ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വെബ് സീരീസാണ് കരിക്ക്. അതുകൊണ്ട് തന്നെ മികച്ച സ്വീകരണമാണ് കരിക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ തവണയും രസകരമായ സംഭവങ്ങളുമായാണ് ഇവരെത്താറുള്ളത്. സീരീസിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. ഏറ്റവും പുതിയതായി ജിം ബോയ്സ് എപ്പിസോഡുമായാണ് ടീം എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ തരംഗമായി മാറിക്കഴിഞ്ഞു. മസില് പെരുപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇത്തവണത്തെ എപ്പിസോഡിലുള്ളത്. നിസാരം, നമ്മളെക്കൊണ്ട് പറ്റുമെന്ന് പറഞ്ഞായിരുന്നു ഓരോരുത്തരുടെയും ജിമ്മിലെ ലീലാവിലാസം.
ഓരോ എപ്പിസോഡും കുറച്ച് സമയമെടുത്താണ് പുറത്ത് വരുന്നതെങ്കിലും പുതിയ എപ്പിസോഡിനായി അക്ഷമയോടെയാണ് കരിക്കിന്റെ ആരാധകര്‍ കാത്തിരിക്കാറുള്ളത്. കാരണം മറ്റൊരു സീരീസിനും കിട്ടാത്ത തരത്തിലുള്ള സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അജു വര്‍ഗീസ്, രജിഷ വിജയന് തുടങ്ങിയവരായിരുന്നു നേരത്തെ കരിക്കിനൊപ്പമെത്തിയത്. എന്നാല്‍ ഇത്തവണ ടൊവിനോ തോമസാണ് ഇവര്‍ക്കൊപ്പം പുതിയ എപ്പിസോഡില്‍ എത്തിയിരിക്കുന്നത്. പുതിയ എപ്പിസോഡില്‍ അവസാനമായി അഭിനയിച്ച സിനിമ കല്‍ക്കിയാണെന്ന് താരം പറഞ്ഞപ്പോള്‍ അത് കലക്കിയെന്ന് ഞങ്ങളല്ലേ പറയേണ്ടതെന്നായിരുന്നു ചോദ്യം.
ഇതിനിടയില്‍ മസില് ഇഞ്ചക്ഷന് വെച്ച് പെരുപ്പിച്ചതാണോയെന്ന് ചോദിച്ചപ്പോള്‍ അതേ, ദിവസം മൂന്ന് നേരം ഇഞ്ചക്ഷനെടുക്കുമെന്നും ഇത് നാട്ടുകാരെ പറ്റിക്കാന്‍ വേണ്ടി വര്‍ക്കൗട്ട് ചെയ്യുന്നതാണെന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ഫീസ് കൊടുക്കാത്തതിനെത്തുടര്‍ന്ന് ഇന്‍സ്ട്രക്ടര്‍ ശകാരിച്ചതിനെത്തുടര്ന്ന്് പുതിയ പദ്ധതിയുമായും ഇവരെത്തുന്നുണ്ട്. ഫീസ് കൊടുക്കാതെ വര്‍ക്കൗട്ട് ചെയ്യാനുള്ള പദ്ധതിയുമായാണ് പിന്നീട് ഇവരെത്തിയത്. എന്തായാലും കരിക്കിന്റെ പുതിയ എപ്പിസോഡ് യൂട്യൂബില്‍ ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുകയാണ്.