മരിച്ചിട്ടും മകള്‍ക്കൊപ്പം ജീവിക്കുന്ന അമ്മ; മരണവും തോറ്റു പോകുന്ന നിമിഷം; ശ്രീദേവിയും മോനിഷയും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തിന്റെ കഥ

Malayalilife
മരിച്ചിട്ടും മകള്‍ക്കൊപ്പം ജീവിക്കുന്ന അമ്മ; മരണവും തോറ്റു പോകുന്ന നിമിഷം; ശ്രീദേവിയും മോനിഷയും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തിന്റെ കഥ

ലയാളികള്‍ക്ക് മറക്കാനാകാത്ത മുഖമാണ് നടി മോനിഷയുടേത്. അഭിനയം കൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും മലയാളികള്‍ അത്രയേറെ മോനിഷയെ ഇഷ്ടപ്പെട്ടു. മോനിഷയുടെ അപകട മരണം വലിയ ആഘാതമാണ് ആരാധകര്‍ക്ക് നല്‍കിയത്. പിന്നീട് വാര്‍ത്തകളില്‍ എല്ലാം നിറഞ്ഞത് മോനിഷയെ കുറിച്ചുള്ള നിറമാര്‍ന്ന ഓര്‍മ്മകളായിരുന്നു. മനസിലെ വേദന അടക്കിപിടിച്ച് അമ്മ ശ്രീദേവി മകളെ കുറിച്ച് ഓരോ തവണ പറയുമ്പോഴും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആ കണ്ണുകളില്‍ നിന്നും വ്യക്തമായിരുന്നു. ഇവര്‍ക്കിടയില്‍ മരണം തോറ്റു പോയിരിക്കുന്നു. ആ അമ്മയുടെ ഓരോ ശ്വാസത്തിലും നിശ്വാസത്തിലും ഇന്നും മോനിഷയുണ്ട്. അവളുടെ ഓര്‍മ്മകളുണ്ട്.

കോഴിക്കോട് ആണ് മോനിഷ ജനിച്ചത്. ബാംഗ്ലൂരില്‍ ലെതര്‍ കയറ്റുമതി വ്യവസായിയായ നാരായണനുണ്ണിയുടെയും നടിയും നൃത്താധ്യാപികയുമായ ശ്രീദേവിയുടെയും മകളായാണ് മോനിഷ ജനിച്ചത്. കോഴിക്കോട് പന്ന്യങ്കര തട്ടകത്തു വനദുര്‍ഗയുടെ കടാക്ഷം കൊണ്ടു പിറന്നതാണു മോനിഷയെന്ന് ശ്രീദേവി ഉണ്ണി പറയും. ജനനം 1971 ജനുവരി 24. മകരത്തിലെ മൂലം നക്ഷത്രം. ദുര്‍ഗ എന്നായിരുന്നു ആദ്യം പേരിട്ടത്. പിന്നീടാണ് മോനിഷയെന്ന പേര് സ്വീകരിച്ചത്. പേരിടലിനു പിന്നില്‍ ഒരു ഗ്ലാമര്‍ കഥയും ഉണ്ട്. ഫെമിന മാസിക 1970ല്‍ ഒരു പേരിടല്‍ മല്‍സരം പ്രഖ്യാപിച്ചു. ഹെറള്‍ഡ് കാറായിരുന്നു സമ്മാനം. 'എന്റെ ആഗ്രഹം' എന്ന് അര്‍ഥം വരുന്ന മോനിഷ എന്ന പേരിട്ടതിനു ഒരു ബംഗാളി സ്ത്രീക്ക് സമ്മാനം ലഭിച്ചു. ആ പേരാണ് ശ്രീദേവി പിന്നീട് മകള്‍ക്കു ചാര്‍ത്തിയത്.

ഒരു നടിയാകണമെന്നായിരുന്നു ശ്രീദേവിയുടെ ആഗ്രഹം. പക്ഷേ, ആ ആഗ്രഹത്തിന് ശ്രീദേവിയുടെ അമ്മ തടയിട്ടിരുന്നത് 'നിനക്കൊരു പെണ്‍കുഞ്ഞുണ്ടായി, അവളെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിക്കുമോ എന്നു ഞാനൊന്നു കാണട്ടെ' എന്നു പറഞ്ഞായിരുന്നു. ആ വാശിയില്‍ നിന്നാണ് മകളുണ്ടായാല്‍ നടിയാക്കണമെന്ന ആഗ്രഹം മുളയിട്ടത്. 14 വയസില്‍ ആദ്യ സിനിമയിലെ അഭിനയത്തിന് മുന്‍രാഷ്ട്രപതി വെങ്കിട്ടരാമനില്‍ നിന്ന് അഭിനയ മികവിനുള്ള ഉര്‍വശിപ്പട്ടം മോനിഷ നേടിയപ്പോള്‍, ശ്രീദേവിയുടെ അമ്മ സിനിമയെ മനസാ അംഗീകരിച്ചു.

