അല്‍ഫോണ്‍സാമ്മയായി എത്തിയ മലയാളികളുടെ പ്രിയ നടി അശ്വതിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല. പ്രസില്ല ജെറിന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ സമാധാനത്തിന്റെ പ്രതീകമായി എത്തിയ അശ്വതിയെ പിന്നീട് പ്രേക്ഷകര്‍ കണ്ടത് കുങ്കുമപ്പൂവിലെ കൊടും വില്ലത്തിയായിട്ടാണ്. കുങ്കുമപ്പുവിലെ വില്ലത്തിയായ അമല എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലുസീരിയലുകളില്‍ മാത്രമാണ് താരം അഭിനയിച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയും ചെയ്ത അശ്വതിയുടെ മടങ്ങി വരവ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. യുഎഇയില്‍ കുടുംബത്തിനൊപ്പം ബിസിനസ്സുമായി കഴിയുകയായിരുന്ന താരം. അശ്വതിയുടെ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ചുള്ളതാണ് താരത്തിന്റെ പോസ്റ്റ്.
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് വീട്ടില്‍ ടീവിയില്‍ ഇരുന്നു കണ്ടിരുന്ന സമയത്തു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഭാവിയില്‍ എനിക്കും അതില്‍ ഒരു അവാര്‍ഡ് കിട്ടുമെന്നോ, ആ സ്റ്റേജില്‍ കയറി നില്‍ക്കാന്‍ സാധിക്കുമെന്നോ.
എല്ലാരും പറയും ഇതൊക്കെ നേരത്തെ അറിഞ്ഞിട്ടു പോയി ഇരിക്കുന്നതാണെന്ന്. എന്നാല്‍ ഞാന്‍ പറയട്ടെ ഒരിക്കലും അറിഞ്ഞിട്ടില്ല നേരത്തെക്കൂട്ടി നമ്മക്ക് അവാര്‍ഡ് ഉണ്ട് എന്നു.. അവിടെ ചെന്നിരുന്നു അവാര്‍ഡ് അനൗണ്‍സ് ചെയ്തപ്പോള്‍ കിളിപോയി ഇരുന്ന എന്നെ പിടിച്ചെണീപ്പിച്ചു സ്റ്റേജിലേക്ക് വിട്ടത് എന്റെ അച്ചായന്‍ ആരുന്നു.
ടി വിയില്‍ മാത്രം കണ്ടിട്ടുള്ള ആ വേദിയില്‍ വാക്കുകള്‍ കിട്ടാതെ നിന്നത് ഏകദേശം 20 മിനിറ്റോളം. കലാശാല ബാബു എന്ന വലിയൊരു നടന്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്നു അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യം.
പിറ്റേ വര്‍ഷവും ഇതേ അവാര്‍ഡ് ഒരിക്കല്‍ കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നുള്ളതും ഒരു ഭാഗ്യമായി ഓര്‍ക്കുന്നു. കുങ്കുമപ്പൂവ് ടീമിനും, ഏഷ്യാനെറ്റിനും നന്ദി. പിന്നെ എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്കും അതിലേറെ ഫേസ്ബുക്കിനും നന്ദി ഈ വിലപ്പെട്ട മെമ്മറി എനിക്ക് സമ്മാനിച്ചതിന്.