കേരളം കണ്ട ഏറ്റവും വലിയ സമര നേതാവാണ് വിഎസ് അച്യുതാനന്ദന്‍. പുന്നപ്രയുടെ സ്വന്തം സന്തതി. എന്നാല്‍ പുന്നപ്രക്കാര്‍ക്ക് മാത്രം ആയിരുന്നില്ല അദ്ദേഹം എല്ലാമയിരുന്നത്. എല്ലാവര്‍ക്കും അദ്ദേഹം എല്ലാമായിരുന്നു. സാധരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ വീര സഖാവാണ് ഇന്ന് വിട്ട് പോകുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോഴും തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു പ്രാര്‍ത്ഥനയിലായിരുന്നു എല്ലാവരും. എന്നാല്‍ അതെല്ലാം വിഫലമായിരിക്കുകയാണ്. വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടലോടെയാണ് എല്ലാവരും ആ വാര്‍ത്ത കേട്ടത്. അദ്ദേഹത്തിന്റെ പൊതുദര്‍ശനത്തിന് നിരവധിയാളുകളാണ് സ്ഥലത്തേക്ക് എത്തിച്ചേരുന്നത്.
എന്റെ നേതാവെ ഞങ്ങള്‍ക്ക് സങ്കടമുണ്ടോ എന്ന് വിളിച്ച് പൊട്ടിക്കരയുകയാണ് അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ എത്തിയ ഒരു അമ്മ. നെഞ്ചില്‍ അടക്കി അടക്കി സങ്കടം ഉണ്ടേ എന്ന് പൊട്ടിക്കരയുകയാണ് അവര്‍. ഞങ്ങള്‍ ഇതുപോലൊരു നേതാവിനെ ഇനി ഒരിക്കലും കിട്ടില്ല. നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഇതേപോലൊരു മനുഷ്യനെ കിട്ടില്ല ഇനി. അദ്ദേഹം പാവമാണോ പാവം എന്ന് പറഞ്ഞ് വിങ്ങിപൊട്ടിക്കരുകയാണ് ആ 76 വയസ്സായ അമ്മ. ഡ്രെയിനേജിന്റെ പണ നടക്കുന്ന സമയത്ത് വീട്ടില്‍ വന്ന് കയറി ഇരുന്ന മനുഷ്യനാണ്. ഭര്‍ത്താവ് മരിച്ചപ്പോള്‍ വേറെ ഒരു വഴിയും ഇല്ലാതിരുന്ന സമയത്ത് ജോലി തന്നതാണ് ആ മനുഷ്യന്‍. ഭയങ്കര പാവമാണ് പാവം മനുഷ്യന്‍ എന്ന് ആ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനം തുടരുന്നു. പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ദര്‍ഹാര്‍ ഹാളിലേക്ക് എത്തുന്നു. ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വീട്ടില്‍നിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം സെക്രട്ടേറിയറ്റിലെത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അര്‍പ്പിച്ചു. വിഎസിനെ അവസാനമായി കാണാന്‍ ജനക്കൂട്ടം സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തി. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വിവിധ സ്ഥലങ്ങളില്‍ പൊതു ദര്‍ശനമുണ്ട്.
ഇന്നു രാത്രി ഒന്‍പതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. വിഎസിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ നഷ്ടമാണ്. കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ജ്വലിച്ച് നിന്ന സൂര്യനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഏറ്റവും പാവപ്പെട്ടവന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു സഖാവ് വിഎസ്. അനീതിക്കെതിരെ അദ്ദേഹം നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു.
ജന്മിമാരുടെ നാടുവാഴിത്തത്തിനു എതിരായി ശക്തമായ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സാധാരണ ജനങ്ങളുടെ ജീവിതം നിശ്ചിന്തമാകണമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം, അധികാരവ്യവസ്ഥയില്‍ പെട്ടവരുടെ അക്രമത്തിലും ചൂഷണത്തിലും കുടുങ്ങിയിരുന്ന തൊഴിലാളികള്‍ക്ക് വേണ്ടി ആവേശപൂര്‍ണമായി മുന്നോട്ടുവന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും അവരുടെ ശബ്ദം സമൂഹത്തില്‍ ഉയരുന്നതിന് പടവുകള്‍ ഒരുക്കാനും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. അതിനാല്‍ തന്നെ ആ കാലഘട്ടത്തില്‍ 'കണ്ണേ കരളേ വിഎസേ' എന്ന ജനവിളി മുഴുവന്‍ കേരളത്തിലുടനീളം കേള്‍ക്കപ്പെട്ടിരുന്നു. ജനങ്ങളുമായി എത്ര അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം എന്നതിന്റെ അതിശയിപ്പിക്കുന്ന ഉദാഹരണമാണ് ഈ വിളി. അദ്ദേഹം നേതൃത്വം നല്‍കിയ പണിമുടക്കുകളും പ്രക്ഷോഭങ്ങളും, സാമൂഹിക നീതിയുടെയും തൊഴിലാളി അവകാശങ്ങളുടെയും ചരിത്രത്തിലേക്ക് കടന്നുപോയ പോരാട്ടങ്ങളായിരുന്നു. ഒരുമിച്ച് നില്‍ക്കുന്നതിന്റെ ശക്തിയും സഹജീവിതത്തിനായുള്ള മുന്നേറ്റവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാന അടയാളങ്ങളായിരുന്നു.