അച്ഛന്റെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു മോനിഷയുടെ സിനിമാ പ്രവേശം. അമ്മ ശ്രീദേവിയില്‍ നിന്നായിരുന്നു മൂന്നു വയസു മുതല്‍ നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. പത്മിനി രാമചന്ദ്രന്‍ ഭരതനാട്യ ഗുരുവായി. മോണോ ആക്ടിലും ഫാന്‍സി ഡ്രസിലും പാട്ടിലും എല്ലാം കഴിവു തെളിയിച്ചു. മകളെ നടിയാക്കാനുള്ള ശ്രമമായിരുന്നു കുട്ടിക്കാലം മുതല്‍ അമ്മയുടെ മനസില്‍. എണ്ണ തേപ്പിച്ചു കുളിപ്പിക്കാന്‍ കുളമില്ലെന്ന സങ്കടം മാറ്റാന്‍, ബക്കറ്റില്‍ വെള്ളം നിറച്ച് മോനിഷയുടെ തല മുക്കിയെടുക്കും. പിന്നിലേക്ക് തലപൊന്തിപ്പിക്കും. മുടിക്കു നീളം വയ്ക്കാനുള്ള നാടന്‍ രീതി. കാച്ചെണ്ണയ്ക്കും കണ്‍മഷിക്കും പോലും സ്വന്തം റെസിപ്പി. മകള്‍ നടിയാകണം എന്നുമാത്രമായിരുന്നു ചിന്ത. പിന്നീട് ആ മുടി കൊഴുത്തു വളരാന്‍ തുടങ്ങി. മുട്ടോളം നീണ്ട മുടി ശുശ്രൂഷിക്കലായിരുന്നു പിന്നെയുള്ള പണി.

പത്മിനി രാമചന്ദ്രന്റെ കീഴില്‍ 1985ല്‍ കോഴിക്കോട് ടഗോര്‍ ഹാളില്‍ നടന്ന നൃത്തപരിപാടിക്ക് മോനിഷയുടെ ചിത്രം വച്ചൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്രോഷര്‍ തയാറാക്കി. ഇത് എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി കാണാന്‍ ഇടയായതാണ് ആദ്യ ചിത്രമായ നഖക്ഷതങ്ങളിലേക്കു വഴി തുറന്നത്. നഖക്ഷതങ്ങളില്‍ മോനിഷ മാത്രമല്ല, അച്ഛനും അമ്മയും മകള്‍ക്കൊപ്പം ആദ്യമായി സിനിമയില്‍ മുഖം കാണിച്ചു. എംടിയുടെ തന്നെ കടവിലാണ് ശ്രീദേവിക്ക് ആദ്യ ക്യാരക്ടര്‍ വേഷം ലഭിച്ചത്. ഇന്നും മലയാളത്തിന്റെ അമ്മവേഷങ്ങളില്‍ നിറഞ്ഞാടുകയാണ് ഈ അമ്മ.

തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള പെണ്‍കുട്ടിയായാണ് മോനിഷ മലയാള സിനിമയില്‍ അറിയപ്പെട്ടത്. കത്തിച്ചു വച്ചൊരു നിലവിളക്കു പൊലൊരു പെണ്‍കുട്ടി. വീട്ടിലെ ജോലിക്കാരോടു പോലും നന്നായി പെരുമാറുന്ന മോനിഷ നല്ലൊരു ഡ്രൈവര്‍ കൂടിയായിരുന്നു. അഭിനയിച്ചു കിട്ടിയ പണം കൊണ്ട് ചുവന്നൊരു മാരുതി കാര്‍ വാങ്ങി, വലിയ കൂളിങ് ഗ്ലാസ് വച്ച് ഇംഗ്ലീഷ് പാട്ടും കേട്ട് ഒരു നടിയുടെ ഗമയോടെ മൗണ്ട് കാര്‍മല്‍ കോളജിലേക്ക് ഡ്രൈവ് ചെയ്തു പോകും.

