ദിനേശ് ബാബു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി, വിനീത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മഹേഷ് മേനോന്റെയും വീണയുടെയും പ്രണയ കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തിൽ നായകനായി കുഞ്ചാക്കോ ബോബൻ ആണ് എത്തിയത് എങ്കിൽ നായികയായി എത്തിയത് പ്രീതി ഝംഗിയാനി ആയിരുന്നു. മഴവില്ല് എന്ന ഒറ്റചിത്രത്തിലൂടെ തന്നെ താരത്തിന് പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിക്കുകയും ചെയ്തു. ചിത്രത്തോളമേ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രീതി തന്റെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് പ്രീതിയെ തേടി ബോളിവുഡിലും ടോളിവുഡിലുമൊക്കെ നിരവധി അവസരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
മോഡലിംഗിലൂടെയാണ് പ്രീതി സിനിമയിലേക്കെത്തിയത്. 18 ഓഗസ്റ്റ്, 1980 ൽ കർണ്ണാടകയിലെ മാംഗളൂരിൽ സിന്ധി കുടുംബത്തിലായിരുന്നു പ്രീതിയുടെ ജനനം. എന്നാൽ പ്രീതിയുടെ പഠനം അഹമ്മദാബാദിലും. പഠനകാലത്ത് തന്നെ മോഡലിങ്ങിലേക്ക് ചുവട് വച്ച താരം ആദ്യകാലത്ത് അഭിനയം ആൽബങ്ങളിലൂടെയായിരുന്നു തുടങ്ങിയത്. യേ ഹേ പ്രേം എന്ന ആൽബത്തിലായിരുന്നു നടൻ അബ്ബാസിനൊപ്പം ആദ്യമായി അഭിനയിച്ചത്. പിന്നാലെ നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. മലയാള സിനിമക്ക് പുറമെ തമിഴിൽ ഹെലോ എന്ന സിനിമയും തെലുങ്കിൽ തമ്മുടു എന്ന സിനിമയും പ്രീതി ചെയ്തു. ബോളിവുഡിൽ ആദ്യ ചിത്രത്തിൽ 2000-ലാണ് നടി അഭിനയിച്ചത്. മോഹബ്ബത്തേൻ എന്ന അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്ന ചിത്രത്തിലെ അഭിനയം പ്രീതിയെ ബോളിവുഡിൽ ഏറെ ശ്രദ്ധേയയാക്കി. എന്നാൽ പിന്നാലെ നായിക പരിവേഷത്തിൽ നിന്ന് ഹാസ്യ ചിത്രത്തിലേക്കും താരം ചുവട് വച്ചു. ആവാര പാഗൽ ദീവാന എന്നാണ് ആ ചിത്രത്തിന്റെ പേര്. അതിനിടെ തെലുങ്കിൽ നരസിംഹ നായിഡു, അധിപതി, അപ്പാരോ ഡ്രൈവിങ് സ്കൂള്‍, കന്നഡയിൽ ഓംകാര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു കൊണ്ട് തിളങ്ങുകയും ചെയ്തു. നിലവിൽ ഇരുപതോളം ബോളിവുഡ് സിനിമകളിൽ പ്രീതി അഭിനയിച്ചിട്ടുണ്ട്.
നടനായ പർവീൺ ഡബാസിനെ 2008ൽ ആയിരുന്നു പ്രീതി വിവാഹം ചെയ്തത്. മുംബയിലെ ബാന്ദ്രയിലാണ് പ്രീതിയും കുടുംബവും ഇപ്പോൾ താമസം. പ്രീതി വിവാഹത്തിന് പിന്നാലെ ഐറ്റം നമ്പർ ഡാൻസറായുൾപ്പെടെ അഭിനയിക്കുകയുണ്ടായി. 9 വർഷത്തോളം മാത്രമേ പ്രീതി വിവാഹം കഴിഞ്ഞ് സിനിമയിൽ സജീവമായിരുന്നുള്ളൂ. ദി സൺലൈറ്റ് എന്ന രാജസ്ഥാനി സിനിമയിൽ 2017ലാണ് ഒടുവിൽ താരം അഭിനയിച്ചത്.
നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും പ്രീതി ഇൻസ്റ്റയിൽ ഏറെ സജീവമാണ്. താരത്തിന് രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഉള്ളത് . താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവയ്ക്കാറുണ്ട്. ഇത് കൂടാതെ ഭർത്താവായ പർവീണുമൊപ്പമുള്ള ആഘോഷ ചിത്രങ്ങളും നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. 2011ലാണ് പ്രീതി പർവീൺ ദമ്പതികൾക്ക് ആദ്യത്തെ കുട്ടി ജനിച്ചത്. ജയ്ദീവ് എന്നാണ് മൂത്ത കുട്ടിയുടെ പേര്. താരം രണ്ടാമത്തെ കുട്ടിക്ക് 2016ൽ ജന്മം നൽകി. ദേവ് എന്നാണ് കുട്ടിയുടെ പേര്. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്കകരുണ്ട്.