ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമായിരുന്ന താരമാണ് നടി സൗന്ദര്യ. വിമാനപകടത്തില്‍ സൗന്ദര്യ മരണപെട്ടിട്ട് ഇന്നേക്ക് 16 വര്‍ഷം പൂർത്തിയാക്കുകയാണ്. സൗന്ദര്യയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ ആര്‍.വി ഉദയകുമാറിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സൗന്ദര്യ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു, സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പോവുകയാണെന്ന് സംവിധായകനോട് സൗന്ദര്യ പറഞ്ഞ കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉദയകുമാര്‍ വെളിപ്പെടുത്തിയത്. ”നടി സൗന്ദര്യയെ ഞാനാണ് സിനിമയില്‍ കൊണ്ടു വന്നത്. പൊന്നുമണി എന്ന എന്റെ സിനിമയിലായിരുന്നു അത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ എന്നെ അങ്ങനെ വിളിക്കുന്നതില്‍ ഞാന്‍ അതൃപ്തനായിരുന്നു. മറ്റുള്ളവര്‍ക്ക് മുമ്പില്‍ എന്നെ സാര്‍ എന്നു വിളിച്ചാല്‍ മതിയെന്നു സൗന്ദര്യയോട് ഞാന്‍ പറയുമായിരുന്നു. എന്നാല്‍ അധികം വൈകാതെ ഞാനവരെ സഹോദരിയായി കണ്ടുതുടങ്ങുകയും അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു.”
”എന്നോട് പ്രത്യേക ആദരവും സ്നേഹവും അവര്‍ക്കുണ്ടായിരുന്നു. പൊന്നുമണിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് ഞാനവരെ റെക്കമന്‍ഡ് ചെയ്തത്. അതിനുശേഷം അവര്‍ വലിയ താരമായി മാറി. അന്നൊക്കെ ഓരോരോ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഞാന്‍ തന്നെയാണ് ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയും വരികയും ചെയ്തിരുന്നത്. സൗന്ദര്യ എന്നെ ഗൃഹപ്രവേശത്തിനും ക്ഷണിച്ചിരുന്നു. എനിക്കു പോകാനായില്ല. വിവാഹത്തിനും വിളിച്ചു. നിര്‍ഭാഗ്യവശാല്‍ അതിനും എനിക്കു പങ്കെടുക്കാനായില്ല. ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു.”
”ആ സിനിമ കഴിഞ്ഞ് അവര്‍ എന്നെ ഒരു ദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു- ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി ഞാന്‍ അഭിനയിക്കുന്നുണ്ടാവില്ല. രണ്ടുമാസം ഗര്‍ഭിണിയാണ്. അന്ന് എന്നോടും ഭാര്യയോടും അവര്‍ ഫോണില്‍ ഒരു മണിക്കൂറോളം സംസാരിച്ചു.അടുത്ത ദിവസം രാവിലെ 7.30ക്ക് ടിവി വച്ചപ്പോള്‍ അവര്‍ അപകടത്തില്‍ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയി. അവര്‍ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാരച്ചടങ്ങിനാണ് ഞാന്‍ പോകുന്നത്. ഞാന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ എന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. എനിക്ക് കരച്ചിലടക്കാനായില്ല” എന്നായിരുന്നു ഉദയകുമാറിന്റെ വാക്കുകള്‍.