ആയിരക്കണക്കിനു കത്തുകളാണ് അക്കാലത്ത് വന്നിരുന്നത്. പ്രണയമുണ്ടോ എന്നറിയാന്‍ ശ്രീദേവി ചോദിച്ച ചോദ്യത്തിന് അതെല്ലാം കല്യാണം കഴിഞ്ഞെന്ന മറുപടിയാണ് മോനിഷ നല്‍കിയത്. കാര്‍ത്തിക്കിനൊപ്പം 'ഉന്നൈ നിനൈച്ചേ പാട്ടു പഠിച്ചേ' എന്ന സിനിമയ്ക്കു ശേഷം തമിഴ് ആരാധകവൃന്ദം കൂടി. താരമായി കത്തിജ്വലിച്ച ഏഴു വര്‍ഷങ്ങള്‍. മലയാളത്തില്‍ 23 ഉള്‍പ്പെടെ 27 സിനിമകള്‍. ജി.എസ് വിജയന്റെ ചെപ്പടി വിദ്യയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണു മരണം. മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു. രാത്രി 10 മണി, സാധാരണ പോലെ നെറ്റിയില്‍ ഉതിര്‍ന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച് മോനിഷ പറഞ്ഞു- 'എന്തോ സംഭവിക്കാന്‍ പോകുന്ന പോലെ.'

അവള്‍ക്കേറെ ഇഷ്ടമുള്ള റഷ്യന്‍ സാലഡ് ആയിരുന്നു അന്നത്തെ രാത്രി ഭക്ഷണം. പിറ്റേദിവസം 1992 ഡിസംബര്‍ അഞ്ച്. ഗുരുവായൂരമ്പലത്തില്‍ അതേ മാസം 18ന് നടക്കുന്ന നൃത്തപരിപാടിക്ക് ഒരു ദിവസത്തെ റിഹേഴ്‌സലിനായി ബെംഗളൂരൂവിലെത്തി മടങ്ങാന്‍ ഉദ്ദേശിച്ച യാത്ര. ഫ്‌ലൈറ്റ് പിടിക്കാന്‍ അംബാസഡര്‍ കാറില്‍ പുലര്‍ച്ചെ നാലോടെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക്. ഹോട്ടലില്‍ നിന്നു ചോദിച്ചു വാങ്ങിയ തലയിണ  ല്‍കി, പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങാന്‍ അമ്മ ആവശ്യപ്പെട്ടു. മകളുടെ കാലുകള്‍ തടവി കൊണ്ടിരിക്കുകയായിരുന്നു. കാറിനുള്ളില്‍ ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ അപകടത്തിന് ഇടയാക്കിയ കെഎസ്ആര്‍ടിസി ബസ് എതിരെ വരുന്നതു കണ്ടിരുന്നു. ചേര്‍ത്തലയിലെ ആശുപത്രിയില്‍ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം പൊട്ടിയൊഴുകി അവള്‍ കിടന്നു.

മോനിഷയുടെ മൃതദേഹം ബെംഗളൂരുവിലേക്കു കൊണ്ടു വന്നപ്പോള്‍, ചെന്നൈയില്‍ നിന്നു മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സിനിമാ ലോകത്തെ സുഹൃത്തുക്കള്‍  ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്തിയിരുന്നു. മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോള്‍ അമ്മ ശാസിച്ചു. കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ പക്ഷേ, കണ്ണുകള്‍ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയില്‍ അച്ഛന്‍ പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍, കണ്ണുകള്‍ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി.

മഞ്ഞുപട്ടുപാവാടയും ദാവണിയും അണിഞ്ഞ് മോനിഷ ഇപ്പോഴും ശ്രീദേവിക്കു മുന്നില്‍ വന്നു നില്‍ക്കാറുണ്ട്. കുശലം ചോദിക്കാറുണ്ട്. കളിയാക്കാറുണ്ട്. ആ വേര്‍പാടിന് 30 വയസ് പൂര്‍ത്തിയാകുമ്പോഴും ഈ അമ്മയ്ക്കും മകള്‍ക്കും ഇടയില്‍ മരണം തോറ്റു പോകുന്നു.
 

Actress monisha and sreedevi real life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES