കൊച്ചി: കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് താരം വീട്ടിലെത്തിയത്. അമൃത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മഹേഷ് കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് എത്തിയത്. മുഖത്തിന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം ഇപ്പോള്‍ വിശ്രമത്തിലാണ്. വൈകാതെ കലാവേദിയിലേക്ക് തിരിച്ചെത്തുമെന്ന് മഹേഷ് പറയുന്നു.
അപകടത്തില്‍ മഹേഷിന്റെ മുഖത്തും പല്ലിനും ഗുരുതരമായി പരുക്കേറ്റു. മിന്‍നിരയിലെ അടക്കം പല്ലുകള്‍ നഷ്ടപ്പെട്ടു. മൂക്കിന് വളവ് വന്നതോടെ ശബ്ദത്തിന് ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. താടിയെല്ലിനും പല്ലുകള്‍ക്കുമുള്ള ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. മൂക്കിന്റെ വളവ് ശരിയാക്കുന്നതോടെ പഴയ രീതിയിലേക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിന് ശേഷം ആദ്യമായാണ് മഹേഷ് കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മഹേഷ് നന്ദി അറിയിച്ചു.
എല്ലാവര്‍ക്കും അറിയാം മിമിക്രി ആണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്. നിങ്ങള്‍ ആരും വിഷമിക്കണ്ട പഴയതിനേക്കാള്‍ അടിപൊളി ആയി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം.- മഹേഷ് പറഞ്ഞു.
അപകടം നടക്കുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നു എന്നാണ് മഹേഷ് പറയുന്നത്. ആംബുലന്‍സില്‍ വച്ചാണ് ബോധം വന്നത്. അപ്പോള്‍ മുതല്‍ കൂടെയുണ്ടായിരുന്നു ബിനു അടിമാലിയേയും കൊല്ലം സുധിയേയും താന്‍ അന്വേഷിക്കുകയായിരുന്നെന്നും മഹേഷ് പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ സംസാരിക്കുന്നതില്‍ നിന്നാണ് സുധിച്ചേട്ടന്‍ മരിച്ച വിവരം താന്‍ അറിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഒന്‍പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.