മലയാള സിനിമ മേഖലയിൽ തന്റെതായ കൈയൊപ്പ് പതിപ്പിച്ച ഒരു താരമായിരുന്നു നടൻ സുകുമാരൻ. 1973ൽ പുറത്തിറങ്ങിയ നിര്മലയാളം എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് ചെറുതും വലതുമായി നിരവധി കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി എത്തിയത്. മലയാള സിനിമക്ക് നാല്പതുകളുടെ ഇടനാഴിയിൽ നഷ്‌ടമായ അഭിനേതാക്കളിൽ ഒരാളാണ് സുകുമാരൻ. താരം വിടവാങ്ങിയിട്ട് ഇന്ന് 24 വര്ഷം തികയുകയാണ്.
മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്ത് പരമേശ്വരൻ നായർ സുഭദ്രാമ്മ ദമ്പതികളുടെ മകനായി 1945 മാർച്ച് 18 നാണ് താരം ജനിച്ചത്. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് താരത്തിന് ഉള്ളത്. പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ സുകുമാരൻ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കാൻ ചേർന്നു. അവിടെനിന്ന് സ്വർണ്ണമെഡലോടെയാണ് അദ്ദേഹം പാസ്സായത്. തുടർന്ന് കാസർഗോഡ് ഗവർണ്മെന്റ് കോളേജ്, നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.
സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് 'നിർമ്മാല്യം' എന്ന ചിത്രത്തിൽ അഭിനയിയ്ക്കാൻ ക്ഷണം വന്നത്. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977-ൽ പുറത്തുവന്ന 'ശംഖുപുഷ്പം' ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു. 250-ഓളം സിനിമകളിൽ അഭിനയിച്ച താരത്തിന് ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. "കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ"ന്റെ മുൻ ചെയർമാൻഎം കൂടിയായിരുന്നു സുകുമാരൻ.
പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരനെ 1978 ഒക്ടോബർ 17-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് സുകുമാരൻ വിവാഹം കഴിച്ചു. ഇവർക്ക് ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ രണ്ട് ആണ്മക്കളാണുള്ളത്. മക്കൾ ഇരുവരും ഇന്ന് ചലച്ചിത്രനടന്മാരെന്ന നിലയിൽ പ്രശസ്തരാണ്.നടൻ രാമു സുകുമാരന്റെ കസിന് ആണ്.1997 ജൂൺ മാസത്തിൽ മൂന്നാറിൽ നിന്നും വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന അനുഭവപ്പെടുകയും ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു ചെയ്തത്. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം ജൂൺ 16ന് രാവിലെ വേറെ കുഴപ്പം ഒന്നും ഇല്ലാത്തതിനാൽ ഉച്ചകഴിഞ്ഞു നാട്ടിൽ പോകാൻ തയ്യാറാവുകയും അതിൽ സന്തോഷിച്ചു ഡോക്ടർ നേഴ്സ് ഇവർക്കൊക്കെ മധുരം നൽകുകയും ചെയ്തിരുന്നു. എന്നാൽ പെട്ടന്ന് തന്നെ വീണ്ടും ആരോഗ്യം വഷളാകുകയും 997 ജൂൺ 16-ന് തന്നെ ഈ ലോകത്തോട് വിടപറയുകയും ചെയ്തു. 49 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.