മൗനരാഗം എന്ന സീരിയലിനെ കുറിച്ച് അറിയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന സീരിയല്‍ ആയിരം എപ്പിസോഡുകള്‍ പിന്നിട്ടു. നായികയായി അഭിനയിക്കുന്ന കല്യാണി ഇന്ന് കേരളത്തിന്റെ സ്വന്തം ദത്തുപുത്രിയാണ്. കല്യാണി മിണ്ടി തുടങ്ങിയതാണ് സീരിയലിലെ ഏറ്റവും പുതിയ വിശേഷം. സീരിയലില്‍ മൗനിയായി അഭിനയിക്കുന്നത് കൊണ്ടു തന്നെ ഇക്കാലം വരെയും ഒരു ക്യാമറയ്ക്ക് മുന്നിലും ഐശ്വര്യ റാംസായി സംസാരിച്ചിരുന്നില്ല. കഥാപാത്രം മിണ്ടി തുടങ്ങിയതോടെ കല്യാണിയായി എത്തുന്ന ഐശ്വര്യ തന്റെ യഥാര്‍ത്ഥ ജീവിതവും പറയുകയാണ്.
തമിഴ്നാട്ടിലെ കൈരയ്ക്കുടി എന്ന നാട്ടുകാരിയാണ് ഐശ്വര്യ. വീട്ടില്‍ അച്ഛനും അമ്മയും രണ്ടു ചേച്ചിമാരുമാണ് ഐശ്വര്യയ്ക്കുള്ളത്. സീരിയലിലെ പോലെ തന്നെ വീട്ടിലെ ഇളയ മകളാണ് ഐശ്വര്യ. എന്നാല്‍ വീട്ടുകാരുടെ സ്നേഹം മുഴുവന്‍ ഏറ്റുവാങ്ങിയാണ് വളരുന്നത് എന്നു മാത്രം. ചേച്ചിമാരാണ് ആദ്യം തമിഴ് സീരിയലുകളില്‍ അഭിനയിച്ചത്. അവരുടെ പാത പിന്തുടര്‍ന്നാണ് ഐശ്വര്യയും സീരിയല്‍ രംഗത്തേക്ക് എത്തിയത്. എന്നാല്‍ സീരിയല്‍ രംഗത്തേക്ക് വരും മുന്നേയുള്ള ഐശ്വര്യയുടെ ജീവിതം ഏറെ സങ്കടങ്ങള്‍ നിറഞ്ഞതായിരുന്നു. കുട്ടിക്കാലം മറ്റു കുട്ടികളെ പോലെ ഓടിച്ചാടി കളിച്ച് രസിക്കവേയാണ് പെട്ടെന്ന് കാലിന് ഒരു സര്‍ജ്ജറി വേണ്ടി വന്നത്. പിന്നെ ഒന്നിനും കഴിയാത്ത അവസ്ഥയായിരുന്നു. രണ്ടു വര്‍ഷത്തോളം വിശ്രമത്തിലായിരുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ.
പതിയെ നടന്നു തുടങ്ങിയപ്പോഴാണ് സീരിയലുകളിലേക്ക് അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. അങ്ങനെയാണ് പതിനാലാം വയസില്‍ സീരിയലിലേക്ക് ചുവടു വച്ചത്. എന്നാല്‍ അതോടെ സ്‌കൂളില്‍ പോകാന്‍ കഴിയാതായി. പതുക്കെ വീട്ടുകാര്‍ സ്‌കൂളില്‍ സംസാരിച്ച് ഹോം സ്‌കൂളിംഗ് ഏര്‍പ്പാടാക്കി. അങ്ങനെ സീരിയല്‍ കഴിഞ്ഞ് വരുന്ന ഇടവേളകളിലെല്ലാം വീട്ടിലിരുന്ന് പഠിക്കും. പരീക്ഷ എഴുതും. അങ്ങനെയാണ് പ്ലസ് ടു വരെ പഠിച്ചത്. അതിനു ശേഷമാണ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് ഏറെ ഇഷ്ടത്തോടെ ചേര്‍ന്നത്. തമിഴ് സീരിയല്‍ അവസാനിച്ച് രണ്ടു മാസത്തെ ഗ്യാപ് കിട്ടിയപ്പോഴാണ് കോഴ്സിനു ചേര്‍ന്നത്. അതിനു ക്ലാസില്‍ പോവുകയും പ്രാക്ടിക്കലുകള്‍ ചെയ്യുകയും ഒക്കെ വേണം.
എന്നാല്‍ അതേ കാലയളവിലാണ് മൗനരാഗത്തിലേക്ക് അവസരം ലഭിച്ചത്. മലയാളം അറിയില്ലായെന്നു പറഞ്ഞപ്പോഴാണ് സംസാരിക്കേണ്ട ഊമയാണ് എന്ന് പറഞ്ഞത്. അങ്ങനെ സൈന്‍ ചെയ്തു. ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആയതിനാല്‍ തന്നെ പഠനം മുന്നോട്ടു കൊണ്ടുപോവുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് മൗനരാഗത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് ഐശ്വര്യയുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. കേരളത്തിലെ ഏതു കൊച്ചുകുട്ടിയ്ക്കും മൗനരാഗത്തിലെ കല്യാണിയെ അറിയാം. ഇപ്പോള്‍ അഞ്ചു വര്‍ഷമായി തിരുവനന്തപുരത്തുണ്ട്. ഈ നഗരവും കേരളവുമായി വളരെയധികം അറ്റാച്ച്മെന്റും ഉണ്ട്. സീരിയല്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോഴെല്ലാം കേരളത്തെ മിസ്സ് ചെയ്യുന്നുമുണ്ട്.
ഈ സീരിയല്‍ അഞ്ച് വര്‍ഷം ചെയ്യും എന്നും, അതില്‍ ആയിരം എപ്പിസോഡില്‍ മെയിന്‍ റോളില്‍ തന്നെ തുടരും എന്നൊന്നും ഐശ്വര്യ ഒരിക്കലും പ്രതീക്ഷിച്ചതല്ല. പക്ഷെ അത് സംഭവിച്ചു. അതില്‍ ഏറ്റവും കുടുതല്‍ നന്ദി പറയുന്നത് മലയാളി പ്രേക്ഷകരോടു തന്നെയാണ്. പക്ഷെ, ഇക്കാലമത്രയും പൊതുസ്ഥലത്ത് എത്തിയാല്‍ പോലും സംസാരിക്കാതെ ഇരുന്നതിന്റെ ബുദ്ധിമുട്ടും ഐശ്വര്യ നേരിട്ടിരുന്നു. ഇക്കാലം വരെയും ഒരു അഭിമുഖത്തിലോ, സ്റ്റേജിലോ പൊതു ചടങ്ങുകളിലോ ഒന്നും സംസാരിച്ചിട്ടില്ല. പുറത്ത് വച്ച് ആള്‍ക്കാരെ കണ്ടാല്‍ മിണ്ടും, പക്ഷെ ആരെങ്കിലും ക്യാമറ ഓണ്‍ ചെയ്താല്‍ അപ്പോള്‍ സംസാരം നിര്‍ത്തും. അതുകൊണ്ടു തന്നെ അഹങ്കാരിയാണ്, ജാഡക്കാരിയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ ജോലിക്ക് വേണ്ടിയല്ലേ എന്നോര്‍ത്ത് സമാധാനിക്കുകയാണ് ഐശ്വര്യ.