കുറത്തമുത്തിലെ ബാലമോളായി പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ ബാലതാരമാണ് അക്ഷരകിഷോര്‍. അക്ഷര കറുത്തമുത്തിലേക്ക് എത്തിയതിന് പിന്നാലെ സീരിയലിന്റെ റേറ്റിങ്ങ് കുതിച്ചുയര്‍ന്നിരുന്നു. 2015 മുതല്‍ 2017 വരെ ബാലമോളായി തകര്‍ത്തഭിനയിച്ച അക്ഷര ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം സ്വാമി അയ്യപ്പനില്‍ മല്ലിയായി എത്തിയാണ് കാണികളുടെ മനം കവര്‍ന്നിരിക്കുന്നത്. അക്ഷരയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.
കണ്ണൂര്‍ സ്വദേശിനിയാണ് അക്ഷര എങ്കിലും സകുടുംബം ഇപ്പോള്‍ അക്ഷര എറണാകുളത്താണ് താമസിക്കുന്നത്. ആര്‍കിടെക് കിഷോര്‍ കുമാറിന്റെയും ബാങ്ക് ഉദ്യോഗസ്ഥ ഹേമപ്രഭയുടെയും മകളായ അക്ഷരയ്ക്ക് അഖില എന്ന ഒരു ചേച്ചികൂടിയുണ്ട്. 2014 ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് വരുന്നത്. നിരവധി പരസ്യചിത്രങ്ങളിലും അക്ഷര വേഷമിട്ടു. പിന്നീടാണ് അക്ഷരയ്ക്ക് ബാലമോളാകാന്‍ അവസരം കിട്ടിയത്.
ആറാം വയസില്‍ കറുത്തമുത്തിലെത്തിയ അക്ഷര സ്വാഭാവിക അഭിനയശൈലിയും നിഷ്‌കളങ്കതയും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ബാലമോളെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കി. പിന്നീട് അക്ഷരയെ തേടി നിരവധി സിനിമാഅവസരങ്ങള്‍ ലഭിച്ചു. കനല്‍, വേട്ട, ആടുപുലിയാട്ടം, ഡാര്‍വിന്റെ പരിണാമം തുടങ്ങി പതിനെട്ടോളം ചിത്രങ്ങളില്‍ തന്റെ പത്ത് വയസ്സിനുള്ളില്‍ അക്ഷര അഭിനയിച്ചു. സിനിമയില്‍ സജീവമായ അക്ഷരയെ പിന്നീട് മിനിസ്‌ക്രീനില്‍ അധികം കണ്ടിരുന്നില്ല. ഇപ്പോള്‍ സ്വാമി അയ്യപ്പന്‍ സീരിയലില്‍ അയ്യപ്പന്റെ സുഹൃത്തായ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അക്ഷര വീണ്ടും മിനിസ്‌ക്രീനിലേക്ക് എത്തിയിരിക്കുന്നത്. മല്ലിയുടെ കഥ പറഞ്ഞുതുടങ്ങിയതോടെ സീരിയലിന്റെ റേറ്റിങ്ങും ഉയര്‍ന്നിരിക്കയാണ്.
രണ്ടായിരത്തി എട്ടിലെ വിജയദശമി ദിനത്തില്‍ കണ്ണൂരാണ് അക്ഷര ജനിച്ചത്. അതുകൊണ്ടാണ് അക്ഷര എന്ന് പേര് മാതാപിതാക്കള്‍ കുട്ടിക്ക് നല്‍കിയത്. കലാപരമായി പ്രശസ്തി നേടുമെന്ന് അന്നേ ജ്യോതിഷി പറഞ്ഞിരുന്നെന്ന് അക്ഷരയുടെ അമ്മ ഹേമ പറയുന്നു. അക്ഷര എന്നാണ് പേരെങ്കിലുംം വീട്ടിലും സെറ്റിലും അക്ഷരയുടെ ഓമനപ്പേര് ചക്കരയെന്നാണ്. സീരിയലിലെ പോലെ അത്ര പാവമൊന്നുമല്ല അക്ഷരയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ഒരു കൊച്ചു കുറുമ്പിയാണ് ചക്കര, കൊച്ചിയിലെ ഭവന്‍സിലാണ് അക്ഷര പഠിക്കുന്നത്.
അഭിനയം മാത്രമല്ല ക്ലാസിക്കല്‍ നൃത്തത്തിലും പാട്ടിലുമെല്ലാം കുട്ടിത്താരം ഒരു കൈ നോക്കിയിട്ടുണ്ട്. ബാലമോളായി എത്തിയപ്പോള്‍ പോലും സ്വന്തമായിട്ടാണ് അക്ഷര ഡബ് ചെയ്തത്. ഷൂട്ടിങ്ങിനായി അതിരാവിലെ ഉണരാനും പാതിരാത്രി വരെ ഉണര്‍ന്നിരിക്കാനും അക്ഷര റെഡിയാണ്. അഭിനയം ഏറെ ഇഷ്ടമാണെങ്കിലും വലിയ സിനിമാനടിയാവണം എന്ന ആഗ്രഹമൊന്നും അക്ഷരയ്ക്കില്ല.
കറുത്ത മുത്തിലെ ബാലചന്ദ്രന്‍ ഡോക്ടറെ പോലെ ഡോക്ടര്‍ ആകണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. അതും കുട്ടികളെ നോക്കുന്ന പീഡിയാട്രീഷന്‍ തന്നെയാകണമെന്നും അക്ഷരയ്ക്ക് മോഹമുണ്ട്. സ്വാമി അയ്യപ്പനില്‍ ചെറിയ പ്രായത്തിനുള്ളില്‍ മല്ലി അനുഭവിക്കുന്ന വേദനകള്‍ പലപ്പോഴും വീട്ടമ്മമാരെ കരയിപ്പിക്കാറുണ്ട്. മല്ലിക്ക് നിരവധി ഫാന്‍സാണ് സോഷ്യല്‍മീഡിയയില്‍ ഉള്ളത്.