2021 ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ചായിരുന്നു കത്രീനയും വിക്കി കൗശലും വിവാഹിതരായത്.