ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം. ആ വിഖ്യാത പ്രണയത്തിന് ഭരതന് വേണ്ട സഹായങ്ങൾ ചെയ്ത കെപിഎസി ലളിത. പിന്നീട് ഈ കഥയിൽ ട്വിസ്റ്റു വന്നു. ശ്രീവിദ്യ അകന്നു പോയി. അവർ ഒന്നാവുകയും ചെയ്തു. ശ്രീവിദ്യയെ ഫോൺ ചെയ്യുന്നതിനായി ചെന്നൈയിൽ പരാംഗുശപുരത്ത് താമസിക്കുന്ന ഭരതൻ ലളിത താമസിക്കുന്ന സ്വാമിയാർ മഠത്തിലെ വീട്ടിൽ എത്തുമായിരുന്നു. സ്ത്രീകൾ വിളിച്ചാൽ മാത്രമേ ശ്രീവിദ്യയ്ക്ക് ഫോൺ കൊടുക്കുമായിരുന്നുള്ളു. അതുകൊണ്ട് ലളിതയാണ് ഭരതന് ഫോൺ വിളിച്ചുകൊടുത്തിരുന്നത്.
ഈ ഹംസക്കഥ തുറന്നു പറയുന്നതിൽ ലളിതയ്ക്കും മടിയുണ്ടായിരുന്നില്ല. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ ആകർഷിച്ച ശ്രീവിദ്യക്ക് ഭരതനോട് അടുത്ത ബന്ധമുണ്ടായിരുന്നു. ഭരതന്റെ സിനിമകളിലെല്ലാം അക്കാലത്ത് ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. 'ശ്രീവിദ്യ ഏറ്റവും കൂടുതൽ പ്രണയിച്ചിട്ടുണ്ടാകുക ഭാരതനെയാണ്' എന്നാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ പോൾ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുള്ളത്.
ശ്രീവിദ്യയും തന്റെ ഭർത്താവ് ഭരതനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കെപിഎസി ലളിതയും വെളിപ്പെടുത്തിയിട്ടുണ്ട്. 'ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിനു നടുക്ക് ഒരു ഹംസത്തെ പോലെയായിരുന്നു ആദ്യം ഞാൻ. ഭരതൻ ശ്രീവിദ്യയെ ഫോണിൽ വിളിച്ചിരുന്നത് എന്റെ വീട്ടിൽ നിന്നാണ്'- ലളിത പറഞ്ഞു. പിന്നീട് ഭരതനും ശ്രീവിദ്യയും തമ്മിൽ അകന്നു. ഇരുവർക്കുമിടയിൽ ചില പ്രശ്‌നങ്ങളുണ്ടായി. ഇതെല്ലാം ലളിതയ്ക്ക് അറിയാമായിരുന്നു. ഒടുവിൽ ശ്രീവിദ്യയുമായുള്ള പ്രണയത്തിനു ഹംസമായി നിന്ന ലളിതയെ ഭരതൻ തന്റെ ജീവിതസഖിയാക്കി.
വിവാഹശേഷവും ശ്രീവിദ്യയെ ഭരതൻ പ്രണയിച്ചിരുന്നതായി ലളിത വെളിപ്പെടുത്തിയിരുന്നു. 'വിവാഹ ശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ കരയാനേ കഴിഞ്ഞുള്ളൂ. മോനെ, സിദ്ധാർത്ഥിനെ അവർ വളർത്താമെന്ന് പറഞ്ഞിരുന്നു. അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിടത്തന്നെ മതി. അദ്ദേഹം അങ്ങോട്ട് പോയാലും പ്രശ്നമില്ല. പൊസ്സസീവ്നെസ്സൊന്നും തോന്നിയിട്ടില്ല. അവരുടെ കൈയിൽ നിന്നല്ലേ എനിക്ക് കിട്ടിയത്. മറ്റുള്ളവർ പറഞ്ഞ് അറിയരുത് എന്ന കാര്യം പറഞ്ഞിരുന്നു. നേരിട്ട് പറയുമായിരുന്നു എല്ലാം. എന്തും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചത്'- ലളിത ഇങ്ങനെയായിരുന്നു വെളിപ്പെടുത്തിയത്.
സിനിമാ ഷൂട്ടിങ്ങിനിടെ താനും ജയഭാരതിയും ചേർന്ന് ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന്റെ പുരോഗതി ഒളിച്ചും മറഞ്ഞും നോക്കി നടന്നതിനെപ്പറ്റി പിന്നീട് കെപിഎസി ലളിത തന്നെ എഴുതിയിട്ടുണ്ട്. 'അസൂയയോ കുശുമ്പോ ഒന്നുമല്ല, ആകാംക്ഷമാത്രം'. എന്നാൽ ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം അധികകാലം നീണ്ടുനിന്നില്ല. 'രാജഹംസ'ത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഭരതനും ശ്രീവിദ്യയും പിണങ്ങി. അവർ വേർ പിരിഞ്ഞു.
ഭരതനും ലളിതയും തമ്മിൽ മുൻപേ മുതൽ നല്ല സൗഹൃദത്തിലായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാനൊക്കെ ഭരതൻ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ ആ സൗഹൃദത്തെ പ്രണയമായി പലരും തെറ്റിദ്ധരിച്ചു. ഒടുവിൽ 'രതിനിർവേദം' എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ അന്വേഷിച്ച് ഭരതൻ എത്തി. 'നമുക്കിത് സീരിയസായി എടുക്കാം' എന്നായിരുന്നു ഭരതൻ ലളിതയോട് പറഞ്ഞ പ്രണയത്തിന്റെ ആദ്യവാചകം. ലളിത സമ്മതം ചൊല്ലി. ഭരതന്റെ വീട്ടുകാർക്ക് എന്നാൽ ഈ ബന്ധത്തോട് യോജിപ്പില്ലായിരുന്നു. അങ്ങനെ വിവാഹം നീട്ടിവച്ചു.
1978 മെയ് 21ന് മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ലളിതയെ ഭരതൻ വിളിപ്പിച്ചു. ഭരതൻ, പത്മരാജൻ എന്നിവരുടെ കൂടിയാലോചനയിൽ വിവാഹ തീരുമാനം എടുത്തു. പിറ്റേന്നു തന്നെ വിവാഹം നടത്താനായിരുന്നു തീരുമാനം. രഹസ്യമായി കല്യാണം നടത്താൻ കന്യാകുമാരിയിലെ തക്കലയ്ക്കടുത്ത് കുമരൻകോവിൽ വിവാഹത്തിനായി തെരഞ്ഞെടുത്തു. ഷൂട്ടിംഗിനിടെയാണ് ലളിത വിവാഹത്തിനായി പോയത്. നികുഞ്ജം കൃഷ്ണൻനായരുടെ കാറിലായിരുന്നു യാത്ര. മുൻകൂട്ടി അപേക്ഷ നൽകാഞ്ഞതിനാൽ ക്ഷേത്രത്തിന് പുറത്തുവച്ചായിരുന്നു വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ രജിസ്ട്രാറെ രഹസ്യമായി വീട്ടിൽ വരുത്തി വിവാഹം രജിസ്റ്റർ ചെയ്തു.
വീട്ടിൽ വിവരം അറിയിക്കാനായി ഭരതൻ വീട്ടിലേക്ക് പോയി. അപ്പോഴേക്കും പക്ഷേ, പത്രങ്ങളിലെ വാർത്തയും ചിത്രവും കണ്ട് കുടുംബം ദേഷ്യത്തിലായിരുന്നു. ഭരതൻ പക്ഷേ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി. അങ്ങനെ കുടുംബത്തോടൊപ്പം വീണ്ടുമൊരു വിവാഹാഘോഷം ജൂൺ 2ന് ഗുരുവായൂരിൽ നടന്നു. ദൈവം ഒരു പ്രേക്ഷകനാണെങ്കിൽ എപ്പോഴും കരയുന്ന എന്നെയാണ് ആ ദൈവത്തിനിഷ്ടമെന്ന് ഒരിക്കൽ ലളിത പറഞ്ഞിരുന്നു. അത്രയും ഉള്ളിൽ തട്ടിയാണ് അവരത് പറഞ്ഞത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രാരാബ്ധങ്ങളും കടവും നിറഞ്ഞതായിരുന്നു.
നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി. മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേ രളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്. പിന്നീട് സിനിമയിൽ വന്നപ്പോൾ കെപിഎസി എന്നത് പേരിനോട് ചേർത്തു.