Latest News

'ബലി'യെന്ന നാടകം കെ.പി.എ.സിയിലെത്തിച്ചു; മഹേശ്വരിയെന്ന പേര് മാഞ്ഞ് കെ.പി.എ.സി ലളിതയായി; സിനിമയിലേക്ക് വഴി തുറന്നത് തോപ്പില്‍ഭാസിയുടെ 'കൂട്ടുകുടുംബം'; ജനപ്രിയ നടിയാക്കിയത് ഹാസ്യവേഷങ്ങളിലെ അസാധാരണ മികവ്; അഞ്ച് പതിറ്റാണ്ടിനിടെ വേഷം പകര്‍ന്നത് അറുനൂറോളം സിനിമകളില്‍

Malayalilife
 'ബലി'യെന്ന നാടകം കെ.പി.എ.സിയിലെത്തിച്ചു; മഹേശ്വരിയെന്ന പേര് മാഞ്ഞ് കെ.പി.എ.സി ലളിതയായി; സിനിമയിലേക്ക് വഴി തുറന്നത് തോപ്പില്‍ഭാസിയുടെ 'കൂട്ടുകുടുംബം'; ജനപ്രിയ നടിയാക്കിയത് ഹാസ്യവേഷങ്ങളിലെ അസാധാരണ മികവ്; അഞ്ച് പതിറ്റാണ്ടിനിടെ വേഷം പകര്‍ന്നത് അറുനൂറോളം സിനിമകളില്‍

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തന്‍ നായര്‍, അമ്മ ഭാര്‍ഗവിയമ്മ. നാലു സഹോദരങ്ങള്‍. ഫൊട്ടോഗ്രഫറായിരുന്നു അച്ഛന്‍. രാമപുരം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍, ചങ്ങനാശേരി വാര്യത്ത് സ്‌കൂള്‍, പുഴവാത് സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോല്‍സവങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നു. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങി.

ചെങ്ങന്നൂര്‍ അമ്ബലത്തില്‍ മാതാപിതാക്കള്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്ബിളിയില്‍ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം.

ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്‌എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി.

ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു.

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്‌വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്.

ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് ലളിത തീര്‍ക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാന്‍ സാധിക്കില്ലായിരുന്നു. സുകുമാരി ചെയ്തതില്‍നിന്ന് വ്യത്യസ്തമായി നാടന്‍ വേഷങ്ങളിലായിരുന്നു ലളിത കൂടുതലും പ്രത്യക്ഷപ്പെട്ടത്. കുശുമ്ബും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങള്‍, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങള്‍.

വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സിഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ നിറഞ്ഞാടി.

അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം- ഗോഡ്ഫാദര്‍-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.

1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെ.പി.എ.സി ലളിത ജീവിത പങ്കാളിയാക്കുന്നത്. സിനിമയില്‍ കലാസംവിധാനരംഗത്തായിരുന്നു ഭരതന്‍ ആദ്യം അരങ്ങേറ്റം കുറിച്ചത്. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങള്‍ ചില ഉദാരഹണങ്ങളാണ്. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച്‌ നാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ലളിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും സജീവമായി.

സിനിമയില്‍ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടന്‍ ഇന്നസെന്റിനായിരുന്നു. ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, കോട്ടയം കുഞ്ഞച്ചന്‍, മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പൊലീസും, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും സ്‌ക്രീനിലെ പ്രിയ താരജോടിയായി.

കാതലുക്ക് മര്യാദൈ, മണിരത്നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങള്‍. മാമനിതന്‍, ഒരുത്തി, പാരിസ് പയ്യന്‍സ്, ഡയറി മില്‍ക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവില്‍ വേഷമിട്ടത് സിപിഎമ്മിനോട് ചേര്‍ന്നായിരുന്നു ലളിതയുടെ രാഷ്ട്രീയ ജീവിതം.

ഭരതന്‍ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1975 (നീലപ്പൊന്മാന്‍), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ടെലിവിഷന്‍ പരമ്ബരകളിലും അഭിനിയിച്ചിട്ടുണ്ട്.

നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളില്‍ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കഥ തുടരും' എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്‌കാരം ലഭിച്ചു.

Read more topics: # Actress kpac lalitha,# cinema life
Actress kpac lalitha cinema life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക