സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധേയായ അവതാരകയാണ് വീണ മുകുന്ദന്‍.ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ അവതാരകയായി എത്തി അതിലൂടെ ശ്രദ്ധ നേടിയ വീണ സ്വന്തം ചാനല്‍ ആരംഭിച്ച് സെലിബ്രിറ്റി അഭിമുഖങ്ങള്‍ നടത്തിവരികയാണിപ്പോള്‍.
അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചു. എല്ലാ വിശേഷങ്ങളും തന്റെ ചാനല്‍ വഴി വീണ പങ്കിടാറുണ്ട്. അവതരണവും അഭിനയവും വ്ളോഗുമൊക്കെയായി സജീവമാണ് വീണ . തന്റെ ജീവിതത്തിലെ വേദനയേറിയ അനുഭവത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ കഴിഞ്ഞ ദിവസം വീണ പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്നെ വല്ലാതെ സങ്കടപ്പെടുത്തിയ ഒരു തരത്തില്‍ പ്രതിസന്ധിയിലാക്കിയ ഒരു രോഗാവസ്ഥയെ കുറിച്ച് മനസ്സു തുറക്കുകയാണ് വീണ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മൂന്നാഴ്ചയിലേറെ തന്നെ കഷ്ടപ്പെടുത്തിയ ഐലിഡ് എഡിമയെന്ന അവസ്ഥയെ കുറിച്ച് വീണ തുറന്നു പറഞ്ഞത്. ഒപ്പം ആ സമയത്തുള്ള തന്റെ ചിത്രങ്ങളും വീണ പങ്കുവച്ചിട്ടുണ്ട്.
''ഒരു ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ കണ്ണിനു ചുറ്റും വീക്കം കണ്ടു. ആദ്യമത്ര കാര്യമാക്കിയില്ല. ഒരു ഡോക്ടറെ കണ്ടപ്പോള്‍ പേടിക്കേണ്ടതില്ല, നാളേക്ക് ഓക്കെയാവുമെന്ന് പറഞ്ഞു മരുന്നു തന്നു. എന്നാല്‍ പിറ്റേദിവസത്തേക്ക് സംഭവം കൂടുതല്‍ വഷളാവുകയായിരുന്നു. അതോടെയാണ് ഒരു ഐ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പോയി വിദഗ്‌ധോപദേശം തേടിയത്.
റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയാണെന്ന് ഡോക്ടര്‍ പറഞ്ഞു. കണ്ണുനീര്‍ ഗ്രന്ഥിയില്‍ നീര്‍വീക്കം ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നതാണിത്. ചുരുങ്ങിയത് 10-20 ദിവസം കഴിയാതെ ഇതു മാറില്ലെന്നു ഡോക്ടര്‍ പറഞ്ഞതോടെ എനിക്കു ടെന്‍ഷനായി. ഒരുപാട് ഇന്റര്‍വ്യൂകളും പരിപാടികളുമൊക്കെ ആ സമയത്ത് പ്ലാന്‍ ചെയ്തിരുന്നു.
ആ സമയത്ത് എനിക്ക് കണ്ണാടി നോക്കാന്‍ പോലും പേടിയായിരുന്നു. എത്രകാലം ഇങ്ങനെയിരിക്കേണ്ടി വരുമെന്നോര്‍ത്തുള്ള ടെന്‍ഷന്‍ വേറെ. ഓരോന്നോര്‍ത്ത് കരയും. കരയുന്തോറും കണ്ണിന്റെ വീക്കം കൂടും. എന്റെ ആത്മവിശ്വാസമൊക്കെ സീറോയില്‍ നിന്നും താഴെ പോയി. ഒരു ദിവസം നോക്കിയപ്പോള്‍ ഒരു കണ്ണില്‍ നിന്നും മറ്റേ കണ്ണിലേക്കും പടര്‍ന്നു. അതോടെ ടെന്‍ഷന്‍ കൂടി.
ിന്നീട് വീക്കം കുറഞ്ഞുവന്നതോടെയാണ് പുറത്തിറങ്ങി തുടങ്ങിയത്. ആപ്പ് കൈസേ ഹോയുടെ പ്രമോഷനു പോയതും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമയിലെ താരങ്ങളുടെ ഇന്റര്‍വ്യൂ ചെയ്തതുമെല്ലാം ഇതേ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ്...'' വീണ പറയുന്നു.
വീണയുടെ വീഡിയോയ്ക്ക് താഴെ പലരും പ്രാര്‍ത്ഥനകളും ആശംസകളുമൊക്കെ കുറിക്കുന്നുണ്ട്. എല്ലാം മാറിയല്ലോ, പഴയതു പോലെ ആയല്ലോ, സന്തോഷം എന്നതടക്കമാണ് പലരുടെയും കമന്റുകള്‍. ഈ അസുഖം തങ്ങള്‍ക്കും വന്നിട്ടുണ്ടെന്നും ദുര്‍ബലത പങ്കുവെച്ചതിനും വ്യക്തിപരമായ യാത്ര പങ്കിടാനുള്ള ധൈര്യത്തിനും വീണയ്ക്ക് നന്ദി കുറിക്കുന്നവരുമുണ്ട്.