മലയാള സിനിമയിലെ പ്രഗത്ഭരായ താരങ്ങളിലൊരാളായ ജഗദീഷിന്റെ ഭാര്യയായ ഡോ. പി രമയുടെ അന്ത്യത്തിൽ ആദരാഞ്ജലികൾ നേരുകയാണ് മലയാളം സിനിമാ ലോകത്തെ പ്രമുഖർ. ഭർത്താവ് പ്രഗത്ഭനായ സിനിമാക്കാരൻ ആയിട്ടും അതിന്റെ യാതൊരു പ്രഭയും പിൻപറ്റാതെ ജീവിച്ച വ്യക്തിയാിയരുന്നു ഡോ. രമ. കേരളത്തിൽ മെഡിക്കൽ പ്രൊഫഷൻ തിരഞ്ഞെടുക്കുമ്പോൾ അധികമാരും കൈവെക്കാത്ത ഫോറൻസിക് സയൻസിലായിരുന്നു രമ കൈവെച്ചതും. ഡോക്ടർ രമ പി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയാണ് പ്രൊഫഷണൽ ജീവിതത്തിന് വിരാമം ഇട്ടതും.
താരപത്‌നിയായിട്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വ്യക്തി കൂടിയായിരുന്നു ഡോ രമ. രമ പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളായിരുന്നുവെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു. 'എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതിൽ നിന്ന് മുഖം തിരിഞ്ഞ് നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. എന്നായിരുന്നു മുൻപൊരിക്കൽ ജഗദീഷ് പറഞ്ഞിരുന്നത്.
രമ ഒരിക്കലും സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്‌പെഷ്യൽ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിൻസ് സമീപിച്ചാലും രമ തയ്യാറാവില്ല, അതിന്റെ കാരണവും ഇതാണ്. എന്നും ജഗദീഷ് നേരത്തേ ഭാര്യയെ കുറിച്ച് പറഞ്ഞിരുന്നു. അത്തരം ഫോട്ടോകൾ പോലും പുറത്ത് വരാത്തത് ഇക്കാരണം മൂലമാണെന്ന് ജഗദീഷ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും ജഗദീഷ് അടുത്തിടെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
സിനിമാ നടനായ പിതാവിന്റെ പാതയിൽ ആയിരുന്നില്ല ഇവരുടെ മക്കളായി രമ്യയും സൗമ്യയും പോയതും. അവർ തിരിഞ്ഞെടുത്തത് അമ്മയെ പോലെ മെഡിക്കൽ പ്രൊഫഷൻ ആയിരുന്നു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസിലെ നിർണായക റോൾ വഹിച്ചതും ഡോ. രമയായിരുന്നു. അഭയ കേസിലായിരുന്നു ഈ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയത്. 1992 മാർച്ച് 27 നാണ് ബി.സി.എം. കോളേജ് വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം മുപ്പതു വർഷത്തോളമെടുത്ത വിചാരണയ്ക്ക് ഒടുവിൽ 2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.
ഒരർത്ഥത്തിൽ കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റർ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് ഇന്ന് മരണപ്പെട്ട ഡോ. പി രമ.സാധാരണ ഒരു ഡോക്ടർ എന്നതിൽ കവിഞ്ഞ് മറ്റൊരു വിവരങ്ങളും രമയെ സംബന്ധിച്ച് കേസിന്റെ വിചാരണ വേളയിൽ പുറത്തു വന്നിരുന്നില്ല. നടൻ ജഗദീഷിന്റെ ഭാര്യയായിരുന്നു അവർ എന്നുള്ള വിവരം ചിലർക്ക് മാത്രം അറിയാവുന്ന വസ്തുതയായിരുന്നു. ഡോക്ടർ പ്രൊഫഷനുമായി ബന്ധപ്പെട്ട് അറിയപ്പെടാനായിരുന്നു അവർ ആഗ്രഹിച്ചത്.
പ്രസ്തുത കേസിൽ അന്വേഷണം നടക്കുന്ന സമയത്ത് കേസിലെ മൂന്നാം പ്രതി സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം ഓപ്പറേഷൻ നടത്തി തുന്നിചേർത്തത് തന്റെ പരിശോധനയിൽ തെളിഞ്ഞതായി ഡോ.രമ സിബിഐ ക്ക് മൊഴി നൽകിയിരുന്നു. രാജ്യത്ത് അപൂർവ്വമായി നടത്താറുള്ള ഹൈമനോപ്ലാസ്റ്റി എന്ന ഓപ്പറേഷൻ സ്റ്റെഫി നടത്തിയെന്നായിരുന്നു ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച ഡോ. രമയും ഡോ. ശ്രീകുമാരിയും കണ്ടെത്തിയത്. ഈ കേസിൽ നിർണായകമായ ഒരു സാക്ഷ്യമായിരുന്നു ഡോ: രമയുടെ ഭാഗത്തുനിന്നും അന്നുണ്ടായത്.
കേസിന്റെ അവസാന നാളുകളിൽ അസുഖബാധിതയായി കിടപ്പിലായിരുന്ന ഡോ: രമയ്ക്ക് എതിരെ പ്രതിഭാഗം രംഗത്തെത്തിയിരുന്നു. ശയ്യാവലംബിയായി കിടക്കയിൽ കഴിയുന്ന ഡോ. രമയെ മജിസ്ട്രേട്ട് ദീപാ മോഹൻ കമ്മിഷൻ വിസ്തരിക്കും മുമ്പ് അവർ മൊഴി നൽകാൻ പ്രാപ്തയാണോയെന്നറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി സ്റ്റെഫി ഹർജി സമർപ്പിച്ചിരുന്നു. പക്ഷേ ഈ ഹർജി കോടതി തള്ളുകയായിരുന്നു. ക്രിമിനൽ കോടതിക്ക് ഒരിക്കൽ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധന നടത്താനോ ഭേദഗതി വരുത്താനോ റദ്ദാക്കാനോ അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടു കൂടിയാണ് തിരുവനന്തപുരം സിബിഐ ജഡ്ജി സനിൽകുമാർ തള്ളിയത്.
സാക്ഷി മൊഴി നൽകാൻ പ്രാപ്തയല്ലെങ്കിൽ സാക്ഷിയുടെ വാസസ്ഥലത്ത് മൊഴിയെടുക്കാൻ ചെല്ലുന്ന മജിസ്ട്രേട്ട് കമ്മീഷൻ വിവരംകോടതിക്ക് റിപ്പോർട്ടായി സമർപ്പിച്ചോളുമെന്നും അക്കാര്യത്തിൽ പ്രതിക്ക് ആശങ്കയോ വേവലാതിയോ വേണ്ടെന്നും ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്ന് ഡോ. രമയുടെ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്. കേസിലെ നിർണ്ണായക ഘടകമായി മൊഴി മാറുകയും ചെയ്തിരുന്നു.