എട്ട് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പായി നിന്നുകൊണ്ടായിരുന്നു കോള്‍ സെന്റര്‍ ടാസ്‌ക്. ഒരു ടീം കോള്‍ സെന്റര്‍ ജീവനക്കാരായി മാറുമ്പോള്‍ മറുവശത്തുള്ളവര്‍ ഉപഭോക്താക്കളായി നിന്ന് ഫോണ്‍ വിളിക്കണം. കോള്‍ സെന്ററില്‍ ഉള്ളവരെ എത്രമാത്രം ഉപഭോക്താക്കളുടെ ടീമിന് പ്രകോപിപ്പിക്കാനാകും എന്നതിനെ ആശ്രയിച്ചാണ് ടാസ്‌കിലെ പോയിന്റുകള്‍ നിര്‍ണ്ണയിക്കപ്പെടുക. ഓരോ ഫോണ്‍കോളിലും ഓരോ പോയിന്റ് എന്ന നിലയിലാണ് കളി പുരോഗമിക്കുക. ഫോണ്‍ എടുക്കാന്‍ വിസ്സമ്മതിച്ചാലോ സംസാരത്തിനിടയില്‍ കോള്‍ കട്ട് ചെയ്താലോ ഉപഭോക്താക്കളുടെ ടീമിന് നേട്ടമാകും.
കോള്‍ സെന്ററിലേക്ക് വിളിച്ച് പലരും കടന്നാക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഊഴം രജിത്തിന്റേതായിരുന്നു രേഷ്മയെയാണ് രജിത്ത് വിളിച്ചത്. പ്രദീപും രേഷ്മയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ ചോദ്യം ചെയ്യുകയായിരുന്നു രജിത്ത്. രഘുവിനൊപ്പം രേഷ്മ പുകവലിച്ചതടക്കമുള്ള വീടിനുള്ളിലെ രഹസ്യങ്ങള്‍ രജിത് രേഷ്മയ്‌ക്കെതിരെ തൊടുത്തു എന്നാല്‍ 'പരസ്യമായി ഷഡ്ഡി മാറുന്നത്ര നാണംകെട്ട പരിപാടിയല്ല പുകവലി എന്ന് രേഷ്മ തിരച്ചടിച്ചു. കടുത്ത വാദപ്രതിവാദങ്ങള്‍ അരങ്ങേറിയെങ്കിലും കോള്‍ സെന്റര്‍ ജീവനക്കാരി ഉപഭോക്താവിനോട് പരിധിവിട്ട് ദേഷ്യപ്പെട്ടെന്ന് പറഞ്ഞ് ടീം എയ്ക്കാണ് ബിഗ്‌ബോസ് ഒരു പോയിന്റെ നല്‍കിയത്.
ഫുക്രുവാണ് രണ്ടാമത് എത്തിയത്. വീണയെയാണ് ഫുക്രു വിളിച്ചത്. നേരിട്ട് പറയാന്‍ കഴിയാത്തതൊക്കെ ടാസ്‌കിലൂടെ പറഞ്ഞ് തീര്‍ക്കുന്നത് പോലെയായിരുന്നു ഫുക്രുവിന്റെ പ്രകടനം. വീണ ഹൗസിനുള്ളില്‍ അഭിനയിക്കുകയാണെന്നാണ് ഫുക്രു വീണയോട് ഫോണില്‍ പറഞ്ഞത്. നേരിട്ട് ചോദിക്കാന്‍ മടിയുള്ള കാര്യങ്ങളാണ് ഈ ഗെയിമിലൂടെ ചോദിക്കുന്നതെന്നും തന്നോടുതന്ന കാണിച്ചിട്ടുള്ള സ്‌നേഹം ഗെയിമിനുവേണ്ടിയാണെന്ന് തോന്നിയിട്ടുണ്ടെന്നുമൊക്ക ഫുക്രു പറഞ്ഞു. വീണയുടെ പ്രതികരണമുള്‍പ്പെടെ പലതും അഭിനയമായാണ് തോന്നിയതെന്നും അമ്പുച്ചന്‍, കണ്ണേട്ടന്‍ എന്നൊക്കെ ഹൗസില്‍ ഇടയ്ക്കിടെ മകനെയും ഭര്‍ത്താവിന്റെയും കാര്യം പറയുന്നതും ഗെയിമിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്നും ഫുക്രു പറഞ്ഞു. മകനെ ഇത്രയധികം മിസ് ചെയ്യുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ബിഗ് ബോസിലേക്ക് വന്നതെന്നും ഫുക്രു ചോദിച്ചു. ഇക്കാര്യങ്ങളൊക്കെ പറയാന്‍ വേണ്ടിയാണ് ഗെയിമിലൂടെ വിളിച്ചതെന്നും മത്സരം നേര്‍ക്കുനേരെ കളിക്കണമെന്നുമൊക്കെ ഫുക്രു പറഞ്ഞു. എന്നാല്‍ വീണ മാന്യമായി ഫുക്രുവിനോട് സംസാരിച്ചു. എന്നാല്‍ ഫോണ്‍കട്ട് ചെയ്തിന് പിന്നാല ഗൈയിം അവസാനിച്ചതോടെ വീണ കരയുകയും ഫുക്രുവുമായി വഴക്കിടുകയുമായിരുന്നു.
വീട്ടിലിരിക്കുന്നവരെ പറഞ്ഞല്ല ടാസ്‌ക് ജയിക്കേണ്ടത് എന്നാരോപിച്ച വീണ ഫുക്രുവിനോട് താന്‍ കാണിച്ച സ്‌നേഹത്തിന്റെ ഫലമായിരുന്നു അതെന്ന് സ്വയം കുറ്റപ്പെടുത്തി. എന്നാല്‍ ഗെയിമിനെ ഗെയിമായി കാണണം എന്നായിരുന്നു ഫുക്രുവിന്റെ വാദം. ഇത് വീടിനുള്ളില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിതുറന്നു. ഫുക്രുവിനെ പിന്തുണച്ചെത്തിയ ഉറ്റസുഹൃത്തായ ആര്യയോട് തുടര്‍ന്ന് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് വീണ പ്രഖ്യാപിച്ചു. നിന്റെ കൊച്ചിനെ പറ്റിയോ വീട്ടുകാരെ പറ്റിയോ പറഞ്ഞാല്‍ നീ സഹിക്കുമോ എന്നാണ് വീണ ചോദിച്ചത്. എന്നാല്‍ താന്‍ അത് ഗെയിം സ്പിരിറ്റിലേ എടുക്കൂ എന്ന് ആര്യ പ്രതികരിച്ചു. എന്നാല്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ ആഗ്രഹിച്ച കാര്യം നടന്നു എന്നും ആര്യ പറഞ്ഞു. കോള്‍ സെന്റര്‍ ടാസ്‌ക് ഉറ്റചങ്ങാതിമാരായ വീണയെയും ആര്യയെയും രണ്ട് വഴിക്കാക്കുമോ എന്നത് വരും എപ്പിസോഡുകളില്‍ കണ്ടറിയാം. പക്ഷെ ഗെയിമില്‍ തുടരണ്ടെന്നും തനിക്ക് ഈ ആഴ്ച തന്നെ വീട്ടിലേക്ക് മടങ്ങണമെന്നുമാണ് വീണയുടെ ആവശ്യം. ബിഗ് ബോസ് കളിക്കാന്‍ വേണ്ടത്ര മാനസിക ബലം തനിക്കില്ലെന്നും തന്നെ പറഞ്ഞയക്കണമെന്നും ക്യാമറ നോക്കി വീണ പറയുന്നുണ്ട